Connect with us

Articles

'ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍

Published

|

Last Updated

ഒഡീഷ, ആന്ധ്ര അതിര്‍ത്തിയിലെ മാവോയിസ്റ്റ് “ഏറ്റുമുട്ടല്‍” കൊലപാതകങ്ങള്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉത്കണ്ഠാകുലരായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് മധ്യപ്രദേശില്‍ നിന്ന് രാജ്യമനഃസ്സാക്ഷിയെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു “ഏറ്റുമുട്ടല്‍” കൊലപാതക വാര്‍ത്ത വന്നിരിക്കുന്നത്. സാഹചര്യപരമായ നിരവധി വസ്തുതകളും അധികൃതരുടെ വിശദീകരണങ്ങളിലെ വൈരുധ്യങ്ങളും ഏറ്റുമുട്ടല്‍ കഥയെ സ്വയം തന്നെ തുറന്നുകാണിച്ചുകൊണ്ടിരിക്കുകയാണ്. ഭോപാല്‍ ന്യൂ സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരായിരുന്ന എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന പോലീസ് നിലപാടുകളെ തള്ളിക്കളയുന്ന രീതിയില്‍ ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണല്ലോ.
കൊല്ലപ്പെട്ട എട്ടു പേര്‍ക്കും അരക്കുമുകളില്‍ പല തവണ വെടിയേറ്റതായും മരണത്തിനു കാരണം തലക്കും നെഞ്ചിലുമേറ്റ വെടിയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരിക്കുകയാണ്. ചിലര്‍ക്ക് പുറത്തും വെടിയേറ്റിട്ടുണ്ട്. മരിച്ചതിനു ശേഷം ശരീരത്തില്‍ നിറയൊഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഇനി ഫോറന്‍സിക് പരിശോധന കൂടി കഴിയുമ്പോള്‍ എത്ര ദൂരെനിന്നാണ് വെടിവെച്ചതെന്നും വ്യക്തമാകും. ഭോപാല്‍ ഹമീദിയ ഹോസ്പിറ്റലിലാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മരണപ്പെട്ടവരുടെ വസ്ത്രങ്ങളും ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഏറ്റുമുട്ടലിലാണ് മരിച്ചതെന്ന പോലീസിന്റെയും മധ്യപ്രദേശ് സര്‍ക്കാറിന്റെയും വാദങ്ങളെ ചോദ്യം ചെയ്യുന്ന വീഡിയോ ക്ലിപ്പുകള്‍ നേരത്തെതന്നെ പുറത്തുവന്നതാണല്ലോ. വെടിയേറ്റുവീണ തടവുകാരിലൊരാള്‍ക്ക് നേരെ മരിച്ചെന്ന് ഉറപ്പുവരുത്താന്‍ വീണ്ടും നിറയൊഴിക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. “നെഞ്ചിലേക്കുതന്നെ വെടിവെക്കൂ മരിച്ചോളും” എന്ന് തൊട്ടടുത്തുള്ള പോലീസുകാരന്‍ തോക്കുപിടിച്ചുനില്‍ക്കുന്ന പോലീസുകാരനോട് പറയുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നു. മരിച്ചുകിടക്കുന്ന തടവുകാരുടെ അരയില്‍ നിന്നും മഫ്തി പോലീസുകാരന്‍ മൂര്‍ച്ചയുള്ള ആയുധം പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ഇതോടൊപ്പം ഏറ്റുമുട്ടലിനു മുമ്പുള്ള ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ട തടവുകാരെന്ന് സംശയിക്കാവുന്ന അഞ്ചു പേര്‍ കുന്നിനു മുകളില്‍ നില്‍ക്കുന്ന വ്യക്തതയില്ലാത്ത ദൃശ്യമാണ്. “അഞ്ചുപേര്‍ നമ്മളുമായി സംസാരിക്കാന്‍ തയ്യാറാണ്, എന്നാല്‍ മൂന്നു പേര്‍ രക്ഷപ്പെടാന്‍ നോക്കുകയാണ്. എല്ലാ ഭാഗത്തു നിന്നും അവരെ വളയൂ” എന്ന് പോലീസുകാര്‍ വാക്കിടോക്കിയില്‍ നിര്‍ദ്ദേശം കൊടുക്കുന്നുണ്ട്. കുന്നില്‍ മുകളില്‍ നിന്ന് തടവുകാര്‍ താഴേക്കുനോക്കി കൈ വീശികാണിക്കുന്നുണ്ട്. ഇത് തടവുകാര്‍ പോലീസ് വലയത്തിനു മുമ്പില്‍ കീഴടങ്ങിയതാകാമെന്ന വാദത്തിന് കരുത്ത് നല്‍കുന്ന ദൃശ്യമാണ്.
മധ്യപ്രദേശ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പോലീസ് ഉദേ്യാഗസ്ഥന്മാരും സംഭവത്തെക്കുറിച്ച് കൃത്യമായൊരു വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തെക്കുറിച്ച് അനേ്വഷിക്കുമെന്ന് പറഞ്ഞ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ചൗഹാന്‍ വെടിവെപ്പിനെ ന്യായീകരിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ ഭീകരരാണെന്നും എ ടി എസ് കോണ്‍സ്റ്റബിള്‍മാരുടെ കൊലപാതകമുള്‍പ്പെടെ നിരവധി കേസില്‍ പ്രതികളാണെന്നുമാണ് ഏറ്റുമുട്ടലിനെ ന്യായീകരിക്കാനായി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഏറ്റുമുട്ടലിനെ കുറിച്ച് അനേ്വഷണമില്ല. തടവുകാര്‍ എങ്ങനെ ജയില്‍ ചാടി എന്നതിനെക്കുറിച്ച് മാത്രം അനേ്വഷിക്കുമെന്നാണ് ആഭ്യന്തരമന്ത്രി പറഞ്ഞത്.
ആഭ്യന്തരമന്ത്രിയുടെയും ഐ ജിയുടെയും ആദ്യപ്രതികരണങ്ങളിലെ ഗുരുതരമായ വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് തടവുകാരുടെ അഭിഭാഷകനായ പര്‍വേസ്ആലം ഇത് ക്രൂരമായ നരഹത്യയാണെന്നും സി ബി ഐ അനേ്വഷണത്തിനായി കോടതിയെ സമീപിക്കുമെന്നുമാണ് പറഞ്ഞത്. ആഭ്യന്തരമന്ത്രി ഭൂപേന്ദ്രസിംഗ് ആദ്യം പറഞ്ഞത് തടവുകാരുടെ കൈയില്‍ ജയില്‍ സാധനങ്ങളേ ഉണ്ടായിരുന്നുള്ളൂ എന്നും ഇവര്‍ പോലീസിനുനേരെ വെടിവെച്ചിട്ടില്ലെന്നുമായിരുന്നു. എന്നാല്‍ പോലീസ് ഐ ജി പറഞ്ഞത് തടവുകാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലിലാണ് എട്ടുപേരും കൊല്ലപ്പെട്ടതെന്നാണ്. മധ്യപ്രദേശ് ഭീകരവിരുദ്ധ സേനയുടെ തലവന്‍ സഞ്ജീവ് ഷാമി ആവര്‍ത്തിച്ചു പറയുന്നത് ഏറ്റുമുട്ടല്‍ സമയത്ത് തടവുകാരുടെ പക്കല്‍ ആയുധമുണ്ടായിരുന്നില്ലെന്നാണ്.
എന്നാല്‍ സര്‍ക്കാറും പോലീസും കൊല്ലപ്പെട്ടവരുടെ കൈയില്‍ നാല് നാടന്‍തോക്കുകള്‍ ഉണ്ടായിരുന്നുവെന്നാണ് ആവര്‍ത്തിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കൈയില്‍ ആയുധമുണ്ടായിരുന്നില്ലെന്നും സംഭവം നടന്ന മണികേന്തി ഗ്രാമത്തിലെ ദൃക്‌സാക്ഷികളും പറയുന്നു. ഗ്രാമീണരുടെ മൊഴികളില്‍ ഏറ്റുമുട്ടല്‍ നടന്നില്ലെന്നും ഏകപക്ഷീയമായ പോലീസ് വെടിവെപ്പായിരുന്നുവെന്നുമാണ് വ്യക്തമാകുന്നത്.
ഇന്ത്യന്‍ പോലീസിന്റെ ചരിത്രം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ കൂടി ചരിത്രമാണല്ലോ. നിയമാതീതമായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന രീതിയില്‍ പെരുമാറുന്ന ഒരു ഉദേ്യാഗസ്ഥ പരമ്പര ദശകങ്ങളായി ഇന്ത്യന്‍ പോലീസ് സേനയില്‍ വിഹരിക്കുകയാണ്. ജയപ്രകാശ് നാരായണന്റെ നിര്‍ദേശമനുസരിച്ചാണല്ലോ 1977-ല്‍ ജസ്റ്റിസ് വി എന്‍ താര്‍ക്കുണ്ടെയുടെ നേതൃത്വത്തില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അനേ്വഷിക്കാനുള്ള ഒരു സമിതി ആദ്യമായി രൂപവത്കരിക്കപ്പെട്ടത്. ഒഡീഷ, പശ്ചിമബംഗാള്‍, ആന്ധ്ര തുടങ്ങിയ പല സംസ്ഥാനങ്ങളിലും അടിയന്തിരാവസ്ഥാ കാലത്ത് “ഏറ്റുമുട്ടല്‍” കൊലപാതകങ്ങള്‍ വ്യാപകമായിരുന്നു. ആന്ധ്രപ്രദേശില്‍ നടന്ന 77 ഏറ്റുമുട്ടല്‍ മരണങ്ങളെക്കുറിച്ചാണ് താര്‍ക്കുണ്ടെ കമ്മറ്റി അനേ്വഷിച്ചത്.
താര്‍ക്കുണ്ടെ കമ്മറ്റിയുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ് അന്നത്തെ ജനതാ സര്‍ക്കാര്‍ കൂടുതലനേ്വഷണങ്ങള്‍ക്കായി ജസ്റ്റിസ് ഭാര്‍ഗവ കമ്മീഷനെ നിയമിച്ചത്. 1980-കളില്‍ അടിയന്തിരാവസ്ഥക്കു ശേഷം നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ചും പി യുസി എല്ലിനു വേണ്ടി ഡോ. കെ ബാലഗോപാല്‍ തയാറാക്കിയ പഠനവും ഞെട്ടിപ്പിക്കുന്നതാണ്. പഞ്ചാബില്‍ കെ പി എസ് ഗില്ലിന്റെ നേതൃത്വത്തില്‍ ഭീകരവിരുദ്ധവേട്ടയിലും വ്യാജ ഏറ്റുമുട്ടലുകളില്‍ സിഖ് യുവാക്കള്‍ കൊലചെയ്യപ്പെടുകയായിരുന്നു. ഇന്ത്യയില്‍ കോടതികളെയും നടപടിക്രമങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടു നടക്കുന്ന കൊപാതകങ്ങളെക്കുറിച്ച് അനേ്വഷിക്കാന്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രതേ്യകമായ പാനലിനെ തന്നെ നിയോഗിക്കുകയുണ്ടായി.
മനുഷ്യാവകാശ കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാരിനുനല്‍കിയ കത്തില്‍ 95 ഏറ്റുമുട്ടല്‍ മരണങ്ങളെക്കുറിച്ച് സൂചനയുണ്ടായി. 1997-ലാണ് പി യു സി എല്ലും സി പി ഡി ആറും മുംബൈയിലെ വിവാദപരമായ രണ്ട് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അനേ്വഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജാവേദ്ഫൗദ എന്ന അബുസയാമയുടെയും സാദാപാവുലയുടെയും വിജയ്താണ്ഡല്‍ എന്നിവരുടെയും കൊലപാതകങ്ങളെക്കുറിച്ചായിരുന്നു അനേ്വഷണം ആവശ്യപ്പെട്ടത്. മുംബൈ ഹൈക്കോടതി ഈ രണ്ട് ഏറ്റുമുട്ടലുകളും വ്യാജമാണെന്ന് കണ്ടെത്തുകയുണ്ടായി. റാണേശ്കുമാര്‍, ഇശ്രത്ജഹാന്‍ ഏറ്റുമുട്ടല്‍ കൊലപാതകം രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതാണല്ലോ. ഭീകരവാദികളെന്നു മുദ്രകുത്തിയായിരുന്നു ഇവരെ കൊലചെയ്തത്. തങ്ങള്‍ക്ക് അനഭിമതരും എതിര്‍ക്കപ്പെടേണ്ടവരും എന്ന് കരുതുന്നവരെ വ്യാജ ഏറ്റുമുട്ടല്‍ മരണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഇന്ത്യയില്‍ ഒരു പതിവ് പോലീസ് രീതിയായിരിക്കുകയാണ്.

 

---- facebook comment plugin here -----

Latest