ഹോം ഗ്രൗണ്ടില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ട് നോര്‍ത്ത് ഈസ്റ്റ്‌

Posted on: November 5, 2016 9:04 am | Last updated: November 5, 2016 at 1:04 am

isl-2016-schedule-and-resulഗുവാഹത്തി: ഐ എസ് എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയും മുംബൈ സിറ്റി എഫ് സിയും നേര്‍ക്കുനേര്‍.
ഏഴ് മത്സരങ്ങളില്‍ പത്ത് പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് തുടക്കത്തിലെ ഫോം നഷ്ടമായതിന്റെ നിരാശയിലാണ്. ആദ്യ നാല് കളികളില്‍ മൂന്നും ജയിച്ചിരുന്നു നോര്‍ത്ത് ഈസ്റ്റ്. പിന്നീട് സമനിലയും ഹോംഗ്രൗണ്ടിലെ രണ്ട് തോല്‍വികളുമായതോടെ നോര്‍ത്ത് ഈസ്റ്റ് പിറകിലായി.
മുംബൈ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി പന്ത്രണ്ട് പോയിന്റുമായി മുന്‍നിരയിലുണ്ട്. സ്ഥായിയായ ഫോം നിലനിര്‍ത്തുന്നതാണ് അലക്‌സാന്ദ്രെ ഗ്യുമാറെസിന്റെ മുംബൈ നിരയുടെ പ്ലസ് പോയിന്റ്. എവേ മാച്ചുകളില്‍ മികച്ച റെക്കോര്‍ഡ് സൂക്ഷിക്കുന്ന ടീമാണ് മുംബൈ.
ഹോംഗ്രൗണ്ടില്‍ ഇനിയൊരു തോല്‍വി ആഗ്രഹിക്കുന്നില്ല നോര്‍ത്ത് ഈസ്റ്റ് കോച്ച് നെലോ വിന്‍ഗാദ. തുടരെ രണ്ട് ഹോം മാച്ചുകളിലേറ്റ തോല്‍വി നോര്‍ത്ത് ഈസ്റ്റ് ആരാധകര്‍ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. പക്ഷേ, വിന്‍ഗാദ നിരാശനല്ല. രണ്ട് കളികളിലും ടീമിന്റെ പ്രകടനം മോശമായിരുന്നില്ല. ആറ് പോയിന്റുകള്‍ നഷ്ടമാകാതെ നോക്കുന്നതില്‍ ചെറിയ ജാഗ്രതക്കുറവ് സംഭവിച്ചു എന്ന് മാത്രം. ഇതെല്ലാം പരിഹരിച്ച് ടീമിന് മുന്നേറാന്‍ സാധിക്കും. പോയിന്റ് ടേബിളില്‍ എത്രയും വേഗം മികച്ചൊരു പൊസിഷനിലേക്ക് ടീം വരുമെന്നും കോച്ച് പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ മൂന്ന് ജയങ്ങളും ഗോള്‍ വഴങ്ങാതെയായിരുന്നു. ക്ലീന്‍ ഷീറ്റ് ജയങ്ങളില്‍ അഭിരമിച്ചു നില്‍ക്കുമ്പോഴാണ് അവസാന മൂന്ന് മത്സരങ്ങളില്‍ നാല് ഗോളുകള്‍ വഴങ്ങി ടീം തോല്‍വിയിലേക്ക് വഴുതുന്നത്.
നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍ കീപ്പര്‍ സുബ്രതാ പാലാണ് സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു താരം. ഇരുപത്തിനാല് സേവുകള്‍, മൂന്ന് ക്ലീന്‍ ഷീറ്റുകള്‍ എല്ലാം സുബ്രതയുടെ ക്രെഡിറ്റിലുണ്ട്. എന്നാല്‍, കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ് സുബ്രതാ പുറത്തായത് ടീമിന് തിരിച്ചടിയാണ്.
എവേ മാച്ചിനെത്തുന്ന മുംബൈ സിറ്റി എഫ് സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ചെന്നൈയിന്‍ എഫ് സിക്കെതിരെ നേടിയ സമനില വലിയ ഘടകമാണ്. തോല്‍വിയിലേക്ക് നീങ്ങുമ്പോഴാണ് ലിയോ കോസ്റ്റയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഗോളില്‍ മുംബൈ മത്സരത്തില്‍ ആവേശകരമായ സമനിലയൊപ്പിക്കുന്നത്. നടപ്പ് സീസണില്‍ എവേ മാച്ചുകളില്‍ നിന്ന് മാത്രമായി എട്ട് പോയിന്റുകളാണ് മുംബൈ സിറ്റി എഫ് സി സ്വന്തമാക്കിയിട്ടുള്ളത്. ആദ്യ രണ്ട് സീസണുകളില്‍ പതിനാല് മത്സരങ്ങളില്‍ നിന്ന് എട്ട് എവേ പോയിന്റുകളാണ് മുംബൈ നേടിയത്. ഈ കണക്ക് പ്രകാരം ഓരോ സീസണ്‍ കഴിയുന്തോറും മുംബൈ സിറ്റി എതിര്‍തട്ടകത്തിലെ അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നുവെന്ന് വ്യക്തം.