Connect with us

Qatar

ജി സി സി രാജ്യങ്ങള്‍ക്ക് ഏകീകൃത ന്യൂസ് ആപ്പ്

Published

|

Last Updated

ദോഹ: ഗള്‍ഫ് രാജ്യങ്ങളിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളുടെ സംയുക്ത മൊബൈല്‍ ആപ്ലിക്കേഷന്‍, ജി സി സി ന്യൂസ് പുറത്തിറക്കി. ജി സി സി സെക്രട്ടറിയേറ്റ് ജനറല്‍ മീഡിയ ആന്‍ഡ് കള്‍ചറല്‍ വിഭാഗം സെക്രട്ടറി ജനറല്‍ ഖാലിദ് ബിന്‍ സാലിം അല്‍ ഗസ്സാനിയാണ് കഴിഞ്ഞ ദിവസം ദോഹയില്‍ ആപ്പ് ഉദ്ഘാടനം ചെയ്തത്. ഖത്വര്‍ വാര്‍ത്താ ഏജന്‍സി സംഘടിപ്പിച്ച ചടങ്ങില്‍ ഇതര ഗള്‍ഫ് രാജ്യങ്ങളുടെ വാര്‍ത്താ ഏജന്‍സി പ്രതിനിധികള്‍ പങ്കെടുത്തു.
നൂതനമായ സ്മാര്‍ട്ട് സര്‍വീസുകള്‍ ഉപയോഗിച്ച് ക്യു എന്‍ എയിലെ വിദഗ്ധരാണ് ആപ്പ് വികസിപ്പിച്ചതെന്നും അതുകൊണ്ടു തന്നെ 100 ശതമാനവും ഇതു തങ്ങളുടെ പദ്ധതിയാണെന്നും ക്യു എന്‍ എ ജനറല്‍ ഡയറക്ടര്‍ അഹ്മദ് സാദ് അല്‍ ബുഐനാന്‍ പറഞ്ഞു. ജി സി സി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികളുടെ ഏറ്റവും പുതിയ വാര്‍ത്തകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുന്നതാണ് ആപ്പ്. ആപ്ലിക്കേഷനു ആവശ്യമായ വന്ന സാങ്കേതകവും സാമ്പത്തികവുമായി ബാധ്യതകള്‍ ക്യു എന്‍ എ ആണ് നിര്‍വഹിച്ചത്. ഇത് ഗള്‍ഫ് മീഡിയ മേഖലക്കു മുതല്‍ക്കൂട്ടാകുന്ന സംരംഭമാണെന്നും അല്‍ ഗസാനി പറഞ്ഞു.
ഏതെങ്കിലും കാരണവശാല്‍ ഗള്‍ഫ് വാര്‍ത്താ ഏജന്‍സികളുടെ പോര്‍ട്ടലുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ വാര്‍ത്തകള്‍ വിതരണം ചെയ്യാനുള്ള ബദല്‍ സംവിധാനമായി കൂടി ജി സി സി ന്യൂസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനാകും.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും താത്പര്യമുള്ള വാര്‍ത്തകളെ പ്രത്യേകമായി ഫേവറേറ്റ് ലിസ്റ്റ് ചെയ്തു വെക്കാന്‍ ആപ്പില്‍ സാധിക്കുമെന്നും ഗള്‍ഫ് ടി വി ചാനലുകളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും ആപ്പ് വഴി സാധിക്കുമെന്നും ക്യു എന്‍ എ ടെക്‌നിക്കല്‍ ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് അല്‍ മുത്വവ്വഅ പറഞ്ഞു.
സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ സ്റ്റോറുകളില്‍നിന്ന് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

Latest