യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; ഭാര്യയും കാമുകനും അറസ്റ്റില്‍

Posted on: October 31, 2016 11:54 am | Last updated: October 31, 2016 at 11:54 am

crimeദുബൈ: ഖിസൈസ് വ്യവസായ മേഖലയിലെ വെയര്‍ഹൗസിനടുത്ത് രണ്ടാഴ്ച മുമ്പ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. കോമൊറോസ് ദ്വീപ് സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് ഭാര്യയും കാമുകനും ചേര്‍ന്നാണെന്ന് ദുബൈ പോലീസ് മേധാവിലെഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന പറഞ്ഞു.
ഈ മാസം 15നാണ് വെയര്‍ഹൗസിനടുത്ത് കത്തിയ നിലയില്‍ മൃതദേഹം കണ്ടതായി ദുബൈ പോലീസിന് വിവരം ലഭിക്കുന്നത്. അന്വേഷണത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞ പോലീസ് കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഭര്‍ത്താവ് എവിടെയാണെന്ന പോലീസിന്റെ ചോദ്യത്തിന് മത്സ്യബന്ധനത്തിന് പോയതിന് ശേഷം 14 ദിവസമായിട്ട് ഒരു വിവരവും ഇല്ലെന്നായിരുന്നു യുവതി പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവിന്റെ സുഹൃത്തുമായി സ്‌നേഹബന്ധത്തിലായിരുന്നുവെന്നും അയാളുമായി ചേര്‍ന്ന് കൊല നടത്തുകയായിരുന്നുവെന്നും യുവതി സമ്മതിച്ചു.
കഴിഞ്ഞ രണ്ടു വര്‍ഷമായി കോമറോസ് സ്വദേശിയായ യുവാവുമായി വിവാഹത്തിന് ശേഷവും യുവതി ബന്ധം തുടര്‍ന്നുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ബന്ധം വളര്‍ന്നതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള തീരുമാനമെടുക്കുകയായിരുന്നു.
തുടര്‍ന്ന് ഈ മാസം 15ന് പുലര്‍ച്ചെ മൂന്നിന് തന്റെ കാര്‍ കേടായെന്നും നന്നാക്കാന്‍ സഹായിക്കാന്‍ വരണമെന്നും പറഞ്ഞ് സുഹൃത്ത് കൂടിയായ യുവാവിനെ പ്രതി വിളിച്ചുവരുത്തി. ഇവിടെ വെച്ച് പ്രതി യുവാവിന്റെ കൈയും കാലും കെട്ടി കാറില്‍ കയറ്റി കാമുകിയുടെ അടുത്തെത്തി. കാമുകിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഭര്‍ത്താവിനേയും കൊണ്ട് എത്തിയതെന്ന് ദുബൈ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്‌റാഹീം അല്‍ മന്‍സൂരി പറഞ്ഞു. പിന്നീട് കാമുകന്‍ ഭര്‍ത്താവിനേയും കൊണ്ട് ഷാര്‍ജയുടെ പ്രാന്തപ്രദേശമായ അല്‍ തായ് ഡിസ്ട്രികിലെത്തി. ഇവിടെ നിന്ന് ഭീമന്‍ കല്ലെടുത്ത് ഇയാളുടെ തലയിലിടുകയായിരുന്നു. തല തകര്‍ന്ന് അമിതമായി രക്തം വാര്‍ന്ന യുവാവിനെയുംകൊണ്ട് കാമുകന്‍ യുവതിയുടെ താമസ സ്ഥലത്തെത്തി.
പിന്നീട് ഖിസൈസ് വ്യവസായ മേഖലയിലെ വെയര്‍ഹൗസിനടുത്തെത്തി കാറില്‍ നിന്ന് യുവാവിനെ വലിച്ചിറക്കി. പലതവണ ഭാര്യയുടെ കാമുകന്‍ യുവാവിന്റെ തലക്ക് അടിച്ച് മരണം ഉറപ്പാക്കി. നേരത്തെ വാങ്ങിവെച്ച ഓയില്‍ മൃതദേഹത്തില്‍ ഒഴിച്ച് കത്തിക്കുകയും ചെയ്തു. കത്തിച്ച ശേഷം ഓയില്‍ ബോട്ടില്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് പ്രതി മടങ്ങിയത്. കൃത്യമായ നിരീക്ഷണം നടത്തി പ്രതികളെ വലയിലാക്കിയ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ പോലീസ് മേധാവി ലെഫ്. ജനറല്‍ ഖമീസ് മതര്‍ അല്‍ മസീന അഭിനന്ദിച്ചു.