ഒരു ബ്രേക്ക് ഫാസ്റ്റിന് ഒരായിരം ഫഌക്‌സ് ബോര്‍ഡുകള്‍

Posted on: November 1, 2016 5:27 am | Last updated: November 1, 2016 at 12:28 am

തിരുവനന്തപുരം: ഇന്‍സ്റ്റാള്‍മെന്റ് കച്ചവടക്കാര്‍ നാട്ടിന്‍പുറത്തെ പതിവ് കാഴ്ച്ചയാണ്. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്തിക്കും. പണം തവണ വ്യവസ്ഥയില്‍ നല്‍കിയാല്‍ മതി. യു ഡി എഫ് കാലത്തെ ഉദ്ഘാടനങ്ങളും ഈ രീതിയിലായിരുന്നുവെന്ന് ഉപധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ടി വി രാജേഷ്. ഇനിയും ഓടി തുടങ്ങാത്ത കൊച്ചി മെട്രോ ഉമ്മന്‍ചാണ്ടി പലതവണ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, അങ്ങിനെ ഇന്‍സ്റ്റാള്‍മെന്റ് ഉദ്ഘാടനങ്ങളുടെ പട്ടിക നിരത്തി രാജേഷ്.
നാട മുറിച്ചല്ല വിമാനം ഇറക്കി തന്നെയാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. റോഡിലും വയലിലും എന്തായാലും വിമാനം ഇറങ്ങില്ല. ഇറങ്ങിയത് റണ്‍വെയിലാണ്. വിമാനം പറത്തിയത് കണ്ണൂര്‍ സ്വദേശിയും. കൊച്ചി മെട്രോയുടെ ടെസ്റ്റ് റണ്‍ ഉദ്ഘാടനമാണ് നടത്തിയത്. ഡി എം ആര്‍ സി നിര്‍മിച്ച രാജ്യത്തെ എല്ലാമെട്രോകളിലും ടെസ്റ്റ് റണ്‍ നടത്താറുണ്ട്. മുന്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്നത് നിര്‍ത്തി കുറച്ചെങ്കിലും ശിലാസ്ഥാപനം കൂടി നടത്തണമെന്നും അദ്ദേഹം ഉപദേശിച്ചു. അഞ്ച് മാസമായി ഇതിന്റെ ലക്ഷണം കാണുന്നില്ല. അല്ലെങ്കില്‍ ഇനി വരുന്നവര്‍ക്ക് ഉദ്ഘാടനം ചെയ്യാന്‍ ഒന്നുമുണ്ടാകില്ല. അഞ്ച് മാസം തറക്കല്ലൊന്നും ഇട്ടില്ലെന്നത് ശരിയാണ്. പക്ഷെ, വിസ്മയകരമായ തറക്കല്ലിടലുകള്‍ കാണാന്‍ പോകുന്നെയുള്ളൂവെന്ന് ഡോ. ടി എം തോമസ് ഐസക്ക്. കിഫ്ബിയുടെ ആദ്യയോഗം ഏഴിനാണ്. പിന്നെ തറക്കല്ലിടല്‍ പൂരമാണ് നടക്കാനിരിക്കുന്നത്.
പൊതുമേഖലയുടെ തലപ്പത്ത് പൊന്നുമക്കളെ പ്രതിഷ്ഠിച്ചതാണ് പ്രധാന ഭരണനേട്ടമെന്ന് പി കെ അബ്ദുര്‍റബ്ബ്. എല്‍ ഡി എഫ് അധികാരത്തിലെത്തിയാല്‍ മനുഷ്യന്റെ തലക്കും തെങ്ങിന്റെ കൊലക്കും വിലയുണ്ടാകില്ലെന്ന് സി എച്ച് മുഹമ്മദ് കോയയുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. കൃഷിവകുപ്പ് കര്‍ഷക ക്ഷേമവകുപ്പ് എന്ന് പേരുമറിയതല്ലാതെ കര്‍ഷകന് ഗുണമൊന്നുമില്ലെന്ന് റോഷി അഗസ്റ്റിന്‍. പൊതുവിദ്യാഭ്യാസത്തെ സമഭാവനയോടെ കാണുന്നതില്‍ സര്‍ക്കാര്‍ വിജയിക്കുന്നുണ്ടെന്നായിരുന്നു ഇ കെ വിജയന്റെ പക്ഷം.
ജേക്കബ് തോമസിനെ പോലെ പത്ത് പേരുണ്ടായിരുന്നെങ്കില്‍ കേരളത്തിലെ അഴിമതി പൂര്‍ണമായി ഇല്ലാതാകുമെന്നാണ് രാജു എബ്രഹാം വിശ്വസിക്കുന്നത്. കടുംവെട്ട് തീരുമാനങ്ങളെല്ലാം പുറത്ത് കൊണ്ടുവരണം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കല്‍തുറങ്കില്‍ അടക്കണം. കഴിഞ്ഞ സര്‍ക്കാറിന്റെ തീരുമാനങ്ങളില്‍ പലതിലും രാജു ദുരൂഹതയും മണത്തു. ബാര്‍കോഴ, കടകംപള്ളി ഭൂമി, ബജറ്റ് വില്‍പ്പന, അഞ്ചാം മന്ത്രി കാക്കതൊള്ളായിരം വിവാദങ്ങളില്‍ അഞ്ച് വര്‍ഷത്തെ ഭരണം എങ്ങിനെ മുന്നോട്ടുപോയെന്ന് അന്തിച്ച് നില്‍ക്കുകയാണ് കെ വി വിജയദാസ്.
മത്സരാടിസ്ഥാനത്തിലെ മോഷണവും അഴിമതിയും ജീര്‍ണതക്കും ശേഷം പുതുയുഗം പിറന്നതിന്റെ ആഹ്ലാദം എം സ്വരാജ് മറച്ചുവെച്ചില്ല.
പഴയ കാല കൊള്ളരാജാക്കന്‍മാരുടെ കൊട്ടാരത്തിന് പുരാവസ്തു മൂല്ല്യമെങ്കിലും കാണും. എന്നാല്‍, പോയകാല യു ഡി എഫിനെക്കുറിച്ച് അറപ്പുളവാക്കുന്ന ഓര്‍മ മാത്രം. സ്വത്ത് സംഭരണ സംഘടിത പ്രയത്‌നത്തിന്റെ ഫലം പല ലോക്കറുകളിലും കാണുന്നുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തുറക്കുന്ന ലോക്കറുകള്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറക്ക് സമാനം. യൂത്ത്‌കോണ്‍ഗ്രസ് സമരം അവസാനിച്ചത് മഷികുപ്പിയിലാണ്. വി ടി ബല്‍റാം നിരാഹാരം കിടന്നത് ഒരു ദിവസമാണ്. രാത്രി ഭക്ഷണത്തിന് ശേഷം തുടങ്ങിയ നിരാഹാരം തൊട്ടടുത്ത ദിവസം ഉച്ചക്ക് അവസാനിച്ചു. ഒഴിവാക്കിയത് ഒരു നേരത്തെ ബ്രേക്ക്ഫാസ്റ്റ്. ഇതിന്റെ പേരില്‍ നാട്ടിലാകെ ആയിരകണക്കിന് ഫഌക്‌സ് ബോര്‍ഡ് വെച്ചെന്നും സ്വരാജ് പരിഹസിച്ചു.
ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ സ്വപ്‌നങ്ങളുടെ കണക്കും വികലമായ പ്രഖ്യാപനങ്ങളും മാത്രമാണ് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ കാണുന്നത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ആവര്‍ത്തിച്ച് പഠിപ്പിക്കാനാണ് സി കെ നാണു ശ്രമിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മൊറാര്‍ജി ദേശായിയുടെ ഇടമാണ് കേരള രാഷ്ട്രീയത്തില്‍ നാണുവിന്. ജയപ്രകാശ് നാരായണനെയും മൊറാര്‍ജി ദേശായിയെയും സഭയിലെ പലരും അറിയാതെ പോകുന്നതില്‍ അദ്ദേഹം വേദനിച്ചു.
കശുവണ്ടി അഴിമതി ആരോപണത്തില്‍ നിന്ന് സഭ ഇനിയും മുക്തമായിട്ടില്ല. വ്യക്തിഗത വിശദീകരണത്തിനുള്ള ചട്ടം അനുസരിച്ച് സതീശനും മേഴ്‌സികുട്ടിയമ്മയും ഇന്നലെയും നിലപാട് ആവര്‍ത്തിച്ചു. ഈ വിഷയത്തില്‍ ഇനി ഈ ചട്ടം പ്രയോഗിക്കരുതെന്ന് ഇരുവരെയും സ്പീക്കര്‍ ഉപദേശിച്ചു.