ട്രംപിനെതിരെ അഞ്ചാം ദിനവും പ്രക്ഷോഭം

Posted on: November 15, 2016 7:16 am | Last updated: November 15, 2016 at 9:20 am
ഡൊണാള്‍ഡ് ട്രംപിനെതിരെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റുവീണ വ്യക്തിക്ക് സഹപ്രവര്‍ത്തകര്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നു
ഡൊണാള്‍ഡ് ട്രംപിനെതിരെ പോര്‍ട്ട്‌ലാന്‍ഡില്‍ നടന്ന പ്രതിഷേധത്തിനിടെ വെടിയേറ്റുവീണ വ്യക്തിക്ക് സഹപ്രവര്‍ത്തകര്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയച്ചതിന് പിന്നലെ തുടങ്ങിയ പ്രക്ഷോഭങ്ങള്‍ക്ക് അമേരിക്കയില്‍ അയവില്ല. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ അഞ്ചാം ദിനവും പ്രക്ഷോഭം തുടരുകയാണ്.
മാന്‍ഹട്ടണില്‍ പ്രക്ഷോഭകര്‍ ട്രംപിനെതിരെ മുദ്രാവാക്യം വിളിക്കുകയും കുടിയേറ്റ നിലപാടുകളില്‍ ട്രംപിന്റെ നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തു. രേഖകള്‍ ഇല്ലാത്ത 11ലക്ഷം ആളുകളെ നാടുകടത്തരുതെന്നാണ് ട്രംപിനോട് ആദ്യമായി പറയാനുള്ളതെന്ന് പ്രക്ഷോഭകരില്‍ ഒരാള്‍ പറഞ്ഞു. അവര്‍ അമേരിക്കയില്‍ തുടരണം, തങ്ങള്‍ അവരോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ലോസ് ആഞ്ചല്‍സില്‍ സി എന്‍ എന്‍ വാര്‍ത്താ ചാനല്‍ ഓഫീസിന് മുന്നില്‍ നൂറോളം പേര്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. സ്വവര്‍ഗരതി, വിവാഹം, ഭിന്നലിംഗക്കാര്‍, കുടിയേറ്റം എന്നീ വിഷയങ്ങളില്‍ ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇവര്‍ നടത്തുന്നത്. പ്രക്ഷോഭകരില്‍ ചിലര്‍ തിരഞ്ഞെടുപ്പ് ഫലത്തെയും ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ലോസ് ആഞ്ചല്‍സില്‍ ഞായറാഴ്ച എട്ടായിരം പേര്‍ അണിനിരന്ന റാലി നടന്നിരുന്നു.