Connect with us

Kozhikode

നല്ലൂരിലെ 33 കെ വി സബ് സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമായി

Published

|

Last Updated

നല്ലൂര്‍ അത്തന്‍ വളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ 33 കെ വി സബ് സ്റ്റേഷന്‍

നല്ലൂര്‍ അത്തന്‍ വളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ 33 കെ വി സബ് സ്റ്റേഷന്‍

ഫറോക്ക്: നല്ലൂര്‍ അത്തന്‍ വളവിലെ പുതുതായി നിര്‍മാണം പൂര്‍ത്തീകരിച്ച 33 കെ വി സബ് സ്റ്റേഷന്‍ പ്രവര്‍ത്തന സജ്ജമായി. ഇതിന്റെ ഭാഗമായി പരീക്ഷണാര്‍ഥം വൈദ്യുതി ഫീഡറുകളിലേക്ക് കടത്തിവിട്ട് കഴിഞ്ഞ ദിവസം പ്രവര്‍ത്തനം തുടങ്ങി.
വൈദ്യുതി വിതരണം കുറ്റമറ്റതാക്കാന്‍ വേണ്ടി ഫറോക്ക് മേഖലയിലെ ഭൂഗര്‍ഭ വിതരണ റിംഗ് മെയിന്‍ യൂനിറ്റുകളുടെ അവസാനഘട്ടത്തിയ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഈ ആഴ്ചയോടെ പൂര്‍ത്തിയാകും. ആദ്യ ഘട്ടത്തില്‍ ബേപ്പൂരിലെ അഞ്ച് റിംഗ് മെയിന്‍ യൂനിറ്റുകളാണ് സജ്ജമാക്കിയത്. സബ് സ്റ്റേഷനില്‍ നിന്നുള്ള 11 കെവി ഫീഡറുകള്‍ ഭൂഗര്‍ഭ കേബിളുകളുമായി ബന്ധിപ്പിച്ചാണ് വിതരണം നടത്തുന്നത്. നല്ലൂരിലെ സബ് സ്റ്റേഷനില്‍ അതിനൂതമായ രണ്ട് ഇന്‍ഡോര്‍ സ്വിച്ച് ഗിയര്‍ പാനലുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പാനലിലൂടെയായായിരിക്കും വൈദ്യുതി വിതരണം നിയന്ത്രിക്കുക.
ഇലക്ട്രിക്കല്‍ ഇന്‍സ്പകറേറ്റില്‍ നിന്നുള്ള വൈദ്യുതി കഴിഞ്ഞ ദിവസം പ്രദേശികതലങ്ങളില്‍ സ്ഥാപിച്ച ഫീഡര്‍ യൂനിറ്റുകളിലേക്ക് കടത്തിവിട്ടു. ഈ മാസം അവസാന വാരത്തിലാണ് ഉദ്ഘാടനം. മേഖലയിലെ മുഴുവന്‍ ഫീഡറുകളിലും റിംഗ് മെയിന്‍ യൂനിറ്റ് വഴി വൈദ്യുതി വിതരണം നടത്താനാണ് കെ എസ് ഇ ബി ലക്ഷ്യമിടുന്നത്.
ഫറോക്ക് ഡിവിഷന്‍ കീഴില്‍ നല്ലളം 220 കെ വി സബ് സ്റ്റേഷന്‍, ഗാന്ധി റോഡ് 110 കെ വി ജി ഐ എസ് ഗ്യാസ് ഇന്‍സുലേറ്റസ് സബ് സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിച്ചാണ് വിതരണം നടത്തുക. ബേപ്പൂര്‍, ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി, കല്ലായ്, അരീക്കാട്, പന്തീരങ്കാവ്, പെരുമണ്ണ സെഷനുകള്‍ക്ക് കീഴിലായി നൂറില്‍ പരം റിംഗ് മെയിന്‍ യൂനിറ്റുകള്‍ ഇതിനായി സ്ഥാപിച്ച് കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ആര്‍ എ പി ഡി ആര്‍ പി പദ്ധതിയില്‍ നാല് 11 കെ വി ഫീഡറുകളോടു കൂടി സ്ഥാപിച്ച റിംഗ് മെയിന്‍ യൂനിറ്റുകള്‍ വഴിയാണ് പുതിയ വിതരണ ശൃംഖല. ഇതിനായി 198 കോടി രൂപ ചെലവിട്ടാണ് കെ എസ് ഇ ബി അധികൃതര്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനായി നല്ലൂര്‍ അത്തന്‍ വളവില്‍ കെ എസ് ഇ ബിയുടെ 15 സെന്റ് സ്ഥലത്ത് നാലര കോടി രൂപ ചെലവിട്ടാണ് പുതിയ 33 കെ വി സബ് സ്റ്റേഷന്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. പ്രവര്‍ത്തനസജ്ജമായ പുതിയ സബ് സ്റ്റേഷന്‍ വഴി 75,000 ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന വോള്‍ട്ടേജോട് കൂടി തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാനാകുന്നതിന് പുറമെ മേഖലയിലെ ചെറുകിട വ്യവസായ ശാലകള്‍ക്കും ഏറെ ഗുണകരമാകും
വോള്‍ട്ടേജ് പ്രശ്‌നം പരിഹരിക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ 249 ട്രാന്‍സ്‌ഫോമുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥാപിച്ചവയെല്ലാം പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി അധികൃതര്‍ പറഞ്ഞു. ഇനിയുള്ളതിന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 100 കിലോമീറ്റര്‍ പുതിയ 11 കെ.വി ലൈനുകള്‍ സ്ഥാപിക്കുന്നതില്‍ 30 കിലോമീറ്റര്‍ ദൂരത്ത് ലൈനുകള്‍ വലിച്ചു. 150 കിലോമീറ്റല്‍ സിംഗിള്‍ ഫേസ് ത്രീ ഫേസാക്കി ക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും തീരദേശ മേഖലയിലും ഓവര്‍ ഹെഡ് ലൈനുകള്‍ മാറ്റി ഇന്‍സുലേറ്റഡ് എ ബ സി കണ്ടക്ടറുകളാക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. പഴയ മെക്കാനിക്കല്‍ മീറ്ററുകള്‍ മാറ്റി എല്‍ സി ഡി മീറ്ററുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. യൂനിറ്റ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ വൈദ്യുതി തടസ്സമമില്ലാതെ വിതരണം സാധ്യമാകുകയും അപകടങ്ങള്‍ ഒഴിവാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു.