സര്‍വത്ര ദുരൂഹത; ഏറ്റുമുട്ടല്‍ വ്യാജമെന്ന് സംശയം

Posted on: October 31, 2016 11:57 pm | Last updated: November 1, 2016 at 12:35 pm

31bhopal1ന്യൂഡല്‍ഹി: ഗുജറാത്തിലെ ഇശ്‌റത്ത് ജഹാന്‍ മുതല്‍ പ്രജാപതി വരെയുള്ള കേസുകള്‍ക്ക് പിന്നാലെ ഒട്ടേറെ ദുരൂഹതകള്‍ ഉയര്‍ത്തി ഒരു ഏറ്റുമുട്ടല്‍ കൂടി. സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലിലൂടെ വധിച്ചെന്ന് പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും പറയുന്ന സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
ഏറ്റുമുട്ടലെന്ന് മധ്യപ്രദേശ് പോലീസ് വിശദീകരിക്കുമ്പോഴും സിമി പ്രവര്‍ത്തകര്‍ എട്ട് പേരും വെടിയേറ്റുമരിച്ചത് ഒരേ സ്ഥലത്താണെന്നതാണ് ദുരൂഹത കൂട്ടുന്നത്, അതീവ സുരക്ഷാ സംവിധാനമുള്ള ബ്ലോക്കില്‍ നിന്ന് ഒന്നിച്ച് എട്ട് പര്‍ രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നതും വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരേ സ്വഭാവമുള്ള പ്രതികള്‍ ഒരേ ബ്ലോക്കില്‍ വരിക, ഒരു ജയില്‍ ജീവനക്കാരനെ മാത്രം ആക്രമിച്ച് ഒരേ സമയം ഇത്രയും പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുകയെന്ന പോലീസ് വാദവും സംശയമുണര്‍ത്തുന്നു. എട്ട് പേരും കൊല്ലപ്പെടുമ്പോള്‍ ജയില്‍ വസ്ത്രമല്ല ധരിച്ചിരുന്നത്. ഏറ്റുമുട്ടല്‍ നടന്നുവെന്ന് പോലീസ് പറയുന്ന പ്രദേശം ഒളിച്ചിരിക്കാന്‍ തീരെ സുരക്ഷിതമല്ലാത്തതാണ്. ജയില്‍ ചാടി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ഏറെ ദൂരം പോകാതെ ഇവിടെ തങ്ങിയെന്നതും ദുരൂഹമാണ്.
ഈ സാഹചര്യത്തിലാണ് ദുരൂഹത ചൂണ്ടിക്കാട്ടി കോണ്‍ഗ്രസും എ എ പിയും പരസ്യമായി രംഗത്തെത്തിയത്. ‘ജയില്‍ ചാടിയതാണോ മുന്‍കുട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ’ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗ് ട്വീറ്റ് ചെയ്തു. തടവുകാര്‍ രക്ഷപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു. ജയില്‍ ചാടിയവര്‍ ഒരേ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് എ എ പി നേതാവ് അല്‍ക്ക ലാംബ ചോദിച്ചു.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദ് അഹമ്മദിന്റെ അഭിഭാഷകന്‍ തഹവ്വുര്‍ ഖാനും ആരോപിച്ചു. സിമി ക്യാമ്പ് കേസിന്റെ നിലവിലെ സ്ഥിതി അനുസരിച്ച് ഖാലിദിന് അനുകൂല വിധി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ പ്രതികള്‍ തടവ് ചാടാനിടയില്ലെന്നും ഖാലിദിന്റെ കുടുംബവുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും തഹവ്വുര്‍ ഖാന്‍ പറഞ്ഞു.