Connect with us

Kasargod

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പിതാവിന്റെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധം

Published

|

Last Updated

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതരായ വിദ്യാര്‍ഥികളുടെ പിതാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെര്‍ള വാണിനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും ബെള്ളൂര്‍ കിന്നിംഗാറിലെ ചിപ്പിലക്കയ സ്വദേശിയുമായ ജഗന്നാഥ പൂജാരി(53)യെയാണ് കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബേങ്കില്‍ നിന്നും വന്ന ജപ്തി നോട്ടീസാണ് ജഗന്നാഥ പൂജാരിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. രാവിലെ തോട്ടത്തിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ജഗന്നാഥ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ജഗന്നാഥനെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
മക്കളായ ഹരികിരണ്‍(20), ഹരിസ്മിത(19) എന്നിവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരും ജന്മനാ അന്ധരുമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലുള്ള ഇവരുടെ ചികിത്സക്കായി ലക്ഷകണക്കിനു രൂപ ചെലവഴിച്ചിരുന്നു. ബാങ്കുകളില്‍ നിന്നും വായ്പയെടുത്താണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. സാമ്പത്തിക പരാധീനതകള്‍ മൂലം വായ്പാ തുക തിരിച്ചടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ പണം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ജഗന്നാഥക്ക് ലഭിച്ചു. ഇതിന്റെ മനോവിഷമത്തിലായിരിക്കാം ജഗന്നാഥ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
എന്റോസള്‍ഫാന്‍ വിഷയവുമായി ബന്ധപ്പെട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ബെള്ളൂര്‍ പഞ്ചായത്തില്‍ നിന്ന് റിപ്പോര്‍ട്ടു ചെയ്യുന്ന രണ്ടാമത്തെ ആത്മഹത്യയാണ് ജഗന്നാഥയുടേത്. നവംബര്‍ 4ന് ബെള്ളൂരിലെ നാട്ടക്കല്ല് കലേരിയിലെ രാജീവി (60) ജീവനൊടുക്കിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയിലുള്ള രാജീവി പരിയാരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതോടെയാണ് രാജീവി ആത്മഹത്യ ചെയ്തത്.
രാജീവിയുടെയും ജഗന്നാഥയുടെയും ആത്മഹത്യകള്‍ക്കുത്തരവാദി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസും ലീഗും ബി ജെ പിയും ആരോപിക്കുന്നത്.

Latest