Connect with us

National

2000 രൂപ നോട്ട് കൊണ്ട് ഗുണം കൈക്കൂലി വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും ആണെന്ന്‌ കെജ്‌രിവാള്‍

Published

|

Last Updated

ന്യൂഡല്‍ഹി:500,1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്ത്. നോട്ടുകള്‍ അസാധുവാക്കിയത് കൊണ്ട് കൈക്കൂലിയും കള്ളപ്പണവും ഇല്ലാതാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നിരവധി വിദഗ്ദരുമായി താന്‍ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചുവെന്നും 1000ത്തിന് പകരം 2000 രൂപയുടെ നോട്ട് കൊണ്ടുവന്നാല്‍ കള്ളപ്പണം എങ്ങനെ തടയാമെന്ന് അവര്‍ക്് വിശദീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കള്ളപ്പണക്കാരനേയോ, പണക്കാരനേയോ ബാങ്കിന് മുന്നില്‍ ക്യൂവില്‍ കാണാന്‍ കഴിഞ്ഞോ? പാവപ്പെട്ട കര്‍ഷകരും ഓട്ടോ ഡ്രൈവര്‍മാരും കച്ചവടക്കാരും സാധാരണ ജോലിക്കാരുമാണ് നോട്ട് മാറാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുന്നത്. ഈ ആളുകളാണോ കള്ളപ്പക്കാരെന്ന് കെജ്‌രിവാള്‍ ചോദിച്ചു.
പുതിയ 2000 രൂപാ നോട്ടുകൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത് കൈക്കൂലി വാങ്ങുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കുമാണെന്നും, മുമ്പ് ആയിരത്തിന്റെ 100 നോട്ടുകള്‍ വാങ്ങിയിരുന്നവര്‍ക്ക് ഇപ്പോള്‍ രണ്ടായിരത്തിന്റെ 50 നോട്ടുകള്‍ വാങ്ങിയാല്‍ മതിയെന്നും ഇതാണ് പുതിയ നോട്ടിന്റെ പ്രയോജനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ പുതിയ നീക്കത്തെ കുറിച്ച് ബിജെപിയുടെ സുഹൃത്തുക്കള്‍ക്ക് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരിക്കണമെന്നും അവര്‍ പണം വിദേശത്തേക്ക് കടത്തുകയോ ഇവിടെ സ്ഥലമോ സ്വര്‍ണമോ വാങ്ങിയിരിക്കാമെന്നും അദ്ദേഹം ആരോപിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയ 648 ഇന്ത്യാക്കാരുടെ പേരുകള്‍ പുറത്ത് വിടണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ പണ വിനിമയ ആപ്ലിക്കേഷനായ പേടിഎം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ചതിനെതിരെയും കെജ്രിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇത് അങ്ങേയറ്റത്തെ നാണക്കേടാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയുടെ പ്രധാന ഗുണഭോക്താക്കള്‍ പേടിഎമ്മാണ്. അടുത്ത ദിവസം മോദി പേടിഎമ്മിന്റെ പരസ്യമോഡലായി രംഗത്ത് എത്തും. പേടിഎമ്മുമായി മോദിക്ക് എന്താണ് ഇടപാടെന്നും കെജ്‌രിവാള്‍ ചോദിച്ചു.

Latest