സുരക്ഷയില്ലാതെ പണവുമായി തപാല്‍ വകുപ്പ്

Posted on: November 14, 2016 5:05 pm | Last updated: November 14, 2016 at 8:06 pm

കണ്ണൂര്‍: പുതിയ നോട്ടുകള്‍ മാറി നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത തപാല്‍ വകുപ്പ് വെട്ടിലായി. ആവശ്യമായ മുന്നൊരുക്കങ്ങളൊന്നും നടത്താതെയാണ് എല്ലാ പോസ്റ്റല്‍ ഡിവിഷനുകള്‍ക്കും കീഴിലുള്ള സബ്‌പോസ്റ്റ് ഓഫീസുകളിലൂടെ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. രാജ്യത്തെ എല്ലാ സബ് പോസ്റ്റ് ഓഫീസുകളിലൂടെയും നോട്ടുകള്‍ മാറ്റി നല്‍കുന്നുണ്ട്.
സംസ്ഥാനത്ത് 23 ഡിവിഷനുകള്‍ക്ക് കീഴിലെ 1200 ഓളം സബ് പോസ്റ്റ് ഓഫീസുകളിലൂടെയാണ് അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കുന്നത്. പ്രഖ്യാപനം വന്നത് മുതല്‍ ബേങ്കുകള്‍ക്കൊപ്പം തന്നെ പോസ്റ്റ് ഓഫീസുകളില്‍ നിന്ന് പണം നല്‍കിത്തുടങ്ങിയിരുന്നു. ആദ്യ ദിവസം ഇടപാടുകാര്‍ കുറവായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ നീണ്ടനിര കാണാനായി. വലിയ നടപടി ക്രമങ്ങളില്ലാതെ പണം കിട്ടുമെന്നതിനാലാണ് ഇവിടങ്ങളിലേക്ക് ജനങ്ങള്‍ ഇരച്ചെത്തിയത്. എന്നാല്‍, തപാല്‍ ജീവനക്കാരെ ഇത് വലിയ വിഷമത്തിലാക്കി. സ്പീഡ് പോസ്റ്റ് ഉള്‍പ്പെടയുള്ള കത്തിടപാടുകളും മറ്റ് ദൈനംദിന പ്രവര്‍ത്തനങ്ങളും നടത്തുന്നതിനിടയില്‍ നോട്ട് മാറാന്‍ ജനങ്ങള്‍ എത്തുന്നത് ഇവരെ ശരിക്കും വലച്ചു.
അസാധുവായ നോട്ടുകള്‍ മാറ്റി നല്‍കലായിരുന്നു ജീവനക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയാസം സൃഷ്ടിച്ചത്. ഒരു പോസ്റ്റ് ഓഫീസില്‍ ചുരുങ്ങിയത് 15- 20 ലക്ഷം രൂപ വരെയാണ് വിതരണം ചെയ്യാന്‍ ലഭിച്ചത്.നാലായിരം രൂപ വരെയാണ് മാറ്റി നല്‍കുന്നത്. അസാധുവായ നോട്ടുകള്‍ ഏറ്റുവാങ്ങുമ്പോള്‍ സംശയം തോന്നിയാല്‍ ഇത് കള്ളനോട്ടാണോയെന്ന് തിരിച്ചറിയാനുള്ള സംവിധാനം ഇവിടങ്ങളിലില്ല. ബേങ്ക് ജീവനക്കാരെപ്പോലെ പതിവായി വലിയ തോതില്‍ പണം കൈകാര്യം ചെയ്ത് ശീലമില്ലാത്തതിനാല്‍ പല ജീവനക്കാര്‍ക്കും വ്യാജനേത് ഒറിജിനലേത് എന്ന് കണ്ടെത്താനാകാത്തകും പ്രയാസം സൃഷ്ടിച്ചു. വ്യാജന്‍ തിരിച്ചറിയാനാകാത്തത് പോലെ, നൂറിന്റെ 40 നോട്ടെണ്ണി നല്‍കുമ്പോഴുണ്ടാകുന്ന കൈപ്പിഴയിലും സാമ്പത്തിക നഷ്ടവും വേറെയാണ്.
പണം നിക്ഷേപിക്കാന്‍ പുതിയ അക്കൗണ്ടുകള്‍ തുറക്കുന്നതിനും അപ്പോള്‍ തന്നെ പിന്‍വലിക്കുന്നതിനും തപാല്‍ ഓഫീസുകളില്‍ ജനം ഒഴുകിയെത്തുന്നതാണ് മറ്റൊരു പ്രശ്‌നം. വലിയ നൂലാമാലകളൊന്നുമില്ലാതെ തപാല്‍ ഓഫീസുകളില്‍ പുതിയ അക്കൗണ്ട് തുറക്കാനാകും. അമ്പതിനായിരം രൂപവരെ പാന്‍ കാര്‍ഡില്ലാതെ നിക്ഷേപിക്കാം. നിക്ഷേപിച്ച അക്കൗണ്ടില്‍ നിന്ന് അപ്പോള്‍ തന്നെ പതിനായിരം പിന്‍വലിക്കുകയും ചെയ്യാം. ഈ സൗകര്യമുള്ളതിനാല്‍ നിരവധിയാളുകളാണ് പോസ്റ്റ് ഓഫീസുകളിലേക്കെത്തുന്നത്.
സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലുമായി പതിനായിരത്തിലധികം അക്കൗണ്ടുകള്‍ നാല് ദിവസത്തിനകം തുറന്നതായാണ് കണക്കുകള്‍. ഇതിന് പുറമെ സംസ്ഥാനത്തെ നാലായിരത്തോളം ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും നിക്ഷേപം സ്വീകരിക്കുന്നുണ്ട്. രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയുള്ള പ്രവര്‍ത്തന സമയത്ത് ഇവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
പണം സൂക്ഷിക്കേണ്ടിവരുന്നതാണ് ജീവനക്കാരെ ഭയപ്പെടുത്തുന്ന ഏറ്റവും വലിയ പ്രശ്‌നം. എസ് ബി ഐ, എസ് ബി ടി, കനറാ ബേങ്ക് എന്നിവിടങ്ങളിലാണ് തപാല്‍ ഓഫീസുകളിലെ പണമിടപാട് നടത്താറുള്ളത്. നിക്ഷേപയിനത്തിലുള്ള ലക്ഷങ്ങളും അസാധുവായ ലക്ഷങ്ങളുടെ മൂല്യമുള്ള നോട്ടുകളും വൈകീട്ട് ആറിന് മുമ്പെങ്കിലും എത്തിച്ചാല്‍ മാത്രമേ ബേങ്കുകളില്‍ സ്വീകരിക്കുകയുള്ളൂ. പ്രത്യേക സാഹചര്യത്തില്‍ പോലും അതിന് ഇളവ് നല്‍കിയിട്ടില്ല.
പണമിടപാട് ഏറെ വൈകുന്നതിനാലും കിട്ടിയ പണം രണ്ടോ മൂന്നോ തവണ എണ്ണിത്തിടപ്പെടുത്തേണ്ടതിനാലും കൃത്യസമയത്ത് ബേങ്കില്‍ പണമെത്തിക്കാന്‍ തപാല്‍ജീവനക്കാര്‍ക്ക്കഴിയാറില്ല. അതിനാല്‍ പണം പോസ്റ്റ്മാസ്റ്ററുടെയും മറ്റും ഉത്തരവാദിത്വത്തില്‍ സൂക്ഷിക്കേണ്ടിവരികയാണ്.