പൊതുഗതാഗത ദിനം; 50 ടാക്‌സി ഡ്രൈവര്‍മാരെ ആര്‍ ടി എ ആദരിച്ചു

Posted on: November 2, 2016 8:38 pm | Last updated: November 7, 2016 at 10:16 pm
പൊതുഗതാഗത ദിനത്തിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാരെ ആര്‍ ടി എ ആദരിച്ചപ്പോള്‍
പൊതുഗതാഗത ദിനത്തിന്റെ ഭാഗമായി ടാക്‌സി ഡ്രൈവര്‍മാരെ ആര്‍ ടി എ ആദരിച്ചപ്പോള്‍

ദുബൈ: എല്ലാ വര്‍ഷവും നവംബര്‍ ഒന്ന് ദുബൈയില്‍ പൊതുഗതാഗത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മികച്ച 50 ടാക്‌സി കാബ് ഡ്രൈവര്‍മാരെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) ആദരിച്ചു.
ദുബൈ മാളിലെ ഐസ്‌റിങ്കില്‍ നടന്ന ചടങ്ങില്‍ ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പ്രശംസാപത്രം സമ്മാനിച്ചു. പൊതുഗതാഗത സംവിധാനങ്ങളായ ബസ്, മെട്രോ, ട്രാം, വിവിധ ജല ഗതാഗത മാര്‍ഗങ്ങള്‍ എന്നിവയിലൂടെ ഏറ്റവും കൂടുതല്‍ തവണ യാത്ര ചെയ്തവരില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടു പേര്‍ക്ക് 50,000 ദിര്‍ഹം വീതം നല്‍കി. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷിതത്വവും ഗതാഗത സുരക്ഷയും ഒരുക്കിയ ടാക്‌സി ഡ്രൈവര്‍മാരെയാണ് ആര്‍ ടി എ ആദരിച്ചത്. ‘ഫൈന്‍ഡിംഗ് ദ ട്രഷര്‍’ മത്സരത്തില്‍ 20 ടീമുകള്‍ പങ്കെടുത്തു. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിര്‍ഹം സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 7,000 ദിര്‍ഹം വീതം നല്‍കി. ദുബൈയില്‍ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയാണെന്ന് മതര്‍ അല്‍ തായര്‍ പറഞ്ഞു.