‘ലക്ഷ്യം ആഗോള തലത്തില്‍ ഒന്നാമത്’

Posted on: November 9, 2016 9:55 pm | Last updated: November 10, 2016 at 8:07 pm
അഹ്മദ് ബിന്‍ റക്കദ്  അല്‍ ആമിരി
അഹ്മദ് ബിന്‍ റക്കദ്
അല്‍ ആമിരി

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോത്സവ മേളയെ ലോകത്തിന്റെ നെറുകയില്‍ ഒന്നാമത് എത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കദ് അല്‍ ആമിരി സിറാജിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1982ല്‍ ആരംഭിച്ച ഷാര്‍ജയിലെ ഒരു പ്രാദേശിക, ഇസ്‌ലാമിക പ്രസിദ്ധീകരണ, പ്രസാധക മേളയില്‍ നിന്ന് ഇന്ന് ലോകം ഉറ്റു നോക്കുന്ന മൂന്നാമത്തെ രാജ്യാന്തര പുസ്തക മേളയായി വളര്‍ന്നത് യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും പുസ്തക മേളയുടെ രക്ഷാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘ വീക്ഷണത്തിന്റെ ഫലമാണ്. എഴുതുകയും എഴുത്തിനെയും എഴുത്തുകാരെയും പുസ്തകങ്ങളെയും ഇഷ്ടപെടുന്ന ശൈഖ് സുല്‍ത്താന്‍ വിവിധ സംസ്‌കാരങ്ങളുടെ സംഗമ നഗരിയായി ഷാര്‍ജ പുസ്തകോത്സവ മേളയെ പരിവര്‍ത്തിപ്പിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണിത ഫലങ്ങളാണ് മേള നാനാതരം സംസ്‌കാരങ്ങളുടെ സംഗമ വേദിയായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു.
20 ലക്ഷം സന്ദര്‍ശകരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ഇതിനോടകം 12 ലക്ഷം സന്ദര്‍ശകരാണ് ആദ്യത്തെ ഏഴ് ദിവസങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയത്. വരും ദിവസങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കാണ് പ്രതീക്ഷിക്കുന്നത്. മേളയെ കൂടുതല്‍ ജനകീയമാക്കാന്‍ ലോകത്ത് അറിയപ്പെടുന്ന എഴുത്തുകാരും കലാകാരന്മാരും മേളയിലെത്തുന്നുണ്ട്. ഈ വര്‍ഷത്തെ മേളയുടെ ലോഗോ രൂപകല്‍പന ചെയ്തത് റഷ്യന്‍ കലാകാരനായ സലാവത് ഫിദായി ആണ്. ആഗോള തലത്തില്‍, വളരെ ഹ്രസ്വമായ രൂപങ്ങള്‍ പെന്‍സില്‍ തുമ്പുകളില്‍ തീര്‍ക്കുന്നതില്‍ ശ്രദ്ധേയനാണ് ഫിദായി. പുതു തലമുറക്ക് തങ്ങളുടെ പേന തുമ്പുകളില്‍ വിരിയുന്ന ചെറിയ അക്ഷരങ്ങള്‍ കൊണ്ട് വലിയ ആശയങ്ങള്‍ തീര്‍ക്കാന്‍ പ്രചോദനം നല്‍കാനാണ് ഫിദായിയെ പോലുള്ള ആഗോള പ്രശസ്തരായ കലാകാരന്മാരെ പുസ്തക മേളയിലേക്ക് ക്ഷണിച്ചത്, അദ്ദേഹം വ്യക്തമാക്കി.
ശൈഖ് സുല്‍ത്താന്റെ നിര്‍ദേശ പ്രകാരം 145 അറബി സാഹിത്യ കൃതികളാണ് വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ലോക സാഹിത്യത്തിന് സംഭാവനയായി ലോകത്തിന്റെ വിവിധ ലൈബ്രറികളില്‍ വിതരണം ചെയ്തത്. വിശുദ്ധ ഖുര്‍ആന്റെ ആദ്യ അധ്യാപനമായ ‘വായിക്കുക’ എന്നതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ശുദ്ധീകരിക്കപ്പെട്ട ഒരു ജീവിത ക്രമത്തിന് ലോക ജനതയെ വായനയിലൂടെ പരിവര്‍ത്തിപ്പിച്ചെടുക്കുക എന്നതാണ് ശൈഖ് സുല്‍ത്താന്റെ ലക്ഷ്യം. 250 ഇന്ത്യന്‍ പ്രസാധകരാണ് മേളയില്‍ പങ്കെടുക്കാനെത്തിയിട്ടുള്ളത് 215 പ്രസാധകരുമായി യു എ ഇ ഒപ്പമുണ്ട്.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ജനകീയവും ലോകോത്തരവുമായ കലാ പ്രകടനങ്ങളും സാംസ്‌കാരിക പരിപാടികളും മേളയില്‍ ഉള്‍കൊള്ളിക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. സ്വീഡനില്‍ നിന്നെത്തിയ ജീവകാരുണ്യ സംഘടനയുടെ നേതൃത്വത്തില്‍ അറബ് ലോകത്തെ അന്ധരായ വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ വായാനാ ലോകം കൂടുതല്‍ വികാസം കൈവരുത്തുന്നതിനും വായനയില്‍ പുത്തനുണര്‍വ് നല്‍കുന്നതിനും അറബി സാഹിത്യ കൃതികളുടെ ശബ്ദ രൂപത്തിലുള്ള സംയോജിതകൃതി അന്ധ വിദ്യാര്‍ഥികളുടെ ശബ്ദത്താല്‍ രൂപം നല്‍കുന്നതിനുള്ള സംവിധാനം ഈ വര്‍ഷം മേളയില്‍ ഏര്‍പെടുത്തിയത് പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും വായനയുടെ പുതു ലോകം ലോകം സൃഷ്ടിച്ചെടുക്കുന്നതിനാണ്.
‘കൂടുതല്‍ വായിക്കുക’ എന്ന പുസ്തകോത്സവ പ്രമേയം ലിഖിതാക്ഷരങ്ങളോടുള്ള പ്രണയ രൂപമാണ്. പുസ്തക മേളയില്‍ കൂടുതല്‍ ജനകീയ പ്രകടനങ്ങള്‍ വരും വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നതിനാല്‍ പുസ്തക മേള വേദിയുടെ വിപുലീകരണവും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.