Connect with us

International

റഷ്യക്കെതിരെ യുദ്ധക്കുറ്റ ആരോപണവുമായി അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയക്കും സിറയയെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കുമെതിരെ കര്‍ശനമായ ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു. യുദ്ധക്കുറ്റവും മനുഷ്യാവകാശങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ആരോപിച്ച് സിറിയ, റഷ്യ, ഇറാന്‍ എന്നി രാജ്യങ്ങള്‍ക്കെതിരെ വിലക്കേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ബില്ലിന് പ്രതിനിധി സഭ അംഗീകാരം നല്‍കി. അതിനിടെ, സിറിയയിലെ സൈനിക നടപടിയുടെ പേരില്‍ യുദ്ധക്കുറ്റ നടപടി നേരിടാന്‍ സാധ്യതയുള്ള റഷ്യ, അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു.
സിറിയയില്‍ ആക്രമണം ശക്തമായ സാഹചര്യത്തിലാണ് പുതിയ നടപടിയുമായി അമേരിക്ക രംഗത്തെത്തിയത്. റഷ്യയുമായി ഒരുമിച്ച് സിറിയയടക്കമുള്ള വിഷയത്തില്‍ ഇടപെടാന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നതിനിടെയാണ് പ്രതിനിധി സഭയുടെ നയതന്ത്രതല സമ്മര്‍ദം ശക്തമാക്കുന്നത്.
അഞ്ച് ലക്ഷംപേരുടെ മരണത്തിനും യൂറോപ്യന്‍ മേഖലയില്‍ കടുത്ത അഭയാര്‍ഥി പ്രതിസന്ധിക്കും കാരണമാക്കിയ സിറിയന്‍ ആക്രമണത്തില്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് പ്രധാന യുദ്ധക്കുറ്റവാളിയാണെന്ന് സഭാ പ്രതിനിധികള്‍ ആരോപിച്ചു. അഞ്ച് വര്‍ഷമായി തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അസദ് ശ്രമിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ആഭ്യന്തരകലാപത്തെ തുടര്‍ന്നാണ് ഇസില്‍ സിറയയില്‍ നിലയുറപ്പിച്ചതെന്നും ആരോപണമുണ്ട്.
വാണിജ്യ, സാമ്പത്തിക മേഖലയില്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനാണ് അമേരിക്കന്‍ സഭ പദ്ധതിയിടുന്നത്. യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ എതിര്‍ത്തിട്ടും സിറിയ മനുഷ്യാവകാശ ധ്വംസനങ്ങള്‍ ആവര്‍ത്തിച്ചെന്നും ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും യു എസ് സഭാ അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, സിറിയന്‍ സര്‍ക്കാറിനെതിരെ മാരകായുധങ്ങളുമായി പ്രക്ഷോഭം നടത്തിയ വിമത സേനയെ കുറിച്ച് കാര്യമായൊന്നും സഭാ അംഗങ്ങള്‍ പരാമര്‍ശിച്ചിട്ടില്ല. സിറിയന്‍ സൈന്യവും ജനങ്ങളുമടക്കം നിരവധി പേര്‍ വിമത ആക്രമണത്തില്‍ പലയിടങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കുന്ന യു എസ് സൈന്യം അലെപ്പോയടക്കമുള്ള സിറിയന്‍ നഗരങ്ങളില്‍ വ്യോമാക്രമണവും ശക്തമാക്കുന്നുണ്ട്. സിറിയന്‍ വിമതര്‍ക്ക് നേരിട്ട് ആയുധം നല്‍കുന്നതും അമേരിക്കയാണ്. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശധ്വംസനത്തിന്റെ പേരില്‍ സിറയക്കെതിരെ വിലക്കേര്‍പ്പെടുത്തുന്നത് ചോദ്യം ചെയ്തപ്പെടേക്കാം.
അതേസമയം, സിറിയക്കെതിരെ ഉപരോധം ശക്തമാക്കി ട്രംപിന്റെ വിജയത്തോടെ ഉടലെടുത്ത റഷ്യ – അമേരിക്ക ബന്ധം തകര്‍ക്കുകയാണ് പുതിയ ബില്ലുകൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. റഷ്യയുമായി ബന്ധം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമത്തെ പരാജയപ്പെടുത്താന്‍ പുതിയ ഉപരോധങ്ങള്‍ക്ക് സാധിച്ചേക്കാം. ട്രംപ് അധികാരത്തില്‍വരുന്നതിന് മുമ്പ് ഉപരോധം ശക്തമാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്.
അതിനിടെ, വടക്കന്‍ സിറിയയിലെ അലെപ്പോയില്‍ റഷ്യയുടെയും സിറിയയുടെയും വ്യോമാക്രമണം ശക്തമാണ്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Latest