‘ട്രംപ് പ്രസിഡന്റായാല്‍ ഞാന്‍ അസ്വസ്ഥനാകും’

Posted on: November 8, 2016 10:10 am | Last updated: November 8, 2016 at 10:01 am

obamaവാഷിംഗ്ടണ്‍: തന്റെ പിന്‍ഗാമിയായി ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തുകയാണെങ്കില്‍ അത് തന്നെ അസ്വസ്ഥമാക്കുമെന്ന് ഒബാമ. കോടീശ്വരനായ ട്രംപ് അമേരിക്കയുടെ പ്രസിഡന്റാകാന്‍ പല കാരണങ്ങളാലും അനിയോജ്യനല്ല. അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ അത് എന്നെ വല്ലാതെ അസ്വസ്ഥമാക്കും. അഗാധമായ നിരാശയുണ്ടാക്കും. തന്നെ കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശമല്ല ഇങ്ങനെ പറയാന്‍ തന്നെ പ്രേരിപ്പിച്ചത്. മറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാവി ഓര്‍ത്താണ്- എം എസ് എന്‍ ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കി.
റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റിക്കുമിടയില്‍ നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ട്. എന്നാല്‍ തനിക്കെതിരെ മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളൊന്നും പ്രസിഡന്റാകാന്‍ അനിയോജ്യരല്ലെന്ന് കരുതുന്നില്ലെന്നും അവരുടെ പല വീക്ഷണങ്ങള്‍ക്കുമെതിരാണ് താനും തന്റെ പാര്‍ട്ടിയും ഉണ്ടായിരുന്നതെന്നും ഒബാമ വിശദീകരിച്ചു.
തനിക്കെതിരെ മത്സരിച്ച ജോണ്‍ മക്കെയ്ന്‍ പ്രസിഡന്റായാല്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അമേരിക്കയുടെ രാഷ്ട്രീയ മര്യാദകളും വലിച്ചെറിയപ്പെടുമായിരുന്നെന്ന് ചിന്തിച്ചിരുന്നില്ലെന്നും ഒബാമ പറഞ്ഞു.