പത്ത് വര്‍ഷമായിട്ടും പണി പൂര്‍ത്തിയാകാതെ ഫിഷിംഗ് ഹാര്‍ബര്‍: കടലോരം പ്രതിഷേധച്ചൂടില്‍

Posted on: November 15, 2016 11:32 am | Last updated: November 15, 2016 at 11:32 am
നിര്‍മാണം നിലച്ച കൊയിലാണ്ടി ഹാര്‍ബര്‍
നിര്‍മാണം നിലച്ച കൊയിലാണ്ടി ഹാര്‍ബര്‍

കൊയിലാണ്ടി: കൊയിലാണ്ടി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മാണ ജോലികള്‍ 10 വര്‍ഷമായിട്ടും പൂര്‍ത്തിയാകാത്തതില്‍ കടലോര മേഖലയില്‍ പ്രതിഷേധമുയരുന്നു. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 15ന് 10 മണിക്ക് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നുണ്ട്. 2006 ഡിസംബര്‍ 17നാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഹാര്‍ബറിന് ശിലാസ്ഥാപനം നടത്തിയത്. ഹാര്‍ബര്‍ നിര്‍മാണം മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു ശിലാസ്ഥാപന വേളയില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 10 വര്‍ഷം പിന്നിട്ടിട്ടും നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് മത്സ്യ തൊഴിലാളികള്‍ സമര രംഗത്തിറങ്ങുന്നതെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് പി പി രാമനും സെക്രട്ടറി സി എം പ്രജിത്തും പറഞ്ഞു.
ഹാര്‍ബര്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അഞ്ച് കോടി രൂപ സംസ്ഥാന ബഡ്ജറ്റില്‍ അനുവദിച്ചിട്ടുണ്ട്. വടക്കു ഭാഗം പുളിമുട്ട് ദീര്‍ഘിപ്പിക്കുന്ന പ്രവൃത്തി ഇപ്പോള്‍ നടക്കുന്നുണ്ട്. വടക്കു ഭാഗം നിര്‍മിച്ച പുലിമുട്ടിന്റെ നീളം 85 മീറ്റര്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. തെക്കു ഭാഗത്ത് 915 മീറ്റര്‍ നീളത്തിലും വടക്കു ഭാഗത്ത് 1600 മീറ്റര്‍ നീളത്തിലുമാണ് പുളിമൂട്ട് നിര്‍മിക്കേണ്ടത്. ഇതില്‍ തെക്ക് ഭാഗത്ത് പുളിമുട്ട് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. വടക്കു ഭാഗത്ത് നിലവില്‍ 1515 മീറ്റര്‍ നീളത്തിലാണ് പുൡമൂട്ട് നിര്‍മിച്ചിരുന്നത്. ബാക്കി 85 മീറ്റര്‍ കൂടി നിര്‍മിക്കുന്ന പണിയാണ് പൂര്‍ത്തിയാക്കാനുളളത്. വാര്‍ഫിനും കരയ്ക്കുമിടയിലുളള സ്ഥലത്ത് മണ്ണ് നിറക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കാനുണ്ട്.
ഹാര്‍ബറിന്റെ ഭാഗമായി രണ്ട് പുലിമുട്ടുകളും, വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. ഒരു ലേലപ്പുര കൂടി പുതിയ നിര്‍മാണ പ്രവൃത്തിയിയുടെ ഭാഗമായി ഉണ്ടാക്കണം. ഇതോടനുബന്ധിച്ചു ഓഫീസ്, കടമുറികള്‍, കാന്റീന്‍, ടോയ്‌ലറ്റ്, ചുറ്റു മതില്‍, ഗെയിറ്റ് ഹൗസ്, റോഡ്, പാര്‍ക്കിംഗ് ഏരിയ, ഓവ് ചാല്‍, മാലിന്യ സംസ്‌ക്കരണ സംവിധാനം എന്നിവയും ഉണ്ടാക്കണം. വാര്‍ഫില്‍ മണ്ണ് നിറയ്ക്കുന്ന പണി പൂര്‍ത്തിയായെങ്കില്‍ മാത്രമെ ഇനിയുളള നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ കഴിയുകയുളളു. അധികൃതരുടെ നിസ്സംഗത കാരണമാണ് ഹാര്‍ബര്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തതെന്നാണ് മത്സ്യത്തൊഴിലാളികളുടെ പക്ഷം.