ബാങ്ക് വിളി ശബ്ദം ജൂതരില്‍ ‘അസ്വസ്ഥത’ സൃഷ്ടിക്കുന്നു; നിയന്ത്രിക്കുമെന്ന് നെതന്യാഹു

Posted on: November 15, 2016 9:12 am | Last updated: November 15, 2016 at 9:12 am

benjamin-nethanyahuജറൂസലം: പള്ളികളില്‍ നിന്നുയരുന്ന ബാങ്ക് വിളിയുടെ ശബ്ദം അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടി ബാങ്ക് വിളിക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഇസ്‌റാഈല്‍ ഗൂഢനീക്കം. പള്ളികളിലെ ബാങ്ക് വിളി ശബ്ദം കുറക്കണമെന്നാവശ്യപ്പെടുന്ന ബില്ലിന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണക്കും. അതേസമയം, മതസ്വാതന്ത്ര്യത്തിന് നേരെ ഇസ്‌റാഈല്‍ നടത്തുന്ന കടന്നാക്രമണമാണിതെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകളും സന്നദ്ധ സംഘങ്ങളും രംഗത്തെത്തി.
ഈ ബില്‍ നിയമമായാല്‍, പള്ളികളില്‍ നിന്ന് പൊതുവില്‍ ബാങ്ക് കൊടുക്കുന്നതിന് വിലക്ക് വരുമെന്നാണ് കരുതപ്പെടുന്നത്. ഇസ്‌റാഈലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബാങ്ക് വിളിയുടെ ശബ്ദത്തില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന നിരവധി പേര്‍ തന്നെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ടെന്ന് ക്യാബിനറ്റ് മീറ്റിംഗിന്റെ പ്രാരംഭത്തില്‍ സഭാംഗങ്ങളെ അറിയിക്കുകയായിരുന്നു. എല്ലാ ആരാധനാലയങ്ങളെയും ലക്ഷ്യമാക്കിയാണ് പുതിയ ബില്‍ കൊണ്ടുവരുന്നതെങ്കിലും ഇതിലൂടെ ഇസ്‌റാഈല്‍ ഉദ്ദേശിക്കുന്നത് മുസ്‌ലിം പള്ളികളില്‍ നിന്നുള്ള ബാങ്ക് വിളിയാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇസ്‌റാഈല്‍ ഭരണകൂടം മുസ്‌ലിംകളോട് കാലങ്ങളായി തുടര്‍ന്നുവരുന്ന വിവേചന രീതി ഇവിടെയും തുടരുമെന്നാണ് ഭയപ്പെടുന്നത്.
അതേസമയം, ഈ നീക്കത്തില്‍ പ്രതിഷേധിച്ച് നിരവധി മനുഷ്യാവകാശ സംഘടനകളും മറ്റും രംഗത്തെത്തി. ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്നതിന്റെ മറവില്‍ കടുത്ത വിവേചനമാണ് ഇസ്‌റാഈല്‍ സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയ ലാഭമാണ് നെതന്യാഹു ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.