Connect with us

Malappuram

മതസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

Published

|

Last Updated

എടവണ്ണപ്പാറ: പള്ളികളും മത സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. സതീശന്‍ എന്ന മുഹമ്മദ് റാഫിയാണ് വാഴക്കാട് പോലീസിന്റെ പിടിയിലായത്. നിരവധി പേരാണ് ഇദ്ദേഹത്തിന്റെ തട്ടിപ്പിനിരയായിട്ടുള്ളത്.
പുതു വിശ്വാസി എന്ന് പരിചയപ്പെടുത്തി അടുപ്പം പുലര്‍ത്തിയായിരുന്നു തട്ടിപ്പ്. മത നേതാക്കളുടെയും അറിയപ്പെട്ട പ്രഭാഷകരുടെയും പേര് പറഞ്ഞ് അവരുമായുള്ള വലിയ ബന്ധങ്ങള്‍ വിശദീകരിച്ച് വിശ്വസിപ്പിക്കും. ആദ്യം അച്ഛന്റെ പേരിലുള്ള കോടികള്‍ വില വരുന്ന ആസ്തികള്‍ കേസിലാണെന്നും സമീപ കാലത്ത് കേസ് അനുകൂലമായി കോടികള്‍ കിട്ടാനുണ്ടെന്നും പറഞ്ഞ്, അതു വരെ കേസ് നടത്താനും ചെലവിനും ചികിത്സക്കും പണം കടം വേണമെന്ന് പറഞ്ഞ് വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് പതിവ്. നല്ല സംസാരവും ആകര്‍ഷണീയമായ വേഷവും ആളുകള്‍ പെട്ടെന്ന് വിശ്വസിക്കാന്‍ കാരണമായി. പൊന്നാനിയില്‍ നിന്ന് പരിചയപ്പെട്ട ഒരു യുവതിയെ മുമ്പ് വിവാഹം കഴിച്ചിരുന്നെങ്കിലും ഇയാളുടെ ദുര്‍നടപ്പ് ബോധ്യപ്പെട്ട പെണ്‍വീട്ടുകാര്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നു. നിരവധി സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. മതാധ്യാപകരും ഇദ്ദേഹത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ട്.
കടം വാങ്ങിയ പണം തിരിച്ച് ചോദിച്ചാല്‍ ഭീഷണിയും തെറിയുമായിരുന്നു മറുപടി. കൊല്ലുമെന്നും കുടുംബം നശിപ്പിക്കുമെന്നും കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തും. വാട്‌സപ്പ് ഗ്രൂപ്പുകളാണ് തട്ടിപ്പുകള്‍ക്ക് മാധ്യമമായി ഉപയോഗിച്ചത്. ഇതിനിടെ പല പള്ളികളിലും രാത്രികളില്‍ കളവും നടത്തിയിരുന്നു. സഹായം തേടി പള്ളികളിലെത്തുകയും രാത്രി താമസിക്കാനുള്ള സൗകര്യം തരപ്പെടുത്തുകയും ചെയ്യും. പലപ്പോഴും പള്ളി ഇമാമുമാര്‍ റൂമുകളില്‍ സൗകര്യം ചെയ്ത് കൊടുക്കും. നേരം പുലരുംമുമ്പ് വിലപിടിപ്പുള്ള മൊബൈലുകളും പണവും കൈക്കലാക്കി സ്ഥലം വിടും. ഏകദേശം 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വാഴക്കാട് പോലീസ് സ്റ്റേഷനില്‍ ഇപ്പോള്‍ തന്നെ ഇരുപതോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ വിവരം അറിഞ്ഞ് നിരവധിയാളുകളാണ് പരാതിയുമായി എത്തുന്നത്. സംഘത്തിലെ മറ്റുള്ളവരെ പിടികൂടാനുണ്ട്. മറ്റു പല പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ പരാതികളുണ്ട്.