കര്‍ണാടകയില്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ച് മലിനജലം ശുദ്ധീകരിക്കാന്‍ പദ്ധതി

Posted on: November 5, 2016 6:29 am | Last updated: November 5, 2016 at 12:31 am

ulsoor-lake-photoബെംഗളൂരു: കര്‍ണാടകയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന സാഹചര്യത്തില്‍ മലിനജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിക്ക് വാട്ടര്‍ അതോറിറ്റി തുടക്കം കുറിക്കുന്നു. സോളാര്‍ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലം ശുദ്ധീകരിക്കുന്നത്. ഇതോടെ നഗരത്തിലെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്. 15 കോടി രൂപ ചെലവഴിച്ച് ദിവസേന ഒരു മില്യണ്‍ ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ സാധിക്കുന്ന പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. അടുത്തിടെയായി മണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ് സാഗര്‍ അണക്കെട്ടില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറയുകയും സംസ്ഥാനത്തെ പ്രധാന തടാകങ്ങളും നദികളും മലിനമാകുകയും വറ്റി വരളുകയും ചെയ്ത പശ്ചാത്തലത്തിലാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് മലിനജലം ശുദ്ധീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.
പദ്ധതിയുടെ ആദ്യഘട്ടമായി വാട്ടര്‍ അതോറിറ്റിയുടെ വിശ്വഭാരതി പ്രദേശത്തുള്ള പ്ലാന്റില്‍ നിന്നുള്ള വെള്ളം ശുദ്ധീകരിക്കാനാണ് തീരുമാനമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ വെളിപ്പെടുത്തി. വെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാനായി മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. അവസാനഘട്ട ശുചീകരണത്തിന് ശേഷം വെള്ളം ശുദ്ധമായ കാവേരി വെള്ളവുമായി കൂട്ടിക്കലര്‍ത്തും. ഇതിന് ശേഷമായിരിക്കും ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. ശുദ്ധീകരിച്ച് കഴിയുന്നതോടെ വെള്ളം പൂര്‍ണമായും ഉപയോഗ യോഗ്യമാകും. നിലവില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന കുടിവെള്ളത്തേക്കാള്‍ വില കുറച്ചായിരിക്കും ശുദ്ധീകരിച്ച വെള്ളം ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. ബെംഗളൂരുവിലെ ഭൂരിപക്ഷം നദികളും മലിനമാണെന്നാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇതുമൂലം ശുദ്ധജലം കിട്ടാക്കനിയായി മാറിയ സാഹചര്യത്തിലാണ് വിപ്ലവകരമായ പദ്ധതിയുമായി വാട്ടര്‍ അതോറിറ്റി രംഗത്ത് വന്നിട്ടുള്ളത്. രാജ്യത്തെ ഏറ്റവും മലിനമായ നദികള്‍ കര്‍ണാടകയിലൂടെ ഒഴുകുന്ന 15 നദികളാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ നദികളില്‍ നിന്നുള്ള വെള്ളമാണ് ബെംഗളൂരു ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. അര്‍ക്കാവതി, ഭദ്ര, ഭീമ, കാവേരി, ഘട്ടപ്രഭ, കബനി, കഗിന, കലി, കൃഷ്ണ, ലക്ഷ്മണ തീര്‍ഥ, മാലപ്രഭ, മഞ്ജിര, ഷിംഷ, തുണഭദ്ര, തുംഗ എന്നീ നദികള്‍ അതി രൂക്ഷമായി മലിനപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവയില്‍ കാവേരി, കബനി, കൃഷ്ണ, തുംഗഭദ്ര, തുംഗ, ഘട്ടപ്രഭ, മാലപ്രഭ, ഭീമ എന്നീ നദികളില്‍ നിന്നുള്ള വെള്ളമാണ് ബെംഗളൂരു, മൈസൂരു, ബെലഗാവ്, ഹുബ്ബള്ളി, ധാര്‍വാഡ്, ശിവമോഗ എന്നിവിടങ്ങളില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. ബെംഗളൂരുവടക്കം അഞ്ച് ജില്ലകളുടെ പ്രധാന ജലസ്രോതസ്സായകെ ആര്‍ എസ് അണക്കെട്ടിലെ ജല നിരപ്പ് ഗണ്യമായി കുറഞ്ഞതോടെ ഇവിടെ നിന്നുള്ള ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.