സാക്കിര്‍ നായിക്കിന് എതിരെ എന്‍ഐഎ കേസെടുത്തു; സംഘടനാ ഓഫീസുകളില്‍ റെയ്ഡ്

Posted on: November 19, 2016 9:48 am | Last updated: November 19, 2016 at 7:06 pm

zakir-naik-ngo-nia-raid_650x400_41479526616ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകന്‍ ഡോ. സാക്കിര്‍ നായിക്കിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തു. തീവ്രവാദ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരമാണ് കേസ്. ഇതിന് പിന്നാലെ എന്‍ഐഎ സംഘം സാക്കിര്‍ നായിക്കിന്റെ മുംബൈയിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തി. നായിക്കിന്റെ നിരോധിത സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ ആസ്ഥാനത്തും മറ്റു ഓഫീസുകളിലുമാണ് റെയഡ് നടക്കുന്നത്. മഹാരാഷ്ട്രയിലെ പത്ത് കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബംഗ്ലാദേശിലെ ധാക്കയില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സാക്കിര്‍ നായിക്കുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ അന്വേഷണം തുടങ്ങിയത്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ടാണ് തങ്ങള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് എത്തിപ്പെട്ടതെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

സലഫി ആശയധാര പിന്തുടരുന്ന സാക്കിര്‍ നായിക്ക് ഇപ്പോള്‍ സഊദിയിലാണ്. വിവാദങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇന്ത്യയില്‍ എത്തിയിട്ടില്ല.