കരയുക

Posted on: November 4, 2016 8:22 pm | Last updated: November 4, 2016 at 8:22 pm

മനസ്സില്‍ നിന്നും ഒഴുകുന്ന ദുഃഖത്തിന്റെ ബാഹ്യ പ്രകടനമാണ് കരച്ചില്‍. സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടും കരയുന്നവരുണ്ട്. അല്ലാഹുവിലുള്ള ഭയത്താല്‍ കരഞ്ഞ് കണ്ണുനീര്‍ വാര്‍ത്തവര്‍, ബോധരഹിതരായവര്‍ നിരവധിയുണ്ട്. കരയണം. മനസ്സ് അലിയണം. ഉറച്ച മനസ്സുകള്‍ക്ക് കരച്ചില്‍ വരില്ല. കരയുന്നതിലൂടെ മനസ്സിലെ ദുഃഖങ്ങള്‍ വ്യാകുലതകള്‍ മനസംഘര്‍ഷങ്ങള്‍ പുറത്തേക്കൊഴുകുന്നു. ഖുര്‍ആനില്‍ കാണാം. ‘റസൂലിന് അവതരിപ്പിക്കപ്പെട്ടത് (ഖുര്‍ആന്‍) അവര്‍ കേട്ടാല്‍, സത്യം ഗ്രഹിച്ചതുകാരണം അവരുടെ നയനങ്ങളില്‍ കണ്ണുനീരൊഴുകുന്നത് താങ്കള്‍ക്കു കാണാം. അവര്‍ പറയും; ഞങ്ങളുടെ നാഥാ, ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ നീ ഞങ്ങളെ സാക്ഷ്യം വഹിക്കുന്നവരോടൊപ്പം രേഖപ്പെടുത്തേണമേ’ (മാഇദ 83). ഹദീസില്‍ ഇങ്ങനെ കാണാം; ‘ഒറ്റക്കിരുന്ന് അല്ലാഹുവിനെ ഭയന്ന് കരയുന്നവര്‍ക്ക് അര്‍ശിന്റെ തണലുണ്ട്’.
അബൂബക്കര്‍(റ) പറഞ്ഞു: കരയുവാന്‍ കഴിയുമെങ്കില്‍ കരയുക. കഴിയാത്തവര്‍ ഉണ്ടാക്കി കരയുക. (ഇഹ്‌യ). അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറഞ്ഞു; ‘അല്ലാഹുവിനെ ഭയന്നു ഒരു പ്രാവശ്യം കരയുന്നത് ആയിരം ദീനാര്‍ സ്വദഖ ചെയ്യുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടതാണ്. നബി(സ) പറയുന്നു: ”അല്ലാഹുവിനോടുള്ള ഭയത്താല്‍ മുഅ്മിനിന്റെ ചര്‍മം വരണ്ടുണങ്ങിയാല്‍ വൃക്ഷത്തില്‍ നിന്ന് ഇല കൊഴിയുന്നതുപോലെ അവന്റെ തെറ്റുകള്‍ കൊഴിഞ്ഞു വീഴുന്നതായിരിക്കും. വീണ്ടും അവിടുന്ന് പറഞ്ഞു: അല്ലാഹുവിനെ ഓര്‍ക്കുകയും അവനെ ഭയന്ന് ഇരു നയനങ്ങളും നിറഞ്ഞൊഴുകി കണ്ണുനീര്‍ നിലത്തുവീഴുകയും ചെയ്ത വ്യക്തിയെ അന്ത്യനാളില്‍ അല്ലാഹു ശിക്ഷിക്കില്ല.
ഇസ്‌ലാമിക ചരിത്രത്തില്‍ ആദം (അ) മുതല്‍ കഴിഞ്ഞു പോയ സകല മഹാന്‍മാരും കരഞ്ഞതായി കാണാം. നബി(സ) നിസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ അവിടുത്തെ നെഞ്ചിനുള്ളില്‍ നിന്ന് തിളച്ചു പൊന്തുന്നതു പോലുള്ള ശബ്ദം കേള്‍ക്കാമായിരുന്നു. അവിടുന്ന് കരയുന്ന ശബ്ദമായിരുന്നു അത്. ഖുര്‍ആന്‍ കേട്ട് തിരുദൂതര്‍ കരഞ്ഞിട്ടുണ്ട്. നേരം പുലരുവോളം കരഞ്ഞ സംഭവവവും അവിടുത്തെ ജീവിതത്തില്‍ കാണാം. ദാവൂദ് നബി, സകരിയ്യാ നബി, ഇബ്‌റാഹീം നബി (അ) തുടങ്ങിയ പ്രവാചകന്‍മാര്‍ കരഞ്ഞ സംഭവങ്ങള്‍ നിരവധിയുണ്ട്. സ്വഹാബത്ത് കരയുന്ന വിഷയത്തില്‍ മുന്‍പന്തിയിലായിരുന്നു. ഉമര്‍(റ) ഒരിക്കല്‍ ‘ഇദശ്ശംസു കുവ്വിറത്ത്’ എന്നാരംഭിക്കുന്ന സൂറത്ത് ഓതി. ‘വഇദ സ്സുഹുഫു നുശിറത്ത്’ എന്നിടത്തെത്തിയപ്പോള്‍ ബോധരഹിതനായി വീണു. (ഇഹ്‌യ). ഹസനുബിന്‍ അലിയ്യ്(റ) വീടിന്റെ ഒരു മൂലയിലിരുന്ന് കരയുന്നതായി കാണപ്പെട്ടു. നിങ്ങളെന്തിനാണ് കരയുന്നത്? എന്ന് ചോദിക്കപ്പെട്ടപ്പോള്‍ എന്നെ നരകത്തിലേക്ക് എറിയപ്പെടുന്നത് ഞാന്‍ ഭയപ്പെടുന്നുവെന്നായിരുന്നു പ്രതികരണം. (ഇഹ്‌യ).