സഹകരണ മേഖല നിശ്ചലം;ആശങ്കയില്‍ കേരളം

Posted on: November 18, 2016 9:56 am | Last updated: November 18, 2016 at 9:56 am

co-operative-bankതിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സഹകരണ ബേങ്കുകളിലുണ്ടായ പ്രതിസന്ധി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ഘട്ടത്തില്‍. പുതിയ നിയന്ത്രണങ്ങള്‍ 75,000 കോടി രൂപയിലേറെ നിക്ഷേപമുളള സംസ്ഥാനത്തെ സഹകരണ മേഖലയെ പിടിച്ചുലച്ചിരിക്കുകയാണ്. പുതിയ സാഹചര്യത്തില്‍ സഹകരണ ബേങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭരണ, പ്രതിപക്ഷം ഏതിര്‍പ്പ് ഉയര്‍ത്തുകയാണ്. സഹകരണ ബേങ്കുകള്‍ ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കമാണ് കേന്ദ്രം നടത്തുന്നതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സംശയിക്കുന്നത്.
സഹകരണ ബേങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സാധാരണക്കാരുടെ സാമ്പത്തിക ഇടപാടുകളെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നു കഴിഞ്ഞു. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും, ജില്ലാ സഹകരണ ബേങ്കുകള്‍ക്കും പണം വാങ്ങാനും നല്‍കാനും കഴിയാത്ത രീതിയിലുള്ള നിയന്ത്രണമാണ് ഇപ്പോള്‍ നിലവിലുള്ളത്. അര്‍ബന്‍, സംസ്ഥാന സഹകരണ ബേങ്കുകള്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രിത ഇടപാടുകള്‍ നടത്തുന്നത്.
ബേങ്കുകള്‍ക്കെല്ലാമായി കേരളത്തില്‍ 6213 ബ്രാഞ്ചുകളാണ് ഉള്ളത്. ജില്ലാ-പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാകട്ടെ 4800 ഓളം ബ്രാഞ്ചുകള്‍ ഉണ്ട്. ഇടപാടുകാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി അനുവാദമുണ്ട്. പക്ഷേ പ്രാഥമിക സഹകരണബേങ്കുകള്‍ തങ്ങളുടെ 80,000 കോടിരൂപ നിക്ഷേപത്തില്‍ 2,400 കോടിയോളം രൂപ മാത്രമാണ് ക്യാഷായി സൂക്ഷിക്കുന്നത്. വായ്പ നല്‍കിക്കഴിഞ്ഞ് വരുന്ന ബാക്കി പണം ജില്ലാസഹകരണ ബേങ്കിലാണ് മുഖ്യമായി നിക്ഷേപിക്കുക. മറ്റ് വാണിജ്യബേങ്കുകളിലും നിക്ഷേപിക്കാറുണ്ട്. ഇത് പിന്‍വലിക്കാന്‍ പ്രാഥമിക സംഘങ്ങള്‍ക്ക് കഴിഞ്ഞാലേ അവിടെ നിന്ന് പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന ഇടപാടുകാര്‍ക്ക് പണം നല്‍കാന്‍ കഴിയൂ. പക്ഷേ റിസര്‍വ് ബേങ്ക് പറയുന്നത് മറ്റു ബേങ്കുകളില്‍ നിന്ന് 24,000 രൂപ വീതമേ സഹകരണ ബേങ്കുകള്‍ക്ക് പിന്‍വലിക്കാന്‍ കഴിയൂ എന്നാണ്. ഈ സാഹചര്യത്തില്‍ സഹകരണ ബേങ്കുകളില്‍ നിക്ഷേപമുള്ള സാധാരണക്കാര്‍ പണത്തിനായി പരക്കം പായുകയാണ്. നിരോധനം വന്നതിനു ശേഷം സഹകരണ ബേങ്കുകള്‍ക്ക് പണം സ്വീകരിക്കാന്‍ തടസ്സമില്ലായിരുന്നുവെങ്കിലും പണം ചില്ലറയാക്കി മാറ്റി നല്‍കാന്‍ സാധിക്കുമായിരുന്നില്ല. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റി നല്‍കാനോ നിക്ഷേപമായി സ്വീകരിക്കാനോ ജില്ലാ സഹകരണ ബേങ്കുകള്‍ക്ക് അനുമതിയില്ലെന്ന റിസര്‍വ് ബേങ്ക് നിലപാടെടുത്തതോടെയാണ് കാര്യങ്ങള്‍ രൂക്ഷമായത്.
നിക്ഷേപകരില്‍ നിന്നും മറ്റുമായി സ്വീകരിച്ച 500, 1000 നോട്ടുകള്‍ക്കു പകരം വന്‍ തുകയാണ് റിസര്‍വ് ബേങ്ക് സഹകരണ ബേങ്കുകള്‍ക്ക് നല്‍കാനുള്ളത്. എന്നാല്‍, ഇതില്‍ നിന്ന് ഒരു ശതമാനം പോലും ഇവര്‍ മടക്കി നല്‍കിയിട്ടില്ല. ചെറിയ രൂപയുടെ നാമമാത്രമായ നോട്ടുകളാണ് ഭൂരിഭാഗം സഹകരണ ബേങ്കുകളിലും അവശേഷിക്കുന്നത്. ഇവ കൂടി ഇടപാടുകാര്‍ക്ക് നല്‍കുന്നതോടെ പല ബേങ്കുകളും അടുത്ത ദിവസങ്ങളില്‍ തന്നെ അടച്ചിടേണ്ടി വരും. ഇതിനൊപ്പം ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന സാഹചര്യവും ഉണ്ടാകും. ധനകാര്യ ഇടപാടുകള്‍ നടത്തുന്ന സഹകരണ സംഘങ്ങളുടെയെല്ലാം പ്രവര്‍ത്തനം സ്തംഭിക്കുന്ന സ്ഥിതിയാണ്. വന്‍ നിക്ഷേപകരുള്ള സഹകരണ ബേങ്കുകളുടെ പ്രവര്‍ത്തനത്തെ ഗുരുതരമായിത്തന്നെ നോട്ട് പിന്‍വലിക്കല്‍ ബാധിച്ചു കഴിഞ്ഞു.
പ്രാഥമിക വായ്പാ സഹകരണ സംഘങ്ങളും സൊസൈറ്റികളും ഉള്‍പ്പെടെ സംസ്ഥാനത്ത് മൂവായിരത്തിലധികം സഹകരണസ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരും ചെറുകിട കച്ചവടക്കാരും കൂലിപ്പണിക്കാരും ഉള്‍പ്പെടെ സംസ്ഥാനത്തെ സാധാരണക്കാരായ നല്ലൊരു വിഭാഗം ആളുകളും പണം നിക്ഷേപിച്ചിരിക്കുന്നതും പണമിടപാടുകള്‍ നടത്തുന്നതും പ്രധാനമായും സഹകരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ്. അതു കൊണ്ടുതന്നെ പുതിയ പരിഷ്‌കാരം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ സാമ്പത്തിക ക്രയത്തെ സ്തംഭനാവസ്ഥയിലാക്കിയിരിക്കുകയാണ്.
നോട്ട് മാറ്റത്തില്‍ നിന്ന് സഹകരണ ബേങ്കുകളെ പൂര്‍ണമായും ഒഴിവാക്കിയത് കേരളത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് നയം തിരുത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജില്ലാ സഹകരണ ബേങ്കുകള്‍ക്കും പ്രാദേശിക സഹകരണ ബേങ്കുകള്‍ക്കും നോട്ട് വിനിമയത്തിന് അനുമതി നല്‍കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുമായി ചര്‍ച്ച നടത്തിയെങ്കിലും സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.