അഞ്ചാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം; കൈ ഒടിച്ചു

Posted on: November 15, 2016 4:59 am | Last updated: November 15, 2016 at 12:01 am

കൊല്ലം: വാളത്തുംഗല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി ടി അധ്യാപിക അഞ്ചാം ക്ലാസുകാരന്റെ കൈ ചവിട്ടിയൊടിച്ചു. സംഭവത്തെ തുടര്‍ന്ന് അധ്യാപിക ഷീജയെ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ക്ലാസില്‍ നടന്നപ്പോള്‍ അധ്യാപിക കുട്ടിയുടെ ഇടതുകൈ പിടിച്ച് ബെഞ്ചിനു പുറത്തുവെച്ച ശേഷം മുട്ടുകൊണ്ടു ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. ഇടിയില്‍ കൈക്ക് പൊട്ടല്‍ ഉണ്ടായി. പേനയെടുത്തതിന്റെ പേരിലാണ് തന്റെ കൈ അടിച്ചൊടിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മൊഴിയില്‍ പറയുന്നു.
ചികിത്സ തേടിയ കുട്ടിയുടെ കൈ പ്ലാസ്റ്ററിട്ടിട്ടുണ്ട്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സ്‌കൂള്‍ അധികൃതര്‍ കേസ് ഒതുക്കിതീര്‍ക്കുന്നതിന്റെ ഭാഗമായി കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പണം വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. വിവാദമായതോടെ സംഭവം ശരിയാണെന്നു പ്രിന്‍സിപ്പല്‍ സമ്മതിച്ചു. അധ്യാപികക്കെതിരെ നേരത്തെ പഠിപ്പിച്ചിരുന്ന സക്ൂളിലും പരാതികള്‍ ഉണ്ടായിട്ടുണ്ട്. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹുജന പ്രക്ഷോഭവും തുടങ്ങി.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറും കൊല്ലം എസ് പിയും സംഭവത്തെ കുറിച്ച് അനേ്വഷിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.