Connect with us

Ongoing News

ചരിത്രം പിറക്കട്ടെ

Published

|

Last Updated

ദോഹ: ഇന്ത്യന്‍ ഫുട്‌ബോള്‍ കാത്തിരിക്കുന്ന ചരിത്രമുഹൂര്‍ത്തം ഇന്ന് സംഭവിക്കുമോ ? എ എഫ് സി കപ്പ് കിരീടത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ ക്ലബ്ബ് മുത്തമിടുമോ ? ഫുട്‌ബോള്‍ പ്രേമികള്‍ പ്രാര്‍ഥനയിലാണ് ബെംഗളുരു എഫ് സിയുടെ കിരീടവിജയത്തിനായി. ഇറാഖിന്റെ എയര്‍ഫോഴ്‌സ് ക്ലബ്ബാണ് ഫൈനലില്‍ ബെംഗളുരു എഫ് സിയുടെ എതിരാളി.
എ എഫ് സി കപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടുന്നത്. മുമ്പ് ഡെംപോ ഗോവയും (2008) ഈസ്റ്റ് ബംഗാളും (2013) സെമിഫൈനലില്‍ കളിച്ചതായിരുന്നു പ്രധാന നേട്ടം.
ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അടുത്തകാലത്തൊന്നും ഇതുപോലൊരു കുതിപ്പ് കണ്ടിട്ടില്ല. 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോള്‍ കിരീടം ഇന്ത്യ നേടിയതിന് ശേഷം ഏഷ്യന്‍ തലത്തില്‍ വലിയ നേട്ടങ്ങള്‍ കുറവാണ്. 2003 ല്‍ അസിയാന്‍ ചാമ്പ്യന്‍ഷിപ്പ് ഈസ്റ്റ്ബംഗാള്‍ നേടിയതാണ് മറ്റൊരു നേട്ടം.
എന്നാല്‍ എ എഫ് സി കപ്പ് കിരീടം ഇതിനെല്ലാം മുകളില്‍ നില്‍ക്കുന്നതാണ്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് കീഴിലുള്ള ക്ലബ്ബുകളുടെ നക്ഷത്രപ്പോരാട്ടമാണിത്. ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രഥമ കോര്‍പറേറ്റ് ക്ലബ്ബ് എന്ന വിശേഷണമുള്ള ബെംഗളുരു എഫ് സി അതിന്റെ പ്രാരംഭ ലക്ഷ്യം നിറവേറ്റുന്നതിലേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ജെ എസ് ഡബ്ല്യു സ്റ്റീലിന്റെ ഉടമസ്ഥതയിലാണ് ബെംഗളുരു എഫ് സി. കൃത്യമായ പരിശീലന പദ്ധതികളും ഗെയിം പ്ലാനിംഗുകളുമായി മുന്നേറുന്ന കോച്ച് ആല്‍ബര്‍ട്ട റോകയാണ് ബെംഗളുരുവിന്റെ ആത്മവീര്യം. സ്പാനിഷ് ലാ ലിഗ കരുത്തരായ എഫ് സി ബാഴ്‌സലോണയുടെ മുന്‍ അസിസ്റ്റന്റ് കോച്ചാണ് ആല്‍ബര്‍ട്ട് റോക്ക.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പറയുന്നത് ആല്‍ബര്‍ട്ടിന് കീഴില്‍ ടീം ബാഴ്‌സലോണയെ പോലെയാണ് കളിക്കുന്നത് എന്നാണ്. സെമിഫൈനലില്‍ ഇത് ശരിവെക്കുന്ന വിധമായിരുന്നു ബെംഗളുരുവിന്റെ പ്രകടനം. നിലവിലെ ചാമ്പ്യന്‍മാരായ മലേഷ്യന്‍ ക്ലബ്ബിനെ ഇരുപാദത്തിലുമായി 4-2നാണ് ഇന്ത്യന്‍ ക്ലബ്ബ് തകര്‍ത്തുവിട്ടത്. ടൂര്‍ണമെന്റില്‍ ആറ് ജയം, മൂന്ന് തോല്‍വി, രണ്ട് സമനില എന്നിങ്ങനെയാണ് ബെംഗളുരുവിന്റെ പ്രകടനം.
ഫൈനലില്‍ ബെംഗളുരുവിനെ കാത്തിരിക്കുന്നത് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും ഫോമിലുള്ള ടീമാണ്.
പതിനൊന്ന് മത്സരങ്ങളില്‍ നിന്ന് ഇരുപത്താറ് ഗോളുകളാണ് ഇറാഖി ക്ലബ്ബ് അടിച്ച് കൂട്ടിയത്. ഇതില്‍ പതിനഞ്ച് ഗോളുകളും നേടിയത് സ്‌ട്രൈക്കര്‍ ഹമ്മാദി അഹമ്മദ് അബ്ദുല്ലയാണ്. ഇറാഖ് ടീമിന്റെ മുന്‍ പരിശീലകനും നിലവില്‍ എഫ് സി ഗോവ ടീമിന്റെ കോച്ചുമായ സീക്കോ അബ്ദുല്ലയെ സൂക്ഷിക്കണമെന്ന നിര്‍ദേശമാണ് ബെംഗളുരുവിന് നല്‍കുന്നത്.
പാര്‍ട് ടൈമായി കണക്ക് അധ്യാപകനായി ജോലി ചെയ്യുന്ന ഹമ്മാദി അഹ്മദ് അബ്ദുല്ല വ്യക്തമായ കണക്ക് കൂട്ടലുമായാകും ബോക്‌സിന് പുറത്ത് തമ്പടിക്കുക. ഒരു നിമിഷം പിഴച്ചാല്‍ ബെംഗളുരു എഫ് സിയുടെ എല്ലാ കണക്കും തെറ്റുമെന്ന് സീക്കോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കോറിംഗ് അനായാസം നടത്തുന്ന സ്‌ട്രൈക്കറെ പിടിച്ചുകെട്ടാനാകും ആല്‍ബര്‍ട്ട് റോക്ക ഇന്ന് പ്രഥമ പരിഗണന നല്‍കുക.
എതിര്‍ നിരയെ കുറിച്ച് ആലോചിക്കുന്നില്ല. അവരിലെ സൂപ്പര്‍ താരമാരെന്നും അന്വേഷിച്ച് പോകുന്നില്ല. തന്റെ ടീമിനൊരു തന്ത്രമുണ്ട്. അത് ഭംഗിയാക്കും – റോക്കയുടെ പ്രതികരണം ഇങ്ങനെ.
ഗ്രൂപ്പ് റൗണ്ടില്‍ ബെംഗളുരു എഫ് സിയുടെ പ്രതിരോധത്തിന് ചില പാകപ്പിഴവുകളുണ്ടായിരുന്നു. പത്ത് ഗോളുകളാണ് ഗ്രൂപ്പ് റൗണ്ടില്‍ വഴങ്ങിയത്. സ്‌കോര്‍ ചെയ്തതാകട്ടെ ഒമ്പത് ഗോളുകളും.
ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ വ്യക്തിപ്രഭാവം ബെംഗളുരുവിന് മുതല്‍ക്കൂട്ടാണ്. സെമിഫൈനലില്‍ ഛേത്രി നേടിയ ലോംഗ് റേഞ്ചര്‍ ഗോള്‍ ഗംഭീരമായിരുന്നു. ടൂര്‍ണമെന്റില്‍ ഇതുവരെ അഞ്ച് ഗോളുകള്‍ ഛേത്രി നേടിയിട്ടുണ്ട്.
ഇറാഖ് ക്ലബ്ബിന്റെ മിഡ്ഫീല്‍ഡര്‍ ബാഷര്‍ റസന്‍, സെന്റര്‍ ബാക്ക് സമല്‍ സഈദ് എന്നിവര്‍ സസ്‌പെന്‍ഷനിലായത് ബെംഗളുരു ടീമിന് ആശ്വാസമേകുന്നു. പത്തൊമ്പതുകാരനായ ബാഷര്‍ അടുത്തിടെ ഇറാഖ് ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. ടൂര്‍ണമെന്റില്‍ പത്ത് മത്സരങ്ങളിലും കളിച്ച താരമാണ് സമല്‍.
ബെംഗളുരു നിരയില്‍ ഒന്നാം ഗോളി അമരീന്ദര്‍ സിംഗ് ഇന്നുണ്ടാകില്ല. ഇരുപത്തിമൂന്നുകാരനായ റാല്‍ട്ടെയാകും പകരമിറങ്ങുക.