Connect with us

Editorial

കോര്‍പറേറ്റുകളോട് അത്യുദാരത

Published

|

Last Updated

കള്ളപ്പണം പിടിച്ചെടുക്കാനാണ് നോട്ട് പിന്‍വലിക്കലെന്ന മോദി സര്‍ക്കാറിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നതാണ് കോര്‍പറേറ്റുകളുടെയും വന്‍ വ്യവസായികളുടെയും കടം എഴുതിത്തള്ളിയ നടപടി. സര്‍ക്കാറിനെയും നീതിപീഠത്തെയും കബളിപ്പിച്ചു വിദേശത്തേക്ക് കടന്നു കളഞ്ഞ വിജയ് മല്യയടക്കം വായ്പ തിരിച്ചടക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തിയ 100 വ്യവസായികളുടെ 7016 കോടി രുപയാണ് ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ എസ് ബി ഐ എഴുതിത്തള്ളിയത്. 2013-015 നിടെയുള്ള രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്തെ 29 പൊതുമേഖലാ ബേങ്കുകള്‍ എഴുതി ത്തള്ളിയത് വന്‍കിട കോര്‍പറേറ്റുകളുടെ 1.14 ലക്ഷം കോടി രൂപയുടെ കിട്ടാകടമാണ്. ഇന്ത്യയിലെ വാണിജ്യ, സഹകരണ ബേങ്കുകളുടെ കിട്ടാക്കടം കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് 4.4 ലക്ഷം കോടി രൂപ വരും. ഇതില്‍ സിംഹഭാഗവും പണമുണ്ടായിട്ടും മനഃപൂര്‍വം തിരിച്ചടക്കാത്ത വന്‍കുത്തകകളുടേതാണ്.
കടം എഴുതിത്തള്ളിയിട്ടില്ലെന്നും നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞത്. ഈ സംഖ്യകള്‍ ഈടാക്കാനുള്ള നടപടികള്‍ ബേങ്ക് തുടരുമെന്നും മന്ത്രി പറയുന്നു. എന്നാല്‍ ലേലം നടത്തിയും മറ്റു മാര്‍ഗങ്ങളിലൂടെയും സംഖ്യ ഈടാക്കാന്‍ ബേങ്ക് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യുമ്പോഴാണ് കടങ്ങള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കുന്നത്. ഇത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന അവകാശവാദം പരിഹാസ്യമാണ്.
വന്‍തുക വായ്പയെടുത്ത് തിരിച്ചടക്കാതെ ബേങ്കുകളെ കബളിപ്പിക്കുന്നത് കോര്‍പറേറ്റുകളുടെ പതിവാണ്. ഓരോ വര്‍ഷവും ഈയിനത്തില്‍ സഹസ്ര കോടികളാണ് പൊതുമേഖലാ ബേങ്കുകള്‍ക്ക് നഷ്ടമാകുന്നത്. ഇത്തരം കിട്ടാക്കടങ്ങളുടെ തോത് വര്‍ഷം തോറും വര്‍ധിച്ചു വരികയുമാണ്. 2004 മുതല്‍ 2012 വരെ നാലു ശതമാനമെന്ന നിരക്കിലായിരുന്നു കിട്ടാക്കടത്തിന്റെ വര്‍ധനയെങ്കില്‍ തുടര്‍ന്നുള്ള മൂന്നുവര്‍ഷത്തില്‍ 50 ശതമാനത്തിന് മുകളിലെത്തിയതായി റിസര്‍വ് ബേങ്കിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2012 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 15,551 കോടി രൂപയുടെ കിട്ടാക്കടമായിരുന്നു ഉണ്ടായിരുന്നുത്. 2015 മാര്‍ച്ചോടെ ഇത് മൂന്നിരട്ടിയിലധികം ഉയര്‍ന്ന് 52,542 കോടിയിലെത്തി. 2004- 2015 കാലയളവില്‍ 2.11 ലക്ഷം കോടിയുടെ കിട്ടാക്കടമാണു ബേങ്കുകള്‍ എഴുതിത്തള്ളിയത്. ഇതില്‍ 1.14 ലക്ഷംവും 2013 മുതല്‍ 2015 വരെയുള്ള വര്‍ഷങ്ങളിലായിരുന്നു. ബേങ്കുകളിലെ ആകെ തുകയുടെ പകുതിയിലേറെവരും ഇത്. എസ് ബി ഐ ആണ് കിട്ടാക്കടം എഴുതിത്തള്ളുന്നതില്‍ മുന്നില്‍. 21,313 കോടിയാണ് 2015ല്‍ അവര്‍ എഴുതിത്തള്ളിയത്. വരള്‍ച്ചയോ പേമാരിയോ മുലം കൃഷി നശിച്ചു കൊടിയ ദുരിദത്തിലായ കര്‍ഷകരുടെ ആയിരം രുപയുടെയും പതിനായിരം രുപയുടെയും കാര്യത്തില്‍ കടുംപിടുത്തം കാണിക്കുന്ന അതേ ബേങ്കുകളാണ് അതിസമ്പന്നരോട് ഈ ദയാവായ്പ് കാണിക്കുന്നത്!
വായ്പ എഴുതിത്തള്ളുന്നതിന് പുറമെ കോര്‍പറേറ്റുകളുടെ നികുതികളും വന്‍തോതില്‍ എഴുതിത്തള്ളുന്നുണ്ട് സര്‍ക്കാര്‍. 2012-15 വര്‍ഷത്തില്‍ അതിസമ്പന്നരുടെ നികുതിയിനത്തില്‍ 23.84 ലക്ഷം കോടിയാണ് എഴുതിത്തള്ളിയത്. കൂടാതെ കഴിഞ്ഞ ബജറ്റില്‍ അവരുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തു. 1008 കോടി രൂപയാണ് ഇതുവഴി ഖജനാവിന് നഷ്ടമാകുന്നത്. 30 ശതമാനമാണ് ഇവരുടെ നികുതിയെങ്കിലും 23 ശതമാനത്തിന് മേലെ പിരിച്ചെടുക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് അഞ്ച് ശതമാനം വെട്ടിക്കുറച്ചതെന്നാണ് ജയ്റ്റ്‌ലി ഇതിന് പറഞ്ഞ ന്യായീകരണം. ആദ്യം നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തുക. ആ വീഴ്ച മറയാക്കി നികുതിതന്നെ കുറച്ചുകൊടുക്കുകയെന്നതാണ് സര്‍ക്കര്‍ ഇവിടെ സ്വീകരിക്കുന്ന തന്ത്രം. അതേ തന്ത്രം തന്നെയാണ് ബേങ്കുകളുടെ വായ്പാ കാര്യത്തിലും പ്രയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്‍തോതില്‍ സംഭാവന നല്‍കുന്നതിനുള്ള പ്രത്യുപകാരമായിരിക്കണം ഇത്തരം വഴിവിട്ട സഹായങ്ങള്‍.
ജപ്തി ചെയതു പണം തിരിച്ച് ഈടാക്കാന്‍ ബേങ്കുകള്‍ക്ക് അധികാരം നല്‍കുന്ന ശക്തമായ നിയമങ്ങള്‍ നിലവിലുണ്ട് രാജ്യത്ത്. തിരിച്ചടവ് വൈകിച്ചാല്‍ വായ്പക്ക് ബോണ്ടായി വച്ച സ്വത്തുക്കള്‍ ബേങ്കുകള്‍ക്ക് പിടിച്ചെടുക്കുകയോ വില്‍ക്കുകയോ ചെയ്യാമെന്ന് 2002ലെ സാമ്പത്തിക സുരക്ഷിതത്വ നിയമം അനുശാസിക്കുന്നു. വമ്പന്മാരുടെ നേരെ ബേങ്കുകള്‍ ഈ നിയമങ്ങളൊന്നും പ്രയോഗിക്കാറില്ല. അതേസമയം, കൃഷിനാശം വന്ന കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുക മാത്രമല്ല, അടവ് താമസിച്ചാല്‍ ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ബേങ്കുകളുടെ ജപ്തി നടപടി മുലം പെരുവഴിയിലാകുന്ന കര്‍ഷകരുടെയും സാധാരണക്കാരുടെയും എണ്ണം രാജ്യത്ത് വര്‍ധിക്കുകയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.