15ലക്ഷം രൂപവീതം രാജ്യത്തെ പൗരന്‍മാര്‍ക്ക് അക്കൗണ്ടിലിട്ട് കൊടുക്കുമെന്ന് പറഞ്ഞത് മോദി മറന്നുപോയോ?; കോടിയേരി

Posted on: November 9, 2016 11:34 pm | Last updated: November 10, 2016 at 1:04 am

KODIYERIഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…
കള്ളപ്പണം തടയാന്‍ വേണ്ടി 1000,500രൂപാ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രഖ്യാപനം മറന്നുപോയോ?
തന്നെ പ്രധാനമന്ത്രിയാക്കിയാല്‍ വിദേശത്ത് നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുക്കുമെന്നും ആ പണത്തില്‍ നിന്ന് 15ലക്ഷം രൂപവീതം രാജ്യത്തെ പൗരന്‍മാര്‍ക്ക് അക്കൗണ്ടിലിട്ട് കൊടുക്കുമെന്നുമാണ് മോഡി പറഞ്ഞത്.
ഇപ്പോള്‍ ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി രംഗത്തിറങ്ങുമ്പോള്‍ മോഡിയുടെ പഴയ പ്രഖ്യാപനമെന്തായി എന്ന് അവിടുത്തെ ജനങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആ ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ എന്തെങ്കിലും ഗിമ്മിക്ക് പ്രയോഗിക്കണമെന്ന് മോഡിയുടെ ക്യാമ്പ് ആലോചിച്ചപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന തന്ത്രമായിരിക്കും ഈ നോട്ട്അസാധുവാക്കല്‍.
മോഡിയുടെ ഈ നടപടിയിലൂടെ കൈയ്യില്‍ സൂക്ഷിക്കുന്ന കള്ളപ്പണം മാത്രമാണ് വിലയില്ലാതെയാവുന്നത്. എന്നാല്‍, അതല്ല പ്രധാന കള്ളപ്പണമെന്ന് മുകളില്‍ പറഞ്ഞ പ്രസ്താവനയിലൂടെ മോഡി രാജ്യത്തോട് പറഞ്ഞിട്ടുണ്ട്.
രാജ്യത്തെ നിരവധിയായ കോര്‍പറേറ്റുകള്‍ക്ക് അഞ്ച് ലക്ഷം കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നികുതിയിളവ് ചെയ്ത് കൊടുത്തത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഈ വകയിലുള്ള തുക 42 ലക്ഷം കോടിയാണ്. ആ പണം എവിടെയാണ് പ്രധാനമന്ത്രീ സൂക്ഷിച്ചിട്ടുണ്ടാവുക? കള്ളപ്പണത്തിന്റെ എല്ലാ സ്രോതസുകളും നരേന്ദ്ര മോഡി പരിഗണിക്കുന്നില്ലേ?
ചെറിയ കാര്‍ഷിക വായ്പയെടുത്ത ചെറുകിട കൃഷിക്കാര്‍ രാജ്യത്ത് ആത്മഹത്യ ചെയ്യുമ്പോള്‍, രാജ്യത്തെ ബാങ്കുകളില്‍ നിന്നും ശതകോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങി നടക്കുന്ന കോടീശ്വരന്മാര്‍ ആ പണം എന്ത് ചെയ്തു എന്ന് പറയാനുള്ള ബാധ്യതയും മോഡിക്കുണ്ട്. സി എ ജി പറയുന്നത് അതൊക്കെ വിദേശത്താണുള്ളത് എന്നാണ്.
ജനങ്ങള്‍ക്ക് മുന്നില്‍ ഗിമ്മിക്കുകള്‍ കാണിക്കാതെ കള്ളപ്പണം പിടിച്ചെടുക്കാന്‍ മോഡി തയ്യാറുണ്ടോ എന്ന് തന്നെയാണ് ഇന്ത്യന്‍ ജനത ചോദിക്കുന്നത്.