സ്മാര്‍ട് ആപിലൂടെ ബുക്ക് ചെയ്യൂ; മാംസം നിങ്ങളുടെ വീട്ടിലെത്തും

Posted on: November 18, 2016 7:56 pm | Last updated: November 18, 2016 at 7:56 pm

al-mawashi-appദുബൈ: നഗരസഭയുടെ സ്മാര്‍ട് ആപ്ലിക്കേഷനായ മവാശിയിലൂടെ ബുക്ക് ചെയ്താല്‍ മാംസം നിങ്ങളുടെ വീടുകളിലെത്തിക്കും.
നഗരസഭയുടെ വെറ്ററിനറി സേവന വിഭാഗമാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഈദുല്‍ അദ്ഹയോടനുബന്ധിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് മാംസം വീടുകളിലെത്തിച്ചു നല്‍കിയിരുന്നു. ഈദ് അല്‍ അള്ഹയോടനുബന്ധിച്ച് 4,000 ഇടപാടുകളാണ് ആപ്പിലൂടെ നടന്നത്.
മവാശി ആപ്ലിക്കേഷന്റെ റീ ലോഞ്ചിംഗ് നഗരസഭാ ഡയറക്ടര്‍ ജനറല്‍ എന്‍ജി. ഹുസൈന്‍ നാസര്‍ ലൂത്ത നിര്‍വഹിച്ചു. അല്‍ വര്‍സാനില്‍ നടന്ന ഇന്റര്‍നാഷണല്‍ അനിമല്‍ ഫീഡ്-പെറ്റ് സേഫ്റ്റി കോണ്‍ഫറന്‍സിലാണ് ആപിന്റെ റീ ലോഞ്ചിംഗ് നടത്തിയത്. കാള,ആട്, പോത്ത് തുടങ്ങിയ കന്നുകാലികളുടെ മാംസം ആപ്പിലൂടെ ബുക്ക് ചെയ്യാനാകും. എമിറേറ്റിലെ താമസക്കാര്‍ക്ക് ഗുണമേന്മയുള്ള മാംസം വീടുകളിലെത്തിക്കാനും സമയലാഭത്തിനും വേണ്ടിയാണ് ഓണ്‍ലൈന്‍ സേവനം ഏര്‍പെടുത്തിയതെന്ന് നഗരസഭാ അറവ്ശാല വിഭാഗം മേധാവി അലി താഹിര്‍ ഹമ്മാദി പറഞ്ഞു. ദുബൈക്ക് പുറമെ ഷാര്‍ജ, അജ്മാന്‍, ദൈദ് എന്നിവിടങ്ങളിലും മാംസം എത്തിച്ചുനല്‍കും.
മാംസത്തിന്റെ ചിത്രങ്ങളും അതിന്റെ വിലയും ആപില്‍ കാണാനാകും. ഉപഭോക്താക്കള്‍ക്ക് മാംസം തിരഞ്ഞെടുക്കുന്നതിന് ഇത് ഏറെ ഗുണം ചെയ്യും.