ചോറ്റാനിക്കര ക്ഷേത്രത്തിലെ ലോക്കറ്റ് വില്‍പ്പന: ആദായനികുതി വകുപ്പ് അന്വേഷണം തുടങ്ങി

Posted on: November 19, 2016 10:23 am | Last updated: November 19, 2016 at 10:23 am

350px-chottanikkara_templeകൊച്ചി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കാന്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നുവെന്ന ആരോപണം ശക്തമായിരിക്കേ ആദായനികുതി വകുപ്പ് അന്വേഷണം ആരാധനനാലയങ്ങളിലേക്കും നീങ്ങുന്നു. ഇതിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിലെ ലോക്കറ്റ് വില്‍പ്പന സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് ക്ഷേത്രം അധികൃതര്‍ക്ക് നോട്ടീസയച്ചു. ക്ഷേത്രത്തില്‍ നിന്ന് വന്‍തോതില്‍ ലോക്കറ്റുകള്‍ വിറ്റുപോയതിനെ തുടര്‍ന്നാണ് അന്വേഷണം. 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം രണ്ട് ദിവസത്തിനുള്ളില്‍ ക്ഷേത്രത്തില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണ ലോക്കറ്റ് വിറ്റുപോയതായാണ് വിവരം. 15 ദിവസത്തെ ലോക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ അറിയിക്കാനാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേക്കര്‍ക്ക് നിര്‍ദേശം. ഈ മാസം ഒമ്പതിനും പത്തിനുമായിരുന്നു വില്‍പ്പനയിലേറെയും. 10 ഗ്രാം സ്വര്‍ണത്തില്‍ തീര്‍ത്ത മുപ്പതിനായിരം രൂപ വിലമതിക്കുന്ന 90 ലോക്കറ്റുകള്‍ ഈ രണ്ടു ദിവസം കൊണ്ട് വിറ്റുപോയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സാധാരണഗതിയില്‍ ഒരു വര്‍ഷം കൊണ്ട് വില്‍ക്കുന്ന ലോക്കറ്റുകളുടെ എണ്ണം ഇത്രയും വരില്ല. ഈ സാഹചര്യത്തില്‍ അസാധു നോട്ടുകള്‍ നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ ലോക്കറ്റ് വാങ്ങിയതാണോ എന്നാണ് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നത്. ഈ മാസം മൂന്ന് മുതല്‍ ഇന്നലെ വരെയുള്ള ലോക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ അറിയിക്കാനാവശ്യപ്പെട്ടാണ് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ലോക്കറ്റ് വാങ്ങിയവരുടെ വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. നവംബര്‍ പത്തിന് ക്ഷേത്ര ഭാരവാഹികള്‍ ബേങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഇത് സ്വര്‍ണ ലോക്കറ്റ് വില്‍പ്പനയിലൂടെയുണ്ടായ വരുമാനമാണെന്നാണ് ദേവസ്വം ഭാരവാഹികള്‍ വ്യക്തമാക്കിയത്. പഴയ 500, 1000 രൂപ നോട്ടുകളായിരുന്നു ഇതില്‍ മുഴുവനും. തുടര്‍ന്ന് ബേങ്ക് അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്. ലോക്കറ്റ് വില്‍പ്പനയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയിക്കുന്നതായും ആദായനികുതിവകുപ്പ് അധികൃതര്‍ അറിയിച്ചു. അതുകൊണ്ട് തന്നെ ക്ഷേത്രം ഭരണസമിതിയുടെയും ദേവസ്വം അംഗങ്ങളുടെയും പങ്കും അന്വേഷിച്ചേക്കും. നോട്ട് പിന്‍വലിക്കല്‍ ഉത്തരവ് വന്നതിനു പിന്നാലെ രാജ്യത്തിന്റെ പല ഭാഗത്തും ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരാധനാലയങ്ങളും വിവിധ ട്രസ്റ്റുകളും ബേങ്കുകളില്‍ നിക്ഷേപിക്കുന്ന തുകയെക്കുറിച്ച് ആദായനികുതി വകുപ്പ് നിരീക്ഷണം നടത്തി വരികയാണ്. വന്‍തുകകള്‍ നിക്ഷേപമായി വരികയാണെങ്കില്‍ അത് അറിയിക്കണമെന്നാണ് ബേങ്ക് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കഴിഞ്ഞദിവസം ജ്വല്ലറികള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു.