Connect with us

National

രാജസ്ഥാനില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട

Published

|

Last Updated

റെയ്ഡ് വിവരം അറിയിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ സി ബി ഇ സി ചെയര്‍മാന്‍ നജീബ് ഷാ

റെയ്ഡ് വിവരം അറിയിക്കാന്‍ വിളിച്ച പത്രസമ്മേളനത്തില്‍ സി ബി ഇ സി ചെയര്‍മാന്‍ നജീബ് ഷാ

ഉദയ്പൂര്‍: രാജസ്ഥാനില്‍ റവന്യൂ ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ 3000 കോടി രൂപ വിലമതിക്കുന്ന നിരോധിത മാന്‍ഡ്രാക്‌സ് ഗുളികകള്‍ പിടികൂടി. ഉദയ്പൂരിലെ എം എസ് മരുധാര്‍ ഡ്രിംക്‌സ് എന്ന ഫാക്ടറിയില്‍ കഴിഞ്ഞ മാസം 28ന് നടത്തിയ റെയ്ഡിലാണ് 23.5 മെട്രിക് ടണ്‍ ഗുളികകള്‍ (രണ്ട് കോടിയോളം ഗുളികകള്‍) റവന്യൂ ഇന്റലിജന്‍സ് ഡയരക്ടറേറ്റ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഫാക്ടറിയുടെ രഹസ്യ മുറിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു ഗുളികള്‍. സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡ് നിര്‍മാതാവും വ്യവസായിയുമായ സുഭാഷ് ദുധാനിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷാദ രോഗത്തിനും മാനസിക രോഗത്തിനും ഉപയോഗിക്കുന്ന മാന്‍ഡ്രാക്‌സ് ഗുളികകള്‍ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരോധിക്കുകയായിരുന്നു.
മുംബൈ റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബി എസ് എഫിന്റെ സഹായത്തോടെയാണ് ദുധാനിയെ അറസ്റ്റ് ചെയ്തതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് (സി ബി ഇ സി) ചെയര്‍മാന്‍ നജീബ് ഷാ റെയ്ഡ് വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചു. മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കാന്‍ വേണ്ടിയാണ് ഇവ സൂക്ഷിച്ചതെന്നും ഇതുവരെയുണ്ടായ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് റവന്യൂ ഇന്റലിജന്‍സ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 3000 കോടി രൂപ വിലമതിക്കുന്നവയാണ് പിടിച്ചെടുത്ത മാന്‍ഡ്രാക്‌സ് ഗുളികകള്‍.
എം- പില്‍സ്, ബട്ടണ്‍സ്, സ്മാര്‍ട്ടീസ് തുടങ്ങിയ പേരുകളിലിം ഇവ അറിയപ്പെടുന്നുണ്ട്. കഞ്ചവിനൊപ്പം പുകച്ചാണ് ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നത്. മാന്‍ഡ്രാക്‌സിന്റെ അമിതോപയോഗം മസ്തിഷ്‌കാഘാതത്തിനും മരണത്തിന് തന്നെയും ഇടയാക്കുന്നതാണ്. ഉന്മാദാവസ്ഥ ലഭിക്കുന്നതിന് വേണ്ടി ഏഷ്യയിലും ആഫ്രിക്കയിലും മാന്‍ഡ്രാക്‌സ് ഗുളികകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ ഉടന്‍ പിടികൂടുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.