താമരശ്ശേരിയില്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു

Posted on: November 7, 2016 1:44 pm | Last updated: November 7, 2016 at 1:44 pm

thamarasseryതാമരശ്ശേരി: താമരശ്ശേരിയില്‍ ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ട് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ഗമണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അരുണിമയാണ് മരിച്ചത്. ബസ്റ്റാന്റിലേക്ക് പ്രവേശിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനും സ്റ്റാന്റില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനും ഇടയില്‍ അകപ്പെടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ത്ഥിനി ബസ്സുകള്‍ക്കിടയില്‍ അകപ്പെട്ടത്. കോഴിക്കോട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് ബസ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രാക്കില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിന് പിന്നിലൂടെ മുന്നോട്ടു പോവുകയായിരുന്നു. ഈ സമയം കെ എസ് ആര്‍ ടി സി ബസ്സിന്റെ മധ്യഭാഗത്തിനും സ്വകാര്യ ബസ്സിനും ഇടയില്‍ അകപ്പെടുകയായിരുന്നു.

കെ എസ് ആര്‍ ടി സി ബസ്സ് അമിത വേഗതയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. തലക്ക് സാരമായി പരുക്കേറ്റ അരുണിമയെ യാത്രക്കാരും ബസ് തൊഴിലാളിതകളും ചേര്‍ന്ന് ഉടന്‍തന്നെ താമരശ്ശേരി താലൂക്കാശുപത്രിയിലും തുര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താമരശ്ശേരി ചക്കിക്കാവ് സ്വദേശി സുരേഷ് കുമാറിന്റെ മകളാണ്.