പാക് നയത്തില്‍ മാറ്റം വരുത്തിയെന്ന്് അരുണ്‍ ജെയ്റ്റ്‌ലി

Posted on: November 3, 2016 6:01 am | Last updated: November 3, 2016 at 12:02 am

ന്യൂഡല്‍ഹി: പാക് പ്രകോപനം സഹിക്കുന്നതിന് അതിരുണ്ടെന്നും പാക്‌നയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങളെ ഉപദ്രവിച്ചാല്‍ പാക്കിസ്ഥാന്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് ജെയ്റ്റ്‌ലി മുന്നറിയിപ്പ് നല്‍കി. പാക്ക് വിഷയം കൈകാര്യം ചെയ്യുന്ന രീതിയില്‍ ഇന്ത്യ മാറ്റം വരുത്തിയെന്ന് പാക്കിസ്ഥാന്‍ മനസ്സിലാക്കണം. ഇന്ത്യ ഒട്ടേറെ സഹിച്ചു, പലപ്പോഴും മൗനം പാലിച്ചു. എന്നാല്‍ സഹനത്തിനും മൗനത്തിനും അതിരുണ്ട്. ഇതില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ മാറി ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. സമാധാനം പുനഃസ്ഥാപിക്കാനായി നയതന്ത്രനീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തപ്പോഴല്ലാം തീവ്രാവദികളെ നിരന്തരം കയറ്റി അയച്ച്, രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.