Connect with us

Kerala

മുകേഷിനെതിരെ ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതം; സുരേഷ് ഗോപി വീണ്ടും വെട്ടില്‍

Published

|

Last Updated

കൊല്ലം: സംസ്ഥാനത്തെ വാഹനനികുതി ഒഴിവാക്കാന്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌തെന്ന ആരോപണത്തില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ അടിസ്ഥാന രഹിത മറുപടി നല്‍കിയ നടനും ബി ജെ പി എം പി യുമായ സുരേഷ് ഗോപി വീണ്ടും വെട്ടിലായി. നടനും എല്‍ ഡി എഫ് കൊല്ലം എം എല്‍ എ യുമായ എം മുകേഷിനെതിരെ ഉന്നയിച്ച ആരോപണമാണ് സുരേഷ് ഗോപിയേയും ബി ജെ പിയേയും തിരിഞ്ഞ് കൊത്തിയത്.
നികുതി തട്ടാനാണ് തന്റെ ആഢംബര കാര്‍ പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തതെന്ന ആരോപണങ്ങളോട് പ്രതികരണമാരാഞ്ഞപ്പോള്‍ വിമര്‍ശകര്‍ അവരുടെ എംഎല്‍എയായ മുകേഷിന്റെ കാര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എവിടെയാണെന്ന് പരിശോധിക്കണമെന്നായിരുന്നു സുരേഷ് ഗോപി എം പി യുടെ പരിഹാസരൂപത്തിലുള്ള മറുപടി. എന്നാല്‍ സുരേഷ് ഗോപി ചൂണ്ടിക്കാണിച്ച മുകേഷ് എം എല്‍ എ യുടെ കെ എല്‍ 39 ജി 4099 എന്ന നമ്പറിലുള്ള ഓഡി കാറിന്റെ റജിസ്‌ട്രേഷന്‍ പരിശോധിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലാണ് റജിസ്‌ട്രേഷന്‍ നടത്തിയിരിക്കുന്നതെന്നും 74,4777 രൂപ നികുതിയിനത്തില്‍ അടച്ചതായും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും തെളിവുകള്‍ സഹിതം ചൂണ്ടികാണിക്കുകയായിരുന്നു.
സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ റജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ആര്‍ക്കും പരിശോധിച്ച് മനസ്സിലാക്കാമെന്നിരിക്കെയാണ് ഒരു എം പി യായ നടന്‍ സുരേഷ് ഗോപി ഇത്തരം മണ്ടത്തരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ച് പറഞ്ഞത്. തന്റെ നേരെയുള്ള ആരോപണത്തിന്റെ മുനയൊടിക്കാന്‍ സുഹൃത്തും മറ്റൊരു ജനപ്രതിനിധിയുമായ മുകേഷിനെതിരെ അടിസ്ഥാന രഹിത ആരോപണമുന്നയിച്ചതിനെതിരെ ഇന്നലെയും സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധവും പരിഹാസവും ചൊരിഞ്ഞു.
എന്നാല്‍ സുരേഷ് ഗോപിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും കള്ളി പൊളിഞ്ഞെന്നുമായിരുന്നു മുകേഷിന്റെ മറുപടി. കൊല്ലത്ത് ഒന്നിലധികം പൊതു പരിപാടികളില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നെങ്കിലും സുരേഷ് ഗോപിയുടെ ആരോപണങ്ങളെ സ്പര്‍ശിക്കാതെയായിരുന്നു മുകേഷ് എം എല്‍ എ യുടെ പ്രസംഗം. മാധ്യമപ്രവര്‍ത്തകരും സുഹൃത്തുക്കളും സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ നികുതി വെട്ടിച്ചിട്ടില്ലെന്നും കാര്യങ്ങള്‍ പരിശോധിച്ചാല്‍ നിജസ്ഥിതി എല്ലാവര്‍ക്കും വ്യക്തമാകുമെന്നും പറഞ്ഞ് വ്യക്തിഹത്യ നടത്താനോ ,തിരിച്ച് ആരോപണമുന്നയിക്കാനോ മുതിരാതെ ഒഴിഞ്ഞുമാറുകയായിരുന്നു മുകേഷ് .
കേന്ദ്രസര്‍ക്കാര്‍ 1000,500 നോട്ടുകള്‍ പിന്‍വലിച്ചത് നികുതിവെട്ടിപ്പും കള്ളപ്പണവും തടയാനാണെന്ന വാദം ഉന്നയിച്ച് ബി ജെ പി പ്രവര്‍ത്തകരും മോദി ആരാധകരും സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നപ്പോഴായിരുന്നു ബി ജെ പി എംപിയായ സുരേഷ് ഗോപി നികുതി വെട്ടിക്കാന്‍ ഓഡി കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയതിലുള്ള അനൗചിത്യം സോഷ്യല്‍ മീഡിയ തുറന്ന് കാട്ടിയത്. 75 ലക്ഷത്തോളം വിലയാണ് സുരേഷ് ഗോപിയുടെ ഓഡി ക്യൂ 7 കാറിന്റെ വില. പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപയാണ് ഫഌറ്റ് ടാക്‌സ്.കേരളത്തില്‍ ഇരുപത് ലക്ഷം രൂപയുടെ മുകളിലുള്ള വാഹനങ്ങള്‍ക്ക് വിലയുടെ ഇരുപത് ശതമാനമാണ് നികുതി. 75 ലക്ഷം വിലയുള്ള ഓഡിക്ക് സംസ്ഥാനത്ത് ഏകദേശം 14-15 ലക്ഷം നികുതി നല്‍കേണ്ടി വരും. ഇത് വെട്ടിക്കാനാണ് കള്ളപ്പണക്കാരുടെ മാതൃകയില്‍ സുരേഷ് ഗോപി പോണ്ടിച്ചേരി റജിസ്‌ട്രേഷന്‍ നടത്തിയതെന്നായിരുന്നു ആരോപണം.

---- facebook comment plugin here -----

Latest