റേഷന്‍ കാര്‍ഡ് കരട് പട്ടിക: പരാതിയുമായി ആയിരങ്ങള്‍

Posted on: October 25, 2016 11:32 am | Last updated: October 25, 2016 at 11:32 am

മുക്കം: കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. നേരത്തെ ബി പി എല്‍ ലിസ്റ്റില്‍പ്പെട്ട നിരവധിയാളുകള്‍, താഴ്ന്ന വരുമാനമുള്ളവര്‍, വിധവകള്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ , കോളനിവാസികള്‍ തുടങ്ങിയവ നിരവധി പേര്‍ക്ക് കരട് ലിസ്റ്റില്‍ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നാണ് വ്യാപകമായി പരാതി ഉയര്‍ന്നിട്ടുള്ളത്. അതേസമയം എ പി എല്‍ വിഭാഗത്തിലുള്ളവരടക്കം പലരും കരട് ലിസ്റ്റില്‍ കടന്നുകൂടിയതായും പരാതിയുയര്‍ന്നിട്ടുണ്ട്. പ്രയോറിറ്റി, നോണ്‍ പ്രയോറിറ്റി എന്നിങ്ങനെ കാര്‍ഡുടമകളെ തരം തിരിക്കുന്നതാണ് പുതിയ റേഷന്‍ കാര്‍ഡ് സംവിധാനം. നേരത്തെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി കുടുംബങ്ങള്‍ കരട് പട്ടികയില്‍ നോണ്‍ പ്രയോറിറ്റി ലിസ്റ്റിലാണ്.
അതിനിടെ, തെറ്റ് തിരുത്തുന്നതിനും പരാതി നല്‍കുന്നതിനുമായി ഈ മാസം 30 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. തെറ്റുതിരുത്തല്‍ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മലയോര മേഖലയില്‍ മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളിലുള്ളവര്‍ക്ക് സംവിധാനമേര്‍പ്പെടുത്തിയത് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിലാണ്. 50 പേര്‍ക്ക് പോലും നിന്ന് തിരിയാന്‍ സൗകര്യമില്ലാത്ത ഇവിടെ അഞ്ഞൂറിലധികം ആളുകളാണ് ദിവസവും എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സൗകര്യപ്രദമായ സ്ഥലത്ത് സംവിധാനമൊരുക്കണമെന്ന് മുക്കം നഗരസഭ കൗണ്‍സിലര്‍ ഉഷകുമാരി പറഞ്ഞു.
രാവിലെ ഒന്‍പത് മണി മുതല്‍ ക്യൂ നില്‍ക്കുന്ന വൃദ്ധരും രോഗികളുമടക്കമുള്ളവര്‍ വെളളവും ഭക്ഷണവും ലഭിക്കാതെ ദുരിതത്തിലാകുന്നു. പലരും തളര്‍ന്നുവീഴുന്ന അവസ്ഥ വരെയുണ്ടായി. കരട് പട്ടികയിലെ അപാകതകള്‍ക്കെതിരെ എല്ലായിടത്തും പരാതിപ്രളയമാണ്. 30നകം പരാതി സ്വീകരിച്ച് നവംബര്‍ 15നകം പരാതി വിദഗ്ധ സമിതി പരിശോധിക്കും. തുടര്‍ന്ന് ഡിസംബര്‍ രണ്ട് വരെ അപ്പീല്‍ പരിഗണിക്കും. ഡിസംബര്‍ 15ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനാണ് ആലോചന. 2017 ഫെബ്രുവരി ഒന്ന് മുതല്‍ കാര്‍ഡ് വിതരണം ചെയ്യാനാണ് തീരുമാനം.
അതേസമയം, ഇത്തരം കാര്യങ്ങളൊന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജനങ്ങളെ യഥാസമയം അറിയിച്ചില്ലെന്നും പരാതിയുണ്ട്. ജനങ്ങള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പട്ടിക പരിശോധിക്കാനും പരാതി നല്‍കാനും നടപടി സ്വീകരിക്കണമെന്ന് വ്യാപകമായി ആവശ്യമുയരുന്നുണ്ട്.