കേരളം അറുപത് പിന്നിടുമ്പോള്‍

Posted on: November 1, 2016 6:00 am | Last updated: November 1, 2016 at 10:19 am

SIRAJകേരള സംസ്ഥാനം ഇന്ന് അറുപത്തൊന്നാം പിറവി ദിനം ആഘോഷിക്കുകയാണ്. പിന്നിട്ട ആറ് പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാനേറെയുണ്ട്. പോരായ്മകളും ആശങ്കളും അതിലേറെയും. സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ, സ്ത്രീശാക്തീകരണ മേഖലകളില്‍ മികച്ച നേട്ടങ്ങളാണ് സംസ്ഥാനം കൈവരിച്ചത്. ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം, സാമൂഹിക ആരോഗ്യാവബോധം, കുറഞ്ഞ ശിശുമരണനിരക്ക്, ഉയര്‍ന്ന സാക്ഷരത, സാര്‍വജനീനമായ പ്രാഥമിക വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ സൗകര്യം, വൈദ്യുതി, ജലലഭ്യത, ഭക്ഷണലഭ്യത, ക്ഷേമപെന്‍ഷനുകള്‍, പിന്നോക്ക വികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം മറ്റു സംസ്ഥാങ്ങളേക്കാള്‍ മുന്നിലാണ്. വിദ്യാഭ്യാസം, ആളോഹരി വരുമാനം, പാര്‍പ്പിട സൗകര്യങ്ങള്‍ തുടങ്ങി ജീവിത ഗുണമേന്മാ തലത്തില്‍ സംസ്ഥാനം നേടിയ പുരോഗതി ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും മൂന്നാംലോക രാജ്യങ്ങള്‍ പിന്‍തുടരാവുന്ന ഒരു ‘വികസന മാതൃക’ എന്ന രീതിയില്‍ ഇത് വിശേഷിപ്പിക്കപ്പെടുകയുമുണ്ടായി.
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും വിദ്യാഭ്യാസ ഗുണമേന്മയില്‍ സംസ്ഥാനത്തിന്റെ പ്രൈമറി വിദ്യാഭ്യാസ രംഗം അത്ര മെച്ചമല്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. കണക്കിലും ശാസ്ത്രത്തിലും ഇംഗ്ലീഷ് ഭാഷയിലുമെല്ലാം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നിലവാരം മറ്റു പല സംസ്ഥനങ്ങളെയും അപേക്ഷിച്ചു ദയനീയമാണെന്നാണ് കഴിഞ്ഞ വര്‍ഷം എസ് സി ആര്‍ ഇ ടി നടത്തിയ പഠനത്തിലെ കണ്ടെത്തല്‍. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്താന്‍ മാനവിഭവ ശേഷി മന്ത്രാലയം രാജ്യത്തെ 3500ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെ പിറകിലാണ് സ്ഥലം പിടിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷകളിലും കേരളീയ വിദ്യാര്‍ഥികളുടെ സ്ഥാനം പിന്നിലാണ്. വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യം വെക്കുന്ന സാംസ്‌കാരിക ഉന്നതിയിലും പൗരബോധത്തിലും മുന്നേറ്റം കൈവരിക്കാനും സംസ്ഥാനത്തിനാകുന്നില്ല. സിലബസിലും പഠന രീതിയിലും സമൂലമായ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
നിര്‍മാര്‍ജനം ചെയ്യപ്പെട്ടുവെന്ന് കരുതപ്പെട്ടിരുന്ന രോഗങ്ങളുടെ തിരിച്ചു വരവ് ആരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെയും നിഷ്പ്രഭമാക്കുകയാണ്. ഓരോ വര്‍ഷക്കാലവും കടുന്നുവരുന്നത് കേരളത്തെ ഭീതിയിലാഴ്ത്തുന്ന പുതിയ പുതിയ പനികളും സാംക്രമിക രോഗങ്ങളുമായാണ്. ആശുപത്രികളുടെ എണ്ണം വര്‍ധിച്ചെങ്കിലും ആതുര ശുശ്രൂഷ ഏറ്റവും ലാഭകരമായ ബിസിനസ്സായി മാറിയതോടെ സാധാരണക്കാരന് അത് ഉപകാരപ്രദമല്ലാതായി തീര്‍ന്നു. പൊതുജനാരോഗ്യ സംരക്ഷണത്തില്‍ സര്‍ക്കാറിന്റെ പങ്ക് ക്രമേണ കുറഞ്ഞുവരുന്നത് സ്ഥിതി ഗുരുതരമാക്കുകയും ചെയ്തു.
ഊര്‍ജം, റോഡുകള്‍, പാലങ്ങള്‍, തുറമുഖങ്ങള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സംസ്ഥാനത്തിന്റെ സ്ഥിതി പരിതാപകരമാണ്. ഉത്പാദന മേഖലകളായ കൃഷിയിലും വ്യവസായത്തിലും ശോഭനമല്ല. കാര്‍ഷിക, വ്യവസായ രംഗങ്ങളില്‍ തൊണ്ണൂറുകളില്‍ ഉണ്ടായ വളര്‍ച്ച മുരടിച്ചു നില്‍ക്കുകയാണിപ്പോള്‍. തൊഴിലില്ലായ്മയുടെ തോതിലുണ്ടായ വന്‍തോതിലുള്ള വര്‍ധനവാണ് ഈ മാന്ദ്യത്തിന്റെ ഏറ്റവും വലിയ ആഘാതം. ദേശീയ തലത്തില്‍ ഏറ്റവും ഉയര്‍ന്നതാണ് കേരളത്തിലെ തൊഴിലില്ലായ്മയുടെ നിരക്ക്.
ഹിന്ദുത്വ വര്‍ഗീയത വ്യാപിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്. ഉത്തരേന്ത്യയില്‍ വര്‍ഗീയത തിമര്‍ത്താടിയപ്പോഴും അതിന്റെ തീപ്പൊരി പടര്‍ന്നു പിടിക്കാതിരിക്കാനും മതസൗഹാര്‍ദം മുറുകെ പിടിക്കാനും പരമാവധി ശ്രമിച്ചിരുന്നു സംസ്ഥാനം ഇക്കാലമത്രയും. വര്‍ഗീയ രാഷ്ട്രീയത്തിന് വേരുറപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സാമുദായികസ്പര്‍ധ സൃഷ്ടിക്കുന്ന വര്‍ഗീയ പ്രചാരണങ്ങളും പ്രവര്‍ത്തനങ്ങളും ഇവിടെ ഊര്‍ജിതമാക്കിയിരിക്കയാണ് ഈയിടെയായി സംഘ്പരിവാര്‍ സംഘടനകള്‍. ഐ എസ് പോലെയുള്ള ആഗോള ഭീകര സംഘടനകളിലേക്ക് ആളുകള്‍ ആകൃഷ്ടരായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തെയും ഗൗരമായി കാണണം. സംഘ് പരിവാറിന്റെ വര്‍ഗീയ അജന്‍ഡകളെ ചെറുത്തില്ലെങ്കില്‍ കേരളം മറ്റൊരു ഗുജറാത്തായി മാറുന്ന കാലം അതിവിദൂരമല്ല.
ഗള്‍ഫ് നാടുകളില്‍ സ്വദേശവത്കരണം ഊര്‍ജിതമാക്കിയതോടെ പ്രവാസ കേരളം അനുഭവിക്കുന്ന പ്രതസന്ധിയും കനത്ത ആഘാതമാണ്. കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളുടെ അതിശീഘ്രമായ വളര്‍ച്ചക്ക് വഴിയൊരുക്കിയ പ്രധാന ഘടകം പ്രവാസി മലയാളികളുടെ സമ്പാദ്യമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥയില്‍ ഏതാണ്ട് മൂന്നിലൊന്ന് വരും പ്രവാസികളുടെ പങ്ക്. ഗള്‍ഫ് മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി അവരുടെ കുടുംബങ്ങളെ മാത്രമല്ല, മൊത്തം കേരളീയ സമൂഹത്തിന്റെ വളര്‍ച്ചയെയും ആഴത്തില്‍ ബാധിക്കും. സര്‍ക്കാറിന്റെയും പൊതുസമൂഹത്തിന്റെയും കൂട്ടായ യത്‌നത്തിലൂടെ മാത്രമേ, വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ച കേരളത്തിന്റെ വികസനം തുടര്‍ന്നും നിലനിര്‍ത്താനാകൂ.