ഏക വ്യക്തി നിയമം രാജ്യത്തെ അസ്ഥിരപ്പെടുത്തും: ഐ സി എഫ്

Posted on: November 15, 2016 9:09 am | Last updated: November 15, 2016 at 9:09 am
 ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ദ്വിദിന ക്യാമ്പ്  ബഹ്‌റൈനില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി           ഉദ്ഘാടനം ചെയ്യുന്നു
ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ദ്വിദിന ക്യാമ്പ് ബഹ്‌റൈനില്‍ വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

മനാമ: ഇന്ത്യാ രാജ്യത്തിന്റെ മതേതര സ്വഭാവവും ബഹുസ്വരതയും തകര്‍ക്കുന്ന തരത്തില്‍ ഏക വ്യക്തി നിയമം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അപലപനീയ മാണെന്ന് ബഹ്‌റൈനില്‍ നടന്ന ഐ സി എഫ് മിഡില്‍ ഈസ്റ്റ് കൗണ്‍സില്‍ ദ്വിദിന ക്യാമ്പ് അഭിപ്രായപ്പെട്ടു. വിവിധ മതക്കാരും സമുദായങ്ങളും സ്‌നേഹത്തോടും സൗഹാര്‍ദ്ദ ത്തോടും കഴിയുന്ന രാജ്യത്ത് അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാന്‍ മാത്രമേ ഇത്തരം നിലപാടുകള്‍ സഹായിക്കുകയുള്ളൂ. രാജ്യവരുമാനത്തില്‍ വലിയ പങ്ക് വഹിക്കുന്ന പ്രവാസികളുടെ സമ്പൂര്‍ണമായ ക്ഷേമത്തിനാവശ്യമായ കര്‍മപരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതില്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തെ ബാലിശമായ തടസ്സവാദങ്ങള്‍ നിരത്തി തകര്‍ക്കാനുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അഞ്ചിന് നടത്തുന്ന പാര്‍ലിമെന്റ് മാര്‍ച്ച് വന്‍വിജയ മാക്കാന്‍ ക്യാമ്പ് ആഹ്വാനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയതങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് പറവൂര്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം (യു എ ഇ), അബ്ദുല്‍കരീം ഹാജി മേമുണ്ട (ഖത്തര്‍), എം സി അബ്ദുല്‍ കരീം വടകര (ബഹ്‌റൈന്‍), അബൂബക്കര്‍ അന്‍വരി, മുജീബ് എ ആര്‍ നഗര്‍ (സഊദി), അബ്ദുല്ല വടകര (കുവൈത്ത്), നിസാര്‍ സഖാഫി, ഇസ്ഹാഖ് മട്ടന്നൂര്‍ (ഒമാന്‍) വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.