മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും: മന്ത്രി

Posted on: November 15, 2016 11:03 am | Last updated: November 15, 2016 at 11:03 am
SHARE

kk shailajaമഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പറഞ്ഞു. മെഡിക്കല്‍ കോളജിലെ വാര്‍ഡുകളും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച ശേഷം കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനത്തിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും അത് സമയബന്ധിതമായി പൂര്‍ത്തീകരിച്ചിരുന്നില്ല. ഫണ്ട് ക്യത്യമായി ഉപയോഗിക്കാത്തതിനാലാണ് ഇങ്ങിനെ സംഭവിച്ചത്. നിലവില്‍ ഇവിടത്തെ പലകാര്യങ്ങളും ശൈശവാവസ്ഥയിലാണ്. ഇത് പൂര്‍ണസ്ഥിതിയിലാക്കാന്‍ നിരവധി നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ ആര്‍ദ്രം മിഷനില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കും. ഒ പി സൗകര്യങ്ങള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് മാറ്റി രോഗികള്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പാക്കും. സംസ്ഥാനത്ത് നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ അനാവശ്യമായി അപ്‌ഗ്രേഡ് ചെയ്തത് കൂടുതല്‍ അസൗകര്യങ്ങള്‍ക്ക് ഇടയാക്കിയതായി മന്ത്രി പറഞ്ഞു.
നിലവിലുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളായിരുന്നു വേണ്ടിയിരുന്നത്. വെറുതെ ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രികളുടെ ഗ്രേഡ് കൂടുന്നില്ലെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക ആരോഗ്യ രംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതുവഴി ചെറിയ അസുഖങ്ങള്‍ക്ക് പോലും മെഡിക്കല്‍ കോളജിലേക്ക് പോകുന്ന അവസ്ഥ ഇല്ലാതെയാകും. പി എച്ച് സിയെ എല്ലാ സൗകര്യങ്ങളുമുള്ള ഫാമിലി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തും. മെഡിക്കല്‍ വിദ്യര്‍ഥികള്‍ കോഴ്‌സില്‍ പ്രവേശിക്കുമ്പോള്‍ ബോണ്ട് ഒപ്പിട്ട് നല്‍കിയ പല വ്യവസ്ഥകളും പിന്നീട് പാലിക്കുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്നിടത്ത് ജോലി വേണമെന്നതാണ് ആവശ്യം. ഇവര്‍ക്കെതിരെ ഗവണ്‍മെന്റ് റവന്യു റക്കവറി ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ അഡ്വ. എം ഉമ്മര്‍ എം എല്‍ എ, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാന്ദന്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ഡി എം ഒ ഡോ. വി ഉമ്മര്‍ ഫാറുഖ്, പ്രിന്‍സിപ്പല്‍ ഡോ. മോഹനന്‍, സൂപ്രണ്ട് ഡോ. നന്ദകുമാര്‍, അഡ്വ. ഫിറോസ് ബാബു, ഇ എം മോഹന്‍ദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here