Connect with us

Articles

വെള്ളക്കൊട്ടാരത്തിലെ റിപ്പബ്ലിക്കന്‍ ആന

Published

|

Last Updated

ആനയും കഴുതയും യഥാക്രമം അമേരിക്കയിലെ പ്രമുഖ പാര്‍ട്ടികളായ റിപ്പബ്ലിക്കന്‍സിന്റെയും ഡെമോക്രാറ്റുകളുടെയും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്. നമ്മുടെ നാട്ടിലേതു പോലെ തിരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ ബാഹ്യസൗന്ദര്യം മാത്രം നോക്കി വോട്ടു ചെയ്യുന്നവരല്ല അമേരിക്കക്കാര്‍. അവര്‍ പേറ്റിയും കൊഴിച്ചും, കൂട്ടിയും കുറച്ചും, ഗുണിച്ചും ഹരിച്ചും മാത്രമേ അവരുടെ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാറുള്ളൂ. എല്ലാ വോട്ടിനും ഒരേ വിലയല്ല. ആളു വില കല്ലു വില. ജനഹിതത്തിന്റെ കുറ്റമറ്റ പ്രതിഫലനമായിരിക്കണം നാലു വര്‍ഷത്തില്‍ ഒരിക്കല്‍ രാജ്യഭാരം ഏല്‍ക്കുന്ന അമേരിക്കയുടെ പ്രസിഡന്റ് എന്ന കാര്യത്തില്‍ അമേരിക്കന്‍ ഭരണഘടന മുന്‍കൂര്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. രണ്ട് പാര്‍ട്ടികളുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ലിസ്റ്റില്‍ ഇടം പിടിക്കുക എന്നതൊന്നും അത്ര നിസ്സാരകാര്യമല്ല. അതിന്റെ കടമ്പകള്‍ കടക്കുക എന്നതു തന്നെ ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ്. ഇതെല്ലാം പൂര്‍ത്തിയാക്കി ഡെമോക്രാറ്റുകളുടെ ശ്രീമതി ഹിലാരി ക്ലിന്റനും റിപ്പബ്ലിക്കന്‍സിന്റെ ഡോണാള്‍ഡ് ട്രംപും നേര്‍ക്കുനേര്‍ നിന്നു തിരഞ്ഞെടുപ്പ് യുദ്ധം തുടങ്ങിയപ്പോള്‍ എല്ലാവരും പ്രവചിച്ചത് ഹിലാരി അകത്തും ട്രംപ് പുറത്തും ആകുമെന്നായിരുന്നു. ഒരു ട്വന്റി ട്വന്റി ക്രിക്കറ്റ് കാണുന്ന വാശിയോടും വീറോടും ലോകം ആ കാഴ്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയായിരുന്നു. ഒടുവിലിതാ ഇനിയൊരു അങ്കത്തിനു കൂടി ബാല്യമുണ്ടെന്നു എല്ലാവരും നിരീക്ഷിച്ചിരുന്ന ക്ലിന്റന്‍ മദാമ്മയെ എഴുപതുകാരനായ ട്രംപ്‌സായിപ്പ് മലര്‍ത്തിയടിച്ച് ജയാരവം മുഴക്കുന്നു. എന്തുകൊണ്ടിതു സംഭവിച്ചു? അമേരിക്കന്‍ പൊതുജനത്തിന്റെ പള്‍സ് അറിയുന്നതില്‍ പേരുകേട്ട മാധ്യമ വിശകലനവിദഗ്ദന്മാര്‍ക്കു എവിടെയാണ് തെറ്റുപറ്റിയത്? ഇന്നലെ വരെ ട്രംപിനെക്കുറിച്ച് ഒരു നല്ല വാക്കും പറയാത്തവര്‍ ഇപ്പോള്‍ അദ്ദേഹത്തെ വാഴ്ത്തിപ്പാടുകയാണ്.
ലോകത്തിലെ സകല അനീതിയും അധര്‍മവും തുലാസിന്റെ ഒരു തട്ടിലും ക്ലിന്റനെയും ട്രംപിനെയും ഒരുമിച്ചു വെച്ച് മറ്റേ തട്ടിലും തൂക്കി നോക്കിയാലും തുലാസിന്റെ സൂചി നേരെ നില്‍ക്കാനേ സാധ്യതയുള്ളൂ. ആ നിലക്കു മദാമ്മാന്റിയുടെ പരാജയത്തില്‍ ഏറെ ഖേദിക്കാനോ സായിപ്പങ്കിളിന്റെ വിജയത്തില്‍ ഏറെ ആഹ്ലാദിക്കാനോ അമേരിക്കന്‍ രാഷ്ട്രീയം നിരീക്ഷിക്കുന്നവര്‍ക്ക് പ്രത്യേക അവകാശങ്ങളൊന്നുമില്ല. എങ്കിലും വോട്ടവകാശത്തിന്റെ കൈവശാവകാശക്കാരായ ആള്‍ക്കൂട്ടത്തിന്റെ മനം ഓടുന്ന കുമാര്‍ഗങ്ങളെക്കുറിച്ച് രാഷ്ട്രീയവിദ്യാര്‍ഥികളെങ്കിലും അറിയുന്നത് നല്ലതാണ്.
രാഷ്ട്രീയത്തിലെ പാരമ്പര്യവാഴ്ച ചരിത്രാതീതകാലം മുതലേ പ്രാബല്യത്തിലുള്ളതാണ്. ഇതില്‍ മനസ്സു മടുത്തപ്പോഴാണല്ലൊ രാജവാഴ്ചക്കെതിരെ ജനാധിപത്യവിപ്ലവം അരങ്ങേറുന്നത്. ജനാധിപത്യത്തിലും പഴയ കുലീനവാഴ്ചയുടെയും പാരമ്പര്യവാഴ്ചയുടെയും ഒക്കെ ഹാങ്ങോവര്‍ ബാക്കി നിന്നു. ആനപ്പുറം കയറിയ അച്ഛന്റെ മകന്റെ ചന്തിയിലും തഴമ്പുണ്ടെന്നു പല ശുദ്ധാത്മക്കളും വിശ്വസിച്ചു. അങ്ങനെയാണല്ലോ നമ്മുടെ സോണിയ, മനേക, രാഹുല്‍, വരുണ്‍ ഗാന്ധിമാര്‍ രാഷട്രീയത്തിലെ തിളക്കമാര്‍ന്ന താരങ്ങളായി ഇപ്പോഴും വിലസുന്നത്. ഇത് ഇന്ത്യയില്‍ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ദൃശ്യമാണ്. ബില്‍ ക്ലിന്റന്റെ ഭാര്യ എന്ന നിലയില്‍ ഹിലാരിക്ലിന്റന്‍ അങ്ങനെ പ്രസിഡന്റ് ആകണ്ടെന്നു ഒരു വിഭാഗം വോട്ടര്‍മാരെങ്കിലും തീരുമാനിച്ചെങ്കില്‍ അവരെ അഭിനന്ദിക്കാതെ വയ്യ. മറ്റൊരു പ്രതികൂല ഘടകം ഒബാമാ രാഷട്രീയത്തിന്റെ എട്ട് വര്‍ഷം നീണ്ട ഭരണത്തുടര്‍ച്ചക്കെതിരായ ജനവികാരമാണ്. അമേരിക്കന്‍ വോട്ടര്‍മാരും ലോകമാകയും ഒബാമ എന്ന കറുത്തവര്‍ഗക്കാരനില്‍ അര്‍പ്പിച്ച പ്രതീക്ഷ ഒട്ടും തന്നെ സഫലമാകാതെ പോയി.
യാഥാസ്ഥിതികര്‍, ഉത്പതിഷ്ണുക്കള്‍, ബൂര്‍ഷ്വാസി, തൊഴിലാളിവര്‍ഗം, വലതുപക്ഷം, ഇടതുപക്ഷം, വിശ്വാസി, അവിശ്വാസി എന്നിങ്ങനെയൊക്കെയുള്ള പഴയ പരികല്‍പനകളുടെ അര്‍ഥം നഷ്ടപ്പെട്ടിരിക്കുന്നു. ഇതെല്ലാം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തരാതരം എടുത്തണിയാനും ഊരിവെക്കാനും കഴിയുന്ന മുഖം മൂടികളാണെന്നു വന്നിരിക്കുന്നു. ഏറെ സ്‌നേഹിക്കുന്നവരില്‍ നിന്നു ഏറെ പ്രതീക്ഷിക്കുന്നത് സ്വാഭാവികം. പ്രതീക്ഷകള്‍ ഫലിക്കാതെ വരുമ്പോള്‍ ഏറെ സ്‌നേഹിച്ചവര്‍ക്കെതിരെ ഏറെ വിദ്വേഷം കത്തിജ്ജ്വലിക്കുക എന്നതും സ്വാഭാവികം. ഇതാണ് ഇന്ന് ഇടതുപക്ഷരാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അമേരിക്കയിലും യൂറോപ്പിലും ഇന്നു പടര്‍ന്നു കത്തുന്ന വലതുപക്ഷ മുന്നേറ്റത്തില്‍ നിന്നു വേണമെങ്കില്‍ ഇടതുപക്ഷത്തിനു ചില പാഠങ്ങള്‍ പഠിക്കാന്‍ കഴിയും.
ഇന്ത്യയിലെ കോണ്‍ഗ്രസും ബി ജെ പിയും പോലുള്ള വ്യത്യാസമേ അമേരിക്കയിലെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍ ഉള്ളു. നെഹ്‌റുവിന്റെ കാലത്തെ കോണ്‍ഗ്രസല്ല രാഹുല്‍ ഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസ് എന്നു പറയുന്നതുപോലെ മഹാനായ എബ്രഹാംലിങ്കന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയല്ല ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്ന് എല്ലാവര്‍ക്കും അറിയാം. ഡമോക്രാറ്റുകള്‍ പുരോഗമനാശയക്കാരായി ഒക്കെ ഭാവിക്കും. സ്ത്രീശാക്തീകരണം,സ്വതന്ത്രലൈംഗികത, സ്വവര്‍ഗാനുരാഗികളുടെ പുനധിവാസം, മതമൗലികതാവാദവിരോധം, കുടിയേറ്റക്കാര്‍ക്കു സംരക്ഷണം, വര്‍ണവിവേചനത്തിനു അന്ത്യം കുറിക്കല്‍ എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമായ സകല വിഷയങ്ങളിലും പോയി തലയിട്ട് പുരോഗമനാശയക്കാരായി നടിക്കും. പക്ഷേ എന്തിലും ഏതിലും മുന്നില്‍ നില്‍ക്കുക തന്‍കാര്യസംരക്ഷണം മാത്രമായിരിക്കും. ഇറാഖിലെ സദ്ദാം ഹുസൈനെതിരായ കടന്നാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി ക്ലിന്റണ്‍ ആയിരുന്നു. ലോകത്തിന്റെ പോലീസുകാരനായി ചമയാന്‍ അമേരിക്കക്കു കിട്ടുന്ന ഒരവസരവും പാഴാക്കിയ ചരിത്രം ഈ പുരോഗമനത്തിന്റെ പുറംപൂച്ചുകാരായ ഡെമോക്രാറ്റുകള്‍ക്കില്ല. ഇതുകൊണ്ടുകൂടിയായിരിക്കുമല്ലോ ഡെമോക്രാറ്റുകളുടെ വിടുവായത്തത്തേക്കാള്‍ റിപ്പബ്ലിക്കന്‍സിന്റെ വാഗ്ദാനങ്ങളെ കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ വോട്ടര്‍മാര്‍ സ്വീകരിച്ചത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഇടതുപക്ഷം തെല്ല് ആത്മവിമര്‍ശപരമായി ഉള്‍ക്കൊള്ളേണ്ട ഒട്ടേറെ ഘടകങ്ങള്‍ ഇന്നു ലോകത്താകെ പ്രകടമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷമുന്നേറ്റത്തിലുണ്ട്. 1970 കളില്‍ തുടക്കം കുറിച്ച ആഗോളവത്കരണനയങ്ങള്‍ ലക്ഷ്യം കാണാതെ അലഞ്ഞുതിരിയുന്നതാണ് എവിടെയും കാണുന്നത്. ഇത് അമേരിക്കയുടെ മാത്രം അവസ്ഥയല്ല. ലോകവ്യാപകമായി നല്ലൊരുവിഭാഗം ജനങ്ങള്‍ പലതരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികളില്‍ ഉഴലുകയാണ്. 60കളിലെ ദാരിദ്ര്യത്തിന്റെ മുഖം തുടച്ചുമാറ്റപ്പെട്ടു എന്നൊക്കെ മേനി പറയുന്നതില്‍ വലിയ കഴമ്പില്ല. ആഗോളവത്കരണം സൃഷ്ടിച്ച ദാരിദ്ര്യത്തിനു വ്യത്യസ്തമായ മറ്റൊരു മുഖമാണ് കൈവന്നത്. അതിസമ്പന്നരും ഇടത്തരക്കാരും കീഴ്ത്തട്ടുകാരും ആയി വിഭജിക്കപ്പെട്ട ജനസമൂഹങ്ങളില്‍ അതിസമ്പന്നര്‍ക്കു മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയുകയും ഇടത്തട്ടുകാരന്റെ മേല്‍ത്തട്ട് സ്വപ്‌നങ്ങള്‍ തകര്‍ന്ന് തരിപ്പണമാകുകയും ക്രമേണ അവര്‍ താഴെ തലങ്ങളിലേക്കു തള്ളപ്പെടുകയും ചെയ്തു. നിയോലിബറല്‍ സാമ്പത്തിക നയം മൂലം തൊഴിലില്ലായ്മ വര്‍ധിച്ചു. തൊഴില്‍ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യവും തൊഴിലില്‍ നിന്നുള്ള സംതൃപ്തിയും മരീചികയായി. സാമ്പത്തിക അസമത്വം ഭീകരമായി വര്‍ധിച്ചു. പുകഞ്ഞു കത്തുന്ന അസംതൃപ്തി തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്കും ഭീകരപ്രവര്‍ത്തനങ്ങളിലേക്കും അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളെ ആകൃഷ്ടരാക്കി. സ്വതന്ത്രവ്യാപാരത്തിനായി മുറവിളികൂട്ടിയവര്‍ തന്നെ അതുളവാക്കിയ പ്രത്യാഘാതങ്ങള്‍ക്കു മുന്നില്‍ അന്തിച്ചു നിന്നുപോയി. ഉദാഹരണത്തിനു വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്കന്‍ കമ്പോളങ്ങളിലേക്കു ഇരച്ചു കയറിയപ്പോള്‍ അമേരിക്കന്‍ ഫാക്ടറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടു. കമ്പനികളില്‍ ലേ- ഓഫ് പതിവായി. ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസ ചെലവുകളും സാധാരണക്കാരനു താങ്ങാന്‍ കഴിയാതെ വന്നു.
ഇത്തരം ഭൗതികസാഹചര്യം വലതുപക്ഷനേതാക്കന്മാര്‍ക്കു വേരിറക്കാന്‍ പറ്റിയ മണ്ണാണ്. ഇംഗ്ലണ്ടിലെ ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ ഇത് നമ്മള്‍ കണ്ടതാണ്. ജര്‍മനിയില്‍ കുടിയേറ്റക്കാര്‍ക്കു അനുകൂലമായ നിലപാടുകള്‍ പിന്തുടരുന്ന അഞ്ചലാമെര്‍ക്കലിന്റെ പാര്‍ട്ടി തിരിച്ചടി നേരിടുകയാണ്. പോളണ്ടിലും ഹംഗറിയിലും നോര്‍വേ, പോര്‍ച്ചുഗല്‍, എന്തിന് സ്വീഡനില്‍ പോലും മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിക്കൊണ്ട് വന്ന് തദ്ദേശീയ സമൂഹങ്ങളെ പിന്നോട്ട് നടക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഇന്ത്യയില്‍ മോദിയും സംഘപരിവാറും ഇതുതന്നെയാണ് പിന്തുടരുന്ന നയം. ഇതിനു പലപ്പോഴും സഹായികളായി പ്രവര്‍ത്തിക്കുന്നത് അതാത് നാടുകളിലെ മതമൗലികവാദ സംഘടനകളാണ്. പുരോഗമനശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെ പരിഹസിച്ചു തള്ളാനാണിവര്‍ക്കു താത്പര്യം. അരാഷട്രീയതയുടെ യാഗാശ്വങ്ങള്‍ക്കു സൈ്വര്യവിഹാരം നടത്താന്‍ പറ്റിയ വഴിത്താരകളാണ് മതമൗലികവാദികള്‍ ഒരുക്കിക്കൊടുക്കുന്നത്. അമേരിക്കയുടെ കാര്യം തന്നെ എടുക്കാം. ലോകത്തിലെ ഏറ്റവും അപകടകാരികളായ ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റുകളാണ് അമേരിക്കയിലെ മുഖ്യമതധാര. മറ്റുള്ളവയെല്ലാം വെറും നാമമാത്ര സാന്നിധ്യമാണ്. ലോകാവസാനം വാതില്‍ക്കല്‍ നില്‍ക്കുന്നു എന്നതാണ് അവരുടെ മുഖ്യസന്ദേശം. ഏത് കൊടിയ മയക്കുമരുന്നിനെക്കാള്‍ ലഹരിയുള്ളതാണ് അവരുടെ ആത്മീയപ്രഭാഷണങ്ങള്‍. ജീവിതപ്രശ്‌നങ്ങളെ ഭൗതികമായി അഭിമുഖീകരിക്കുന്നതിനോ രാഷട്രീയമായി നേരിടുന്നതിനോ ചെറുപ്പക്കാര്‍ക്കു അവസരം ലഭിക്കുന്നതിനു മുമ്പ് തന്നെ ഇവാഞ്ചലിസ്റ്റു ഭ്രാന്തന്മാര്‍ അവരുടെ മേല്‍ പിടിമുറുക്കുന്നു. മരിച്ചു സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ സ്വര്‍ഗത്തിലെ സ്വര്‍ണ്ണം പൂശിയ നാലുവരിപ്പാതകളിലൂടെ റോള്‍റോയീസ് കാറോടിച്ചു പോകുന്നതിനെക്കുറിച്ച് അമേരിക്കന്‍ ക്യാമ്പസിലെ ഇടത്തരം വിദ്യാര്‍ഥികള്‍ സ്വപ്‌നം കണ്ടു തുടങ്ങുന്നു. അല്ലാത്തവരെ മദ്യവും മയക്കുമരുന്നും മദാലസകളും മാടിവിളിക്കുന്നു. ആത്മരക്ഷക്കു എന്ന വ്യാജേന പോക്കറ്റില്‍ തോക്കുമായി നടക്കുന്ന പ്രൈമറിസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ പോലും സഹവിദ്യര്‍ഥികള്‍ക്കെതിരെ കൂസലന്യേ നിറയൊഴിക്കുന്നു. ഇതാണ് അമേരിക്കന്‍ സ്വര്‍ഗം. ഈ സ്വര്‍ഗവാസികളുടെ വോട്ടുകള്‍ ഡൊണാള്‍ഡ്ട്രംപിനെപ്പോലുള്ള ശതകോടീശ്വരന്മാരുടെ പെട്ടിയില്‍ വീഴുന്നു.
വിജയപ്രഖ്യാപനത്തിന്റെ തൊട്ടുപിന്നാലെ തന്നെ ട്രംപിന്റെ അസംബന്ധ പ്രഖ്യാപനങ്ങളില്‍ പ്രതിഷേധം അറിയിച്ചുകൊണ്ടുള്ള യുവാക്കളുടെയും വനിതകളുടെയും പ്രകടനവും യു എസ് തെരുവുകളെ ഹരം പിടിപ്പിക്കുന്നു. ഇതൊരു ആഭ്യന്തര കലാപമായി വളരാനൊന്നും പോകുന്നില്ല. എന്തായാലും പ്രചാരണ ദിവസങ്ങളില്‍ ട്രംപ് നടത്തിയ പല പ്രസ്താവനകളും ലോകം ചിരിച്ചു തള്ളിയിരിക്കാം. പക്ഷേ അമേരിക്കയെപ്പോലുള്ള മഹത്തായ ഒരു രാജ്യത്തിന്റെ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്നതിനു മുമ്പ് അത്തരം പ്രസ്താവനകള്‍ പിന്‍വലിച്ച് ലോകത്തോട് മാപ്പു പറയാനുള്ള ധാര്‍മിക ബാധ്യത അദ്ദേഹം നിറവേറ്റും എന്നു പ്രതിക്ഷിക്കുന്ന ശുദ്ധാത്മക്കളും നമുക്കിടയിലുണ്ട്.
എന്തൊക്കെയായിരുന്നു ആ പ്രസ്താവനകള്‍? 1. അമേരിക്കന്‍ ജനതയുടെ ജീവിതദുരിതത്തിനു കാരണം മെക്‌സിക്കോയില്‍ നിന്നുള്ള ഹിസപാനിക്കുകളുടെയും അറബ് ലോകത്തുനിന്നുള്ള മുസ്‌ലിംകളുടെയും കുടിയേറ്റമാണ്. മെക്‌സിക്കന്‍ കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടും. 2. മുസ്‌ലിംകളെ അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. 3. അമേരിക്ക വെള്ളക്കാരുടെ നാടാണ്. ഇങ്ങനെ ചികഞ്ഞു ചെന്നാല്‍ അദ്ദേഹത്തിന്റെ വായില്‍ നിന്നും പൊഴിഞ്ഞു വീണ മനുഷ്യത്വവിരുദ്ധമായ ഒട്ടേറെ പ്രസ്താവനകളുണ്ട്. പ്രസിഡണ്ട് എന്ന നിലയില്‍ ഇതൊന്നും പ്രാവര്‍ത്തിമാക്കാന്‍ ട്രംപിനു കഴിഞ്ഞുവെന്നു വരില്ല. എങ്കില്‍ തന്നെ മനുഷ്യരാശി അതിന്റെ പക്വാവസ്ഥയെ പ്രാപിക്കുന്നതിനു എത്രയോ മുമ്പ് തന്നെകൊണ്ടുനടന്നിരുന്ന വംശീയവും വര്‍ഗീയവും ലിംഗപരവുമായ സങ്കുചിത ദര്‍ശനങ്ങള്‍ക്കു നവജീവന്‍ പകരാന്‍ ട്രംപിന്റെ ഭരണം ഇടവരുത്തും.
1933ല്‍ ഹിറ്റ്‌ലര്‍ ജര്‍മനിയിലും 1926ല്‍ മുസ്സോളിനി ഇറ്റലിയിലും അധികാരത്തില്‍ വന്നതിനു സമാനമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ അമേരിക്ക സൃഷ്ടിച്ചിരിക്കുന്നത്. അന്ധമായ ദേശഭ്രാന്ത്, ചൂണ്ടിക്കാണിക്കാന്‍ ഒരു ജൂതശത്രു. തീര്‍ഥാടകപിതാക്കന്മാര്‍ അടിത്തറയിട്ട ജോര്‍ജ് വാഷിംങ്ങ്ടനും എബ്രഹാംലിങ്കണും ജോണ്‍ എഫ്. കെന്നഡിയും ഒക്കെ രൂപപ്പെടുത്തിയ വര്‍ഗ വര്‍ണ വംശീയ വിവേചനത്തിനു ഒക്കെ എതിരു നിന്ന ഒരു മാതൃകാരാജ്യം, ദൈവത്തെ ഉപേക്ഷിച്ച മാമോനു സമ്പൂര്‍ണമായി കീഴടങ്ങിയതിന്റെ അടയാളമായിട്ടായിരിക്കുമോ ഡൊണാള്‍ഡ്ട്രംപിന്റെ വെള്ളക്കൊട്ടാരവാസത്തെ ചരിത്രം രേഖപ്പെടുത്തുക. കാത്തിരുന്നു കാണാം.