ദലൈലാമയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം; താക്കീതുമായി ചൈന

Posted on: October 29, 2016 5:56 am | Last updated: October 28, 2016 at 11:57 pm

dalai-lamaബീജിംഗ്: തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമക്ക് അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ അനുവാദം കൊടുത്താല്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പ്രേമ ഖണ്ഡുവിന്റെ ക്ഷണ പ്രകാരമാണ് ദലൈലാമ തവാങ്ങിലെ ബുദ്ധവിഹാരം സന്ദര്‍ശിക്കുന്നത്. എന്നാല്‍ ഈ പ്രദേശം തര്‍ക്ക പ്രദേശത്താണെന്ന് ചൈന പറയുന്നു. വിഷയം ഗൗരവതരമായി കാണുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാഗം പറഞ്ഞു. ചൈനയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തില്‍ രാജ്യത്തിന്റെ നിലപാട് വ്യക്തമാണ്. ചൈന വിരുദ്ധ പ്രവര്‍ത്തനമാണ് ദലൈലാമ ചെയ്യുന്നത്. അതിര്‍ത്തിയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനേ ഇതുപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശിലേക്കുള്ള ലോകനേതാക്കളുടെ സന്ദര്‍ശനത്തെ ചൈന എല്ലായ്‌പ്പോഴും എതിര്‍ക്കാറുണ്ട്. കഴിഞ്ഞയാഴ്ച ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ തവാംങ് സന്ദര്‍ശിച്ചതിനെ ചൈന എതിര്‍ത്തിരുന്നു. പ്രശ്‌ന ബാധിത പ്രദേശത്തെ സന്ദര്‍ശനമെന്നാണ് ചൈന ഇതിനെ വിശേഷിപ്പിച്ചത്. അതേ സമയം, ദലൈ ലാമ ഇന്ത്യയില്‍ അതിഥിയായിട്ടാണ് വരുന്നതെന്നും അദ്ദേഹത്തിന് രാജ്യത്ത് എവിടെയും സന്ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്ന വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപിന്റെ പ്രതികരണം.