ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് അധികം ദൂരമില്ല

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മാലിന്യത്തോത് വളര്‍ന്ന് നാടിന്റെ സൈ്വരവും സമാധാനവും നശിപ്പിക്കുന്ന സാഹചര്യത്തിലെത്താന്‍ അധിക കാലം വേണ്ടിവന്നില്ലെന്ന് ആ മഹാനഗരത്തെ പഠിക്കുന്ന ആര്‍ക്കും വളരെ പെട്ടെന്ന് വ്യക്തമാകും. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കാണത്രെ അവിടെ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വായുവിലെ വിഷാംശത്തിന്റെ അളവ് അനുവദനീയമായതിലും 13 ഇരട്ടിയാണവിടെ. ഡല്‍ഹിയെപ്പോലെ കേരളമായിരിക്കാം ഇനി ഇത്തരമൊരു ദുരിതക്കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടിവരികയെന്ന് ചിലര്‍ ഇപ്പൊഴേ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പുകമഞ്ഞല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മറ്റൊരു പേരില്‍ ഏതോ ഒരു ദുരന്തം നമ്മെത്തേടിയെത്തുമെന്ന കാര്യം ഉറപ്പാണെന്നത് സമ്മതിക്കാതെ വയ്യ.
Posted on: November 18, 2016 9:05 am | Last updated: November 18, 2016 at 9:05 am

car_pollutionരാജ്യതലസ്ഥാനത്ത് മാലിന്യ പ്രശ്‌നം വരുത്തിവെച്ച ദുരിതങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് ആശങ്കപ്പെടുന്ന നമ്മുടെ തലക്ക് മീതെയും മാലിന്യമെന്ന ഡെമോക്ലസിന്റെ വാള്‍ തൂങ്ങിയാടുന്നുണ്ടെന്ന് അധികമാരും ചിന്തിച്ചു കാണില്ല. അല്ലെങ്കിലും എന്തെങ്കിലും പ്രതിഭാസങ്ങള്‍ സകലതും മുടിച്ച് മുന്നേറുമ്പോള്‍ മാത്രമാണ് കാര്യവും കാരണവും തിരഞ്ഞ് നാം വേവലാതിപ്പെടുകയും പരിഹാരത്തിനായി നെട്ടോട്ടമോടുകയും ചെയ്യുക. ഡല്‍ഹിയിലെ പുകമഞ്ഞിനെക്കുറിച്ച് എന്തിന് പരിഭ്രമിക്കണമെന്ന് ഒരു ശരാശരി മലയാളി ചോദിച്ചാല്‍ അതിന് ഒട്ടേറെ കാര്യകാരണങ്ങളുണ്ടെന്ന് വിശദീകരിക്കാനെങ്കിലും നമ്മുക്ക് കഴിയേണ്ടതുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ മാലിന്യത്തോത് വളര്‍ന്ന് നാടിന്റെ സൈ്വര്യവും സമാധാനവും നശിപ്പിക്കുന്ന സാഹചര്യത്തിലെത്താന്‍ അധിക കാലം വേണ്ടിവന്നില്ലെന്ന് ആ മഹാനഗരത്തെ പഠിക്കുന്ന ആര്‍ക്കും വളരെ പെട്ടെന്ന് വ്യക്തമാകും. 17 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മലിനീകരണ നിരക്കാണത്രെ അവിടെ ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. വായുവിലെ വിഷാംശത്തിന്റെ അളവ് അനുവദനീയമായതിലും 13 ഇരട്ടിയാണവിടെ. പുകമഞ്ഞ് നിറഞ്ഞതോടെ കാഴ്ച പരിധി 300 മീറ്ററായി ചുരുങ്ങി. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള വലിയ തോതിലുള്ള വഴിയൊരുക്കലിനും ഈ മലിനീകരണം അവിടെ കാരണമാകുന്നു. ഡല്‍ഹിയെപ്പോലെ കേരളമായിരിക്കാം ഇനി ഇത്തരമൊരു ദുരിതക്കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടിവരികയെന്ന് ചിലര്‍ ഇപ്പൊഴേ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പുകമഞ്ഞല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മറ്റൊരു പേരില്‍ ഏതോ ഒരു ദുരന്തം നമ്മെത്തേടിയെത്തുമെന്ന കാര്യം ഉറപ്പാണെന്നത് സമ്മതിക്കാതെ വയ്യ.
ദീര്‍ഘവീക്ഷണമില്ലാത്ത വികസന തന്ത്രങ്ങളും അതിരറ്റ ഉപഭോഗ സംസ്‌കാരവുമാണ് കേരളത്തിന്റെ ഉപരിതല ഭൂപ്രകൃതിയെയും അന്തരീക്ഷത്തെയും അതിവേഗം മാറ്റിമറിച്ചത്. പശ്ചിമഘട്ടം മുതല്‍ തീരദേശം വരെ ചെരിഞ്ഞുകിടക്കുന്ന കേരളത്തിന്റെ ഉപരിതലത്തില്‍ ദ്രുതഗതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ സുരക്ഷയെ തകര്‍ക്കും വിധമാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. വനങ്ങള്‍ ഇല്ലാതാകുന്നതും, യാതൊരു നിയന്ത്രണവുമില്ലാതെ ജലസംഭരണ ഇടങ്ങളായ മലകള്‍ നിരത്തപ്പെടുന്നതും, കുളങ്ങളും വയലേലകളും തോടുകളും നദികളും സംരക്ഷിക്കപ്പെടാതെ പോകുന്നതും നമ്മുടെ ജലസുരക്ഷ നേരിടുന്ന ഭീഷണികളാണെങ്കില്‍, കമ്പോളാധിഷ്ഠിത വികസന വക്താക്കള്‍ വായുവിനെ മലിനപ്പെടുത്താന്‍ അതിവേഗം മത്സരിക്കുകയാണ്. കേരളത്തിന്റെ മനുഷ്യവികസന സൂചകങ്ങളെ പലപ്പോഴും വികസിതരാജ്യങ്ങളുമായിട്ടാണ് താരതമ്യപ്പെടുത്താറുള്ളത്. ഇത്രകുറഞ്ഞ ചെലവില്‍ അവരുടേതിനോട് കിടപിടിക്കുന്ന ആരോഗ്യസൂചികകള്‍ എങ്ങനെ തരപ്പെടുത്തി എന്നതാണ് മുന്‍കാലങ്ങളില്‍ ഉയര്‍ത്തപ്പെട്ട ചോദ്യം. എന്നാല്‍ അടുത്തിടെ ഇത്തരം ചോദ്യങ്ങള്‍ക്കു തന്നെ തിരുത്തല്‍ വീണതായി മനസ്സിലാക്കാനാകും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ നിരക്കിലും മറ്റും മറ്റേത് നാടുകളേക്കാളും മുന്നിലേക്ക് ആരോഗ്യ രംഗത്ത് മാതൃകയായിരുന്ന കേരളം എങ്ങനെ എത്തപ്പെട്ടുവെന്നുള്ള ചോദ്യമാണ് ഉയരുന്നത്.
കേരളത്തിന്റെ ആരോഗ്യവും മനസ്സും അടുത്ത കാലത്തായി വല്ലാതെ മലിനപ്പെ ട്ടുവെന്ന് ആരെങ്കിലും നിരീക്ഷിച്ചാല്‍ അവരെ തെറ്റു പറയാനാകില്ല. മറ്റെല്ലായിടത്തുമുള്ളതു പോലെ മലിനീകരണം പ്രധാനമായി ബാധിക്കുന്നത് ജലത്തെയും വായുവിനെയുമാണ്. വര്‍ധിച്ച ജനസാന്ദ്രയുണ്ടെന്നതിനാല്‍ ഏറ്റവുമെളുപ്പത്തില്‍ ഇത് ജനങ്ങളെ കാര്യമായിത്തന്നെ ബാധിക്കുമെന്ന് ഉറപ്പായും പറയാം. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിക്കാനിടയായതിന് പിന്നില്‍ നമ്മുടെ ജീവിത രീതിയിലുള്ള മാറ്റങ്ങളാണെന്ന് ഒറ്റ നോട്ടത്തില്‍ത്തന്നെ കാണാന്‍ കഴിയും. കേരളത്തിന്റെ അതിവേഗതയിലുള്ള നഗരവത്കരണം ശാപമല്ല, മറിച്ച് ഗുണം തന്നെയാണ് സമൂഹത്തിനു നല്‍കുന്നതെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍ അത് സാമൂഹിക ഘടനയില്‍ എന്തൊക്കെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുവെന്നത് കാണാതെ പോകരുത്. ഒരു നഗരവത്കരണ ജീവിതശൈലി മാലിന്യം അധികമധികം ഉത്പാദിപ്പിക്കുന്ന ഒരു കേന്ദ്രീകൃത സമ്പ്രദായത്തിലേക്കാണ് സമൂഹത്തെ കൊണ്ടെത്തിക്കുക. കൃഷി ഇല്ലാതാകുകയും വ്യവസായവത്കരണം കൂടുകയും ചെയ്യും. നഗരവത്കരണം കൊണ്ട് ഗ്രാമീണമേഖലയിലെ ജനങ്ങള്‍ക്കു പോലും വര്‍ധിച്ച സാമ്പത്തിക അവസരങ്ങളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും ലഭ്യമാകുമ്പോള്‍ മാലിന്യത്തിന്റെ തോത് എത്രത്തോളമുയരുമെന്നതും അത് പൊതുസമൂഹത്തിന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതും നാം കാണാതെ പോകുകയാണ്.
നഗരങ്ങള്‍ ഇത് വരെ തുടര്‍ന്ന് വന്ന കേന്ദ്രീക്യത മാലിന്യസംസ്‌കരണരീതിയാണ് തുടരുന്നതെങ്കില്‍ അപകടത്തിന്റെ ആഴം കൂടുമെന്നതില്‍ യാതൊരു സംശയത്തിനും ഇടവേണ്ട. മാലിന്യ സംസ്‌കരണം എന്ന ചുമതല നഗരഭരണകൂടത്തിന്റെ ചുമലിലിടുന്ന നിലവിലെ രീതിയാണ് എല്ലാക്കാലത്തും നഗരങ്ങള്‍ സ്വീകരിച്ചു പോന്നത്. അതു തന്നെയാണ് ഏറ്റവും വലിയ മാലിന്യപ്രശ്‌നത്തിന് വഴിയൊരുക്കുന്നതും. കേരളത്തില്‍ ഒരാള്‍ പ്രതിദിനം ശരാശരി കാല്‍കിലോ മാലിന്യം ഉല്‍പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 1.4 ശതമാനം വീതം മാലിന്യം വര്‍ധിക്കുന്നുണ്ട ത്രെ.കേരളത്തിലെ പ്രതിദിന മാലിന്യ ഉത്പാദനം ഏതാണ്ട് 10,000 ടണ്ണില്‍ അധികം വരുമെന്നാണ് കണക്കാക്കുന്നത്. അതില്‍ ഏറ്റവുമധികം മാലിന്യഉത്പ്പാദകര്‍ നഗരവാസികളാണ്. 2021 ഓടെ 92 ശതമാനം കേരളീയരും നഗരജീവികള്‍ ആയി മാറുമെന്ന നിരീക്ഷണം യാഥാര്‍ഥ്യമായാല്‍, ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കിയാല്‍ കാര്യങ്ങളുടെ ഗതി എങ്ങനെയായിരിക്കുമെന്ന് ഊഹിച്ചെടുക്കാം.
കേരളത്തിലെ മാലിന്യങ്ങളിലെ വില്ലന്‍ പ്ലാസ്റ്റിക്കാണ്. പ്ലാസ്റ്റിക് ഉപയോഗത്തില്‍ മുന്‍പന്തിലുള്ള സംസ്ഥാനം കേരളമാണ്. എത്ര തവണ നിരോധിച്ചാലും യാതൊരു നിയന്ത്രണവുമില്ലാതെ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും അവ വലിച്ചെറിയുകയും ചെയ്യുന്നതില്‍ മുന്‍പന്തിയില്‍ത്തന്നെയാണ് കേരളീയര്‍. കുമിഞ്ഞ് കൂടിയിരിക്കുന്ന പ്ലാസ്റ്റിക് കൂടുകളും കപ്പുകളും മണ്ണിനെയും വായുവിനെയും ഒരു പോലെയാണ് നശിപ്പിക്കുന്നത്. ജൈവ വിഘടനം സംഭവിക്കാത്തത് മൂലം ഇവ മണ്ണിലെ വായു സഞ്ചാരവും നീര്‍വാര്‍ചയും തടസപ്പെടുത്തുകയും സൂഷ്മ ജീവികളെ നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനു പുറമെ കത്തുമ്പോഴുണ്ടാകുന്ന മലിനീകരണവും ഗുരുതര പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. മണ്ണില്‍ ദ്രവിക്കാതെ നില്‍ക്കുന്ന പോളിത്തീന്‍ കവറുകളും മറ്റും ചൂടാകുമ്പോഴും കത്തുമ്പോഴും നിരവധി വിഷവാതകങ്ങളാണ് പുറത്തുവരുന്നത്. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട മാരകവിഷമാണ് ടെട്രാക്ലോറോ ഡൈബന്‌സോ ഡയോക്‌സിന്‍. ഡി ഡി ടി യേക്കാള്‍ രണ്ട് ലക്ഷം മടങ്ങ് ഇതിന് വിഷാംശമുണ്ട്. നേരിട്ട് ശ്വസിക്കുന്നതിലൂടെ മൃഗങ്ങളുടെയും മത്സ്യങ്ങളുടെടെയും കൊഴുപ്പ് കലകളില്‍ ഡയോക്‌സിന്‍ അടിഞ്ഞുകൂടുന്നത് മൂലം അവയുടെ മാംസം, പാല്‍ എന്നിവ ഉപയോഗിക്കുന്നത് ഗുരതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമത്രെ.
പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് തിളക്കവും മാര്‍ദവവും നല്‍കാന്‍ ഉപയോഗിക്കുന്ന തലേറ്റുകള്‍ വിവിധതരം ക്യാന്‍സറുകള്‍, വന്ധ്യത, ജനന വൈകല്യങ്ങള്‍, ഓട്ടിസം എന്നിവക്കുമിടയാക്കുന്നു. വൃക്ക തകരാറുകള്‍, ശ്വാസകോശ രോഗങ്ങള്‍, ഞരമ്പ് രോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍, ചര്‍മ രോഗങ്ങള്‍, ബോധക്ഷയം എന്നിവക്കും ആത്യന്തികമായി മരണത്തിനും വരെ പ്ലാസ്റ്റിക്ക് കാരണമാകുന്നുവെന്നറിഞ്ഞിട്ടും നമുക്ക് യാതൊരു കുലുക്കവുമില്ല, പ്ലാസ്റ്റിക് ഉപയോഗത്തില്‍ യാതൊരു കുറവുമില്ല..പ്ലാസ്റ്റിക്കില്‍ നിന്നും തണുത്ത വെള്ളത്തിലേക്കും, പലഹാരങ്ങളിലേക്കു പോലും രാസവസ്തുക്കള്‍ മണിക്കൂറിനുള്ളില്‍ വ്യാപിക്കുന്നതായി ഗവേഷകര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്‌ളെക്‌സ് അടക്കമുള്ള സകലമാന പ്ലാസ്റ്റിക്ക് വസ്തുക്കളില്‍ നിന്നും ഹോര്‍മോണിനെ തകരാറിലാക്കുന്ന രാസവസ്തുക്കള്‍ വായുവിലേക്ക് ഒഴുകുകയാണ്. സാധാരണ അന്തരീക്ഷ താപനിലയില്‍ പോലും ഇത്തരം രാസവസ്തുക്കള്‍ മാരകമായ തോതില്‍ വ്യാപിക്കുന്നു. സംസ്ഥാനത്ത് വൃദ്ധരുടെയിടയിലെ ക്യാന്‍സറുകള്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം എന്നിവയും, വൃക്ക, കരള്‍, മസ്തിഷ്‌കം, നാഡീ വ്യൂഹം, ശ്വാസകോശം, ത്വക്ക്, മുതലായ സകല അവയവങ്ങളേയും ബാധിക്കുന്ന അതിമാരക രോഗങ്ങളുടേയും നിരക്ക് സംസ്ഥാനത്തെ പല ജില്ലകളിലും മുന്‍പത്തേതിന്റെ പതിന്‍മടങ്ങാണ്. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് പ്ലാസ്റ്റിക്ക് എന്ന കാരണക്കാരനിലേക്കാണ്.
കേരളത്തില്‍ വര്‍ധിച്ച് വരുന്ന വാഹനങ്ങളുടെ പെരുപ്പമാണ് വായുമലിനീകരണത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ 123 ശതമാനമാണ് സംസ്ഥാനത്ത് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. കുടുംബങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങളുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. 1000 ചതുരശ്ര കിലോ മീറ്ററില്‍ 6,567 വാഹനങ്ങള്‍ ദിവസവും ഓടുന്നു. ഒരു ദിവസം മാത്രം പുതിയതായി 3,171 വാഹനങ്ങള്‍ കേരളത്തിലെ നിരത്തുകളില്‍ ഇറങ്ങുന്നു. ഒരു സ്‌ക്വയര്‍ കിലോമീറ്ററിന് 10,358 അല്ലെങ്കില്‍ ഒരു ലക്ഷം പേര്‍ക്ക് 12,641 വാഹനങ്ങള്‍ എന്നതാണ് കേരളത്തിലെ വാഹനാനുപാത കണക്ക്. ഇത് ഇനിയും മുന്നോട്ട് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത്. പുതിയ വാഹനങ്ങള്‍ പുറത്തിറങ്ങുന്ന കണക്കില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ പല മടങ്ങ് മുന്നിലാണ്. ഏറ്റവുമധികം നഗരവത്കരിക്കപ്പട്ട ഗോവ പോലുള്ള സംസ്ഥാനങ്ങളെയും കേരളം ഇക്കാര്യത്തില്‍ കടത്തിവെട്ടിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന മലിനീകരണത്തോത് എത്രയെന്ന് പറയേണ്ടതില്ലല്ലോ. സംസ്ഥാനത്തെ മുപ്പത് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വായു വളരെ മലിനീകരിക്കപ്പെട്ടിരിക്കുന്നതായാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഏറ്റവും വില്ലന്‍ പൊടിപടലങ്ങളാണ്. ഒരു ഘനമീറ്റര്‍ വായുവില്‍ 60 മൈക്രോഗ്രാം വരെ പൊടിപടലങ്ങള്‍ അനുവദനീയമാണ്. എന്നാല്‍ 104 മൈക്രോഗ്രാം വരെ പലയിടത്തും കാണുന്നുണ്ടെന്ന് ഇതു സംബന്ധിച്ച നിരീക്ഷണങ്ങള്‍ പറയുന്നു.
മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പില്‍ നിന്നുള്ള വിവരപ്രകാരം കേരളത്തില്‍ 4975 പാറ, ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അനൗദ്യോഗികമായി കണക്കാക്കിയാല്‍ ഇതിലും എത്രയോ അധികമാണ് ക്വാറികളുടെ എണ്ണം. മലപ്പുറത്തും കണ്ണൂരുമാണ് കൂടുതലുള്ളത്. 1967ലെ കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സംസ്ഥാനത്ത് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നത്. എന്നാല്‍ നിബന്ധനകള്‍ പാലിക്കാതെയുള്ള ഖനനമാണ് പലയിടത്തും നടക്കുന്നത്. ഇതു മൂലം മനുഷ്യരിലുണ്ടാകുന്ന ശ്വാസകോശ രോഗങ്ങള്‍, ശബ്ദ വായുമലിനീകരണം, പരിസ്ഥിതിക്കുണ്ടാകുന്ന നാശനഷ്ടം, ക്വാറികളിലെ പൊടിമൂലം സസ്യങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും ഉണ്ടാകുന്ന നാശം, ജലസ്രോതസ്സിനുണ്ടാകുന്ന നാശം തുടങ്ങിയവയൊന്നും ആരും കണക്കിലെടുക്കാറില്ല.
ജലമലിനീകരണമാണ് നേരിടോണ്ടി വരുന്ന ഏറ്റവും വലിയ മറ്റൊരു പ്രശ്‌നം. നഗരവത്കരണം ഏറിയതോടെ പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതോടെ കിണറുകളും കുളങ്ങളുമൊക്കെ വരളുന്നു. ജലത്തില്‍ അമിതമായി കലരുന്ന മാലിന്യവും വലിയ ഭീഷണിയാണുയര്‍ത്തുന്നത്. കേരളത്തിലെ ഗ്രാമീണ കുടുംബങ്ങളില്‍ 29.5 ശതമാനത്തിനു മാത്രമാണു സുരക്ഷിതമായ കുടിവെള്ളം ലഭിക്കുന്നതെന്നാണു രണ്ട് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച നാഷനല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ 23,922 ഗ്രാമീണ വാസസ്ഥലങ്ങളിലെയും കുടി വെള്ളം ലോഹവും രാസവസ്തുക്കളും അടങ്ങിയ മലിനജലമാണെന്നും കണ്ടെത്തുന്നു. ഗ്രാമിണ വാസസ്ഥലങ്ങളിലെ ജലത്തില്‍ ആര്‍സനിക്, ഫ്‌ലൂറൈഡ്, അയേണ്‍, നൈട്രേറ്റ് തുടങ്ങിയ രാസവസ്തുക്കള്‍ വ്യാപകമായി അടങ്ങിയിട്ടുണ്ടെന്നും കുടിവെള്ള സ്രോതസ്സുകള്‍ രാസവളം, കീടനാശിനി എന്നിവകൊണ്ട് മലിനീകരിക്കപ്പെടുന്നുണ്ടെന്നും കുടിവെള്ള ശുചിത്വ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങളിലും പറയുന്നു.
ആഗോളാടിസ്ഥാനത്തില്‍ ഏറ്റവും മലിനീകരണം നടക്കുന്ന നഗരങ്ങളായി കണക്കാക്കുന്ന 20ല്‍ 13ഉം ഇന്ത്യയിലാണത്രെ. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ പഠന റിപ്പോര്‍ട്ടില്‍ ഡല്‍ഹിക്കാണ് മലിനീകരണ സിറ്റികളില്‍ ഒന്നാം സ്ഥാനം. ഇതേ പോക്കു പോയാല്‍ കേരളം രണ്ടാമതെത്തുമെന്നതില്‍ രണ്ടഭിപ്രായമുണ്ടാകുകയില്ല.