ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ; പ്രധാനമന്ത്രിക്കും വ്യോമയാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയക്കും

Posted on: October 28, 2016 11:39 pm | Last updated: October 28, 2016 at 11:39 pm

തിരുവനന്തപുരം: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമം സംസ്ഥാനസര്‍ക്കാര്‍ തുടര്‍ന്നു വരികയാണെന്നും ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്രവ്യോമയാനമന്ത്രിക്കും മുഖ്യമന്ത്രി തന്നെ കത്തെഴുതുമെന്നും മന്ത്രി കെ ടി ജലീല്‍. നിയമസഭയില്‍ ഈ വിഷയം ഉന്നയിച്ച് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ച ടി വി ഇബ്രാഹിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഹജ്ജ് യാത്രികരില്‍ ഭൂരിഭാഗവും കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാറിന്റെ അഭിപ്രായം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ ഹജ്ജ് യാത്ര നെടുമ്പാശേരി വഴിയായിരുന്നു ഇത് യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പറ്റിംഗ് നടത്തുന്നതിനാലാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് താത്കാലികമായി കരിപ്പൂരില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് മാറ്റിയത്. എന്നാല്‍ റീ കാര്‍പറ്റിംഗ് പൂര്‍ത്തിയായെങ്കിലും റണ്‍വേ നീളം കൂട്ടാത്തതിനാല്‍ ഹജ്ജ് സര്‍വീസിന് അനുയോജ്യമായ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കില്ല എന്ന് ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രവ്യോമയാനമന്ത്രാലത്തിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടാകണം. ഡിസംബറോടെ വിമാനത്താവളം പൂര്‍ണജ്ജമാകുമെന്നാണ് വിവരം. റണ്‍വേ വികസനത്തിന് സ്ഥലം വിട്ടു തരാനാവില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചതായി കേന്ദ്രമന്ത്രാലയം സംസ്ഥാനത്തിന് വിവരം നല്‍കിയിട്ടുണ്ട്. സ്ഥലം വിട്ടു നല്‍ക്കുന്നതിന് പ്രദേശവാസികള്‍ സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.