രാജ്യത്ത് യുവതികളില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നു

Posted on: October 31, 2016 12:33 pm | Last updated: October 31, 2016 at 7:50 pm

cancerദോഹ: പാശ്ചാത്യരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഖത്വറിലും മേഖലയിലും യുവതികളില്‍ സ്തനാര്‍ബുദം വര്‍ധിക്കുന്നതായി അധികൃതര്‍. ആദ്യമായി സ്തനാര്‍ബുദമുണ്ടാകുന്ന വനിതകളുടെ പ്രായം പടിഞ്ഞാറന്‍ രാഷ്ട്രങ്ങളേക്കാള്‍ 15 വയസ്സ് മുമ്പെയാണെന്നും ഖത്വര്‍ ക്യാന്‍സര്‍ സൊസൈറ്റി ചെയര്‍മാന്‍ ഡോ. ശൈഖ ഖാലിദ് ബിന്‍ ജബര്‍ അല്‍ താനി പറഞ്ഞു.
ഗള്‍ഫ് രാഷ്ട്രങ്ങളിലുടനീളം ചെറുപ്രായത്തിലെ വനിതകള്‍ക്ക് സ്തനാര്‍ബുദം കണ്ടുവരുന്നുണ്ട്. മേഖലയില്‍ 30- 45 വയസ്സുകാരില്‍ സ്തനാര്‍ബുദം കാണുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇത് 50 വയസ്സാണ്. സ്തനാര്‍ബുദ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഈ മാസം സ്തനാര്‍ബുദ ബോധവത്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഷെറാട്ടണ്‍ ഹോട്ടലില്‍ പൊതു ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരിയുടെ കാര്‍മികത്വത്തില്‍ ഖത്വര്‍ കാന്‍സര്‍ സൊസൈറ്റി സമ്മേളനം സംഘടിപ്പിച്ചത്.
രാജ്യത്ത് സ്തനാര്‍ബുദമുണ്ടാകുന്ന യുവതികളുടെ എണ്ണം അപകടകരമാം വിധം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. ലക്ഷണങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നതിലൂടെയും ജീവിതശൈലി മാറ്റുന്നതിലൂടെയും വൈകാതെതന്നെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. അല്‍ താനി അറിയിച്ചു.
ഉദര, സ്താനാര്‍ബുദങ്ങള്‍ കണ്ടെത്തുന്നതിന് സ്‌ക്രീന്‍ ഫോര്‍ ലൈഫ് എന്ന പേരില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ കാന്‍സര്‍ പ്രോഗ്രാം മാനേജര്‍ ഡോ. ശൈഖ അബു ശൈഖ പറഞ്ഞു. സ്‌ക്രീന്‍ ഫോര്‍ ലൈഫിന്റെ ആദ്യ വര്‍ഷം 45- 69 പ്രായത്തിലുള്ള ഖത്വരി വനിതകളെയാണ് പരിശോധനക്ക് വിധേയരാക്കുന്നത്. രണ്ടാം വര്‍ഷം ഖത്വറിതര യുവതികളെയും ഉള്‍പ്പെടുത്തും. ഇതുവരെ 4243 പേരെ പരിശോധിക്കുകയും 429 പേരെ ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.