ആര്‍ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

Posted on: November 17, 2016 1:14 pm | Last updated: November 18, 2016 at 9:48 am

r-sreelekha_171116തിരുവനന്തപുരം: ഇന്റലിജന്‍സ് മേധാവിയും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥയുമായ ആര്‍ ശ്രീലേഖക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. ശ്രീലേഖ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തിരിക്കുമ്പോള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന റിപ്പോര്‍ട്ടിലാണ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. റിപ്പോര്‍ട്ട് ഗതാഗതമന്ത്രി എകെശശീന്ദ്രന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

റോഡ് സുരക്ഷ ഫണ്ടിന്റെ അനധികൃത വിനിയോഗം, ഗതാഗത കമ്മീഷണറുടെ ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, ചട്ടവിരുദ്ധമായ വിദേശ യാത്രകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലമാറ്റങ്ങള്‍, വകുപ്പില്‍ വാഹനങ്ങള്‍ വാങ്ങിയതിലെ സാമ്പത്തിക തിരിമറി തുടങ്ങിയ നിരവധി കാര്യങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അന്വേഷണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഇനി ചീഫ് സെക്രട്ടറിയാണ് തീരുമാനിക്കേണ്ടത്.

കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ അന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരിയാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് അതീവ രഹസ്യ സ്വഭാവമുള്ളത് എന്ന കുറിപ്പോടെ തച്ചങ്കരി റിപ്പോര്‍ട്ട് ഗതാഗത സെക്രട്ടറി കെആര്‍ ജ്യോതിലാലിന് കൈമാറുകയായിരുന്നു. ഈ റിപ്പോര്‍ട്ട് മന്ത്രി ചീഫ് സെക്രട്ടറിക്ക് നല്‍കിയത്.