പുകയില കടത്താന്‍ കൈക്കൂലി: അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ കേസ്

Posted on: October 28, 2016 8:16 pm | Last updated: October 28, 2016 at 8:16 pm

ദോഹ: അനധികൃതമായി പുകയില ഉത്പന്നങ്ങള്‍ രാജ്യത്തേക്കു കടത്തുന്നതിനു കസ്റ്റംസ് ഉദ്യോഗസ്ഥനു കൈക്കൂലി വാഗ്ദാനം ചെയ്തതിന് അഞ്ച് ഇന്ത്യക്കാര്‍ക്കെതിരെ കേസ്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പിടിയിലായ ഇവരുടെ കേസ് നടപടികള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആരംഭിച്ചിട്ടുണ്ട്. രണ്ടു ലക്ഷം റിയാലാണു കസ്റ്റംസ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചത്. ഒരു ലക്ഷം റിയാല്‍ പണമായും ബാക്കി തുകയ്ക്കുള്ള ചെക്കും നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ സംഭവം മേല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തി ഇവരെ വലയിലാക്കുകയായിരുന്നു.
ഡ്രൈവര്‍, കടയുടമ, സെയില്‍സ് പ്രതിനിധി, അക്കൗണ്ടന്റ്, ഇവരുടെ കൂട്ടാളി എന്നിവര്‍ക്കെതിരെയാണു കേസ്. രാജ്യത്തു നിരോധിച്ചിട്ടുള്ള പുകയില ഉത്പന്നങ്ങള്‍ അനധികൃതമായി കടത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണു കേസിലുള്ളത്. കൈക്കൂലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ വിവരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിനെ (സി ഐ ഡി) അറിയിച്ചു.
അവരുടെ നിര്‍ദേശപ്രകാരം പ്രതിയുമായി കൂടുതല്‍ ചര്‍ച്ച നടത്തി ഇടപാട് ഉറപ്പിച്ചു. ഷിപ്‌മെന്റ് എത്തിയയുടന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കാറില്‍ വച്ച് പ്രതി ഒരു ലക്ഷം റിയാല്‍ കൈമാറി. ബാക്കി തുകയ്ക്കുള്ള ചെക്കും നല്‍കി.
ഇതെല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്ന പൊലീസ് പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നു. തുടര്‍ന്നു കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. പ്രതികളെ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്.