കരിപ്പൂരിനോടെന്താണിത്ര വിരോധം?

Posted on: November 3, 2016 6:00 am | Last updated: November 2, 2016 at 11:39 pm
SHARE

KARIPOOR AIR PORTമലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ നിലനില്‍പ്പിനെയും വികസനത്തെയും പ്രതിസന്ധിയിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നുവെന്ന് ഏറെ നാളുകളായി വിവിധ കേന്ദ്രങ്ങളില്‍ നിന്നു ആക്ഷേപമുയരുകയാണ്. അറ്റകുറ്റപ്പണികള്‍ക്കെന്ന രീതിയില്‍ വിമാനത്താവളം ഭാഗികമായി അടച്ചിടുകയും വലിയ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവെക്കുകയും ചെയ്ത സാഹചര്യമാണ് മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി മാറിയ എയര്‍പോര്‍ട്ടിനെ ഇല്ലായ്മ ചെയ്യുന്നുവെന്ന അഭിപ്രായങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. ആശങ്കകളെയും ആരോപണങ്ങളെയും വിശ്വസനീയമാക്കുന്നതോ ദുരൂഹതകള്‍ നിറയ്ക്കുന്നതോ ആണ് ഇപ്പോഴും അധികൃതര്‍ തുടരുന്ന മൗനവും സന്നദ്ധ സംഘടനകളും ഈ രംഗത്തെ വിദഗ്ധരുമുള്‍പ്പെടെ മുന്നോട്ടു വെക്കുന്ന ന്യായങ്ങളും.
കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളില്‍ പോയി തൊഴിലും വ്യാപാരവും നടത്തി ജീവിക്കുന്നത് ലക്ഷക്കണക്കിനു മലയാളികളാണ്. ഇവരില്‍ വലിയൊരു വിഭാഗവും മലബാറില്‍നിന്നുള്ളവരാണ്. ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ അനുസരിച്ച് സംസ്ഥാനത്തെ ആകെ പ്രവാസികളുടെ 18 ശതമാനം പേരും കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ലയില്‍നിന്നുള്ളവരാണ്. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്ന് 26 ശതമാനം പേരുമുണ്ട്. യഥാര്‍ഥത്തില്‍ ഗുണഭോക്താക്കളുടെ തോതില്‍ സംസ്ഥാനത്തെ മറ്റു രണ്ടു എയര്‍പോര്‍ട്ടുകളായ കൊച്ചിയെയും തിരുവനന്തപുരത്തെയും അപേക്ഷിച്ച് കരിപ്പൂരിന്റെ പ്രാധാന്യം ഏറെക്കൂടുതലാണ്. എന്നാല്‍, കരിപ്പൂരില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ദശലക്ഷക്കണക്കിന് യാത്രക്കാരുടെ താത്പര്യങ്ങളെയും സൗകര്യങ്ങളെയും ഹനിക്കുന്നതാണ്. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കൊപ്പം മലബാറിന്റെ പ്രത്യേകിച്ചും മലപ്പുറം, കോഴിക്കോട് ജില്ലകളുടെ വികസനത്തെത്തന്നെ ദൂരവ്യാപകമായും വിപരീതമായും ബാധിക്കുന്ന എയര്‍പോര്‍ട്ടിന്റെ അവസ്ഥയെക്കുറിച്ച് ഇതിനകം അധികൃതരുടെ ശ്രദ്ധയില്‍ വരാവുന്നവിധം ശബ്്ദങ്ങളുയര്‍ന്നുവെങ്കിലും ഫലമുണ്ടായിട്ടില്ല, കേട്ടഭാവം നടിച്ചിട്ടില്ല.
2015 മെയ് ഒന്നു മുതലാണ് കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. റണ്‍വേ നവീകരണത്തിന്റെ പേരിലായിരുന്നു നടപടി. വിമാനത്താവള അധികൃതര്‍ നേരത്തേ വിശദീകരിച്ചതനുസരിച്ചുള്ള റണ്‍വേ വികസനവും അറ്റകുറ്റപ്പണികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍, നേരത്തേ വ്യക്തമാക്കിയിട്ടില്ലാത്ത തടസ്സവാദങ്ങളും സാങ്കേതികത്വങ്ങളും നിരത്തിയാണ് ഇപ്പോഴും കരിപ്പൂരില്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണം തുടരുന്നത്. നാടിന്റെ വികസനവും ദശലക്ഷക്കണക്കിനാളുകളുടെ സൗകര്യവും പരിഗണിച്ച് കിടപ്പാടവും പണവും നല്‍കി എയര്‍പോര്‍ട്ട് പദ്ധതിയോട് സഹകരിച്ച ജനങ്ങളെ കബളിപ്പിച്ചു കൊണ്ടാണ് അധികൃതരുടെ ഭാഗത്തു നിന്നും തികച്ചും നിഷേധാത്മകമായ സമീപനം ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ കൂട്ടായ്മയില്‍ പൊതുമേഖലയില്‍ വളര്‍ന്നു വരുന്നതും ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നതുമായ ഒരു സംരംഭത്തെ ഇല്ലായ്മ ചെയ്യുന്നതിനു പിന്നില്‍ ശക്തമായ ലോബിയിംഗ് ആണെന്ന സംശയങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.
വിമാന നിര്‍മാതാക്കളുടെ മാന്വല്‍ പ്രകാരം ബോയിങ് 747 ഉള്‍പ്പെടെയുള്ള വലിയ വിമാനങ്ങള്‍ സുഗമമായി ഇറക്കാന്‍ വേണ്ടത് 8000 അടി റണ്‍വേയാണ്. കരിപ്പൂരിലെ റണ്‍വേക്ക് 9,500 അടിയോളം വലിപ്പമുണ്ട്. 2,850 മീറ്റര്‍ നീളമുള്ള കരിപ്പൂരിലെ റണ്‍വേയില്‍ വലിയ വിമാനം ഇറങ്ങാന്‍ പറ്റില്ല എന്ന് പറയുന്ന അതോറിറ്റി ലക്നോവില്‍ വെറും 2760 മീറ്റര്‍ നീളമുള്ള റണ്‍വേയില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നു. കരിപ്പൂരിനെക്കാള്‍ റണ്‍വേ നീളം കുറഞ്ഞ രാജ്യത്തെ മറ്റു എയര്‍പോര്‍ട്ടുകളിലും വലിയ വിമാനങ്ങള്‍ക്ക് വിലക്കില്ല. വിമാന കമ്പനികളും വിമാന നിര്‍മാതാക്കളും നിലവിലുള്ള റണ്‍വേ ധാരാളമാണെന്ന് വ്യക്തമായ ടെക്നിക്കല്‍ രേഖകളുടെ അടിസ്ഥാനത്തില്‍ സമര്‍ഥിക്കുന്നുതായി ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ടേബിള്‍ ടോപ് റണ്‍വേ ആണെന്ന് പറഞ്ഞാണ് കരിപ്പൂരിനെതിരെ ഉദ്യോഗസ്ഥര്‍ തടസ്സം നിരത്തുന്നത്. എയര്‍പോര്‍ട്ട് പ്ലാനിംഗ് മാന്വല്‍ അനുസരിച്ചു ലാന്‍ഡിംഗിന് ആവശ്യമുള്ളതിനേക്കാള്‍ ഏകദേശം 30 ശതമാനം കൂടുതല്‍ റണ്‍വേ നീളം വേണം ടേക്ക് ഓഫിന്. അങ്ങനെ വരുമ്പോള്‍ ടേക്ക് ഓഫിന് ടേബിള്‍ ടോപ് റണ്‍വേ ഒരു തരത്തിലും തടസമാവുകയില്ല. ലാന്‍ഡിംഗ് സമയത്തു റണ്‍വേയുടെ നീളത്തില്‍ നിന്ന് തെന്നിമാറിയാല്‍ ടേബിള്‍ ടോപ് എയര്‍പോര്‍ട്ട് ആയതു കൊണ്ട് ഗര്‍ത്തത്തിലേക്ക് പതിച്ചു അപകടം ഉണ്ടാവുമെന്നാണ് പറയുന്നത്. ടേബിള്‍ ടോപ് അല്ലാത്ത റണ്‍വേയില്‍ നിന്ന് തെന്നി മാറിയാല്‍ വിമാനം മുന്നിലുള്ള മരത്തിലോ ബില്‍ഡിംഗുകളിലോ ആയിരിക്കും ഇടിക്കുക. അങ്ങനെ വന്നാലും അപകടം തന്നെയല്ലേ ഉണ്ടാവുക. ഇത്തരം ചോദ്യങ്ങളോടും അധികൃതര്‍ക്ക് കൃത്യമായ പ്രതികരണമില്ലെന്ന് നേരത്തേ വിഷയത്തില്‍ ഇടപെട്ടവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
റണ്‍വേയുടെ സൈഡിലുള്ള സ്ട്രിപ്പിന്റെ വീതി 150 മീറ്റര്‍ വീതം ആകെ 300 മീറ്റര്‍ വേണമെന്ന നിര്‍ദേശം കൂടി ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ടു വെച്ചിട്ടുണ്ട്. കരിപ്പൂരില്‍ ഇപ്പോള്‍ 75 മീറ്റര്‍ വീതം ഇരു വശത്തുമായി 150 മീറ്റര്‍ ആണുള്ളത്. തിരുവനന്തപുരത്തും മറ്റു പല എയര്‍പോര്‍ട്ടുകളിലും കരിപ്പൂരിലെ പോലെ തന്നെ 75 മീറ്റര്‍ വീതമാണുള്ളത്. തിരുവനന്തപുരത്ത് ഇല്ലാത്ത സ്ട്രിപ്പ് പ്രശനം കരിപ്പൂരില്‍ ഉണ്ടാവുന്നെതെങ്ങനെ? മാത്രമല്ല 150 മീറ്റര്‍ വീതം വേണമെന്നതു വലിയ വിമാനങ്ങള്‍ക്കും ചെറിയ വിമാനങ്ങള്‍ക്കും ഒരുപോലെ ബാധകമാണ്. സ്ട്രിപ്പ് വീതി പ്രശ്നമാണെങ്കില്‍ കരിപ്പൂരിലും തിരുവന്തപുരത്തും ഒരു വിമാനവും ഇറങ്ങാന്‍ പറ്റാതെ വരേണ്ടതാണ്. അമേരിക്ക പോലെയുള്ള രാജ്യങ്ങളിലെ ഒട്ടു മിക്ക റണ്‍വേകളിലും 75 മീറ്റര്‍ വീതമുള്ള സ്ട്രിപ്പുകളാണുള്ളത്.
എയര്‍പോര്‍ട്ട് റണ്‍വേയുടെയും മറ്റു ഇന്‍ഫ്രാസ്ട്രക്ച്ചറുകളുടെയും സുരക്ഷാപരിശോധന 2002ലും ശേഷവും നടത്തി വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ ഒരു പ്രയാസവുമില്ല എന്ന് സാക്ഷ്യപ്പെടിത്തിയതാണ്. കൂടാതെ എമിറേറ്റ് സ്, സൗദിയ തുടങ്ങിയ വിദേശ വിമാന കമ്പനികളുടെ വിമാന സുരക്ഷാ വിഭാഗം വിദഗ്ദരും ഇക്കാര്യം ഉറപ്പു വരുത്തിയതാണ്. യാത്രക്കാരുടെ സുരക്ഷാ പ്രശ്നം കൂടുതല്‍ ബാധിക്കുക വിമാന കമ്പനികള്‍ക്കാണെന്നിരിക്കേ കമ്പനികളുടെ അഭിപ്രായവും ഇവിടെ പരിഗണിക്കപ്പെട്ടില്ല എന്നതില്‍ സര്‍വത്ര ദുരൂഹത ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റി സമരവുമായി രംഗത്തു വരുന്നത്. ഗ്രാമങ്ങളിലും തെരുവുകളിലും ജനങ്ങളെയും അധികൃതരെയും ഉണര്‍ത്തുക ലക്ഷ്യം വെച്ച് വിവിധ പ്രതിഷേധ സമരരൂപങ്ങള്‍ ഇതിനകം നടത്തി. പ്രവാസികളും അവരുടെ കുടുംബങ്ങളും താത്പര്യപൂര്‍വമാണ് സമര ആശയത്തെ സമീപിക്കുന്നതും പിന്തുണക്കുന്നതും. സെപ്തംബര്‍ ഒമ്പതിന് കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ ദിനമായി ആചരിച്ചു കൊണ്ടാണ് മലബാര്‍ ജില്ലകളുടെയാകെ ജനാഭിലാഷത്തിനു വേണ്ടിയുള്ള സമരത്തിന് തുടക്കം കുറിച്ചത്. നാട്ടില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമായി ആയിരക്കണക്കിനു പേര്‍ ഒപ്പുവെച്ച നിവേദനം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രിക്ക് അയച്ചു കൊടുത്തുകൊണ്ടായിരുന്നു ദിനാചരണം.
സമരത്തിന്റെ രണ്ടാംഘട്ടം എന്ന നിലയിലാണ് ഇന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് എസ് വൈ എസ് നേതൃത്വത്തില്‍ ബഹുജനമാര്‍ച്ച് നടത്തുന്നത്. അധികൃതരുടെ അവഗണനയിലും അനാസ്ഥയിലും പ്രതിഷേധിച്ചു കൊണ്ട് ആയിരങ്ങള്‍ ഈ സമരത്തില്‍ പങ്കു ചേരും. കേന്ദ്ര സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥ മേലാളുകളുടെയും കണ്ണു തുറപ്പിക്കാനാകുമെന്ന് ആശിക്കുന്ന ഈ സമരത്തോട് ഐക്യപ്പെടാന്‍ കരുപ്പൂരിന്റെ മോചനം ആഗ്രഹിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങളുടെയും നേതാക്കളുടെയുമെല്ലാം പിന്തുണയും ഐക്യദാര്‍ഢ്യവും പ്രതീക്ഷിക്കുന്നു.
(എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍)

LEAVE A REPLY

Please enter your comment!
Please enter your name here