പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവം: പ്രിന്‍സിപ്പലിനെതിരെ കേസെടുക്കും

Posted on: November 11, 2016 10:59 am | Last updated: November 11, 2016 at 10:59 am

ഫറോക്ക്: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയമാക്കിയ കേസില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. പെരുമണ്ണ ഇ എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയപ്രകാശനെതിരെ റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (അഞ്ച്) ജഡ്ജി നിഷയാണ് ഉത്തരവിട്ടത്.
റാഗിംഗിന് വിധേയനായ പ്ലസ് വണ്‍ വിദ്യാര്‍ഥി മുജീബ് റഹ്മാന്റെ മാതാവ് പന്തീരങ്കാവ് മണക്കടവ് കാളിയം കുന്നുമ്മല്‍ വീട്ടില്‍ ആഇശയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 22നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. യൂനിഫോം ധരിച്ചില്ലെന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ഥികളായ പതിനഞ്ചോളം പേര്‍ മുജീബിനെ ആക്രമിക്കുകയായിരുന്നു.
മര്‍ദനത്തില്‍ മുജീബിന്റെ മൂക്കിന്റെ പാലം തകരുകയും ഇടതു കൈയുടെയും കാലിന്റെ പാദത്തിനും ഒടിവുമുണ്ടായി. ശരീര മാസകലം പരുക്കേറ്റ മുജീബ് പിന്നീട് സ്‌കൂളില്‍ തുടര്‍ പഠനത്തിന് പോയിട്ടില്ല. പിറ്റേ ദിവസം തന്നെ മാതാവ് രേഖാമൂലം പ്രിന്‍സിപ്പലിന് പരാതി നല്‍കി. എന്നാല്‍ പ്രിന്‍സിപ്പല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ റാഗിംഗ് വിവരം മറച്ചുവെച്ചു. ആഗസ്റ്റ് 25 ന് മാതാവ് നല്ലളം പോലീസില്‍ പരാതി നല്‍കുകയും വിദ്യാര്‍ഥികളുടെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി എടുക്കാതിരിക്കുകയും പോലീസില്‍ അറിയിക്കാതിരിക്കുകയും ചെയ്ത കുറ്റത്തിനാണ് പ്രിന്‍സിപ്പലിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.