എ ടി എം തട്ടിപ്പ് നിലമ്പൂരിലും; ദമ്പതികള്‍ക്ക് നഷ്ടമായത് 7.50 ലക്ഷം

Posted on: October 25, 2016 12:33 am | Last updated: October 25, 2016 at 12:33 am

നിലമ്പൂര്‍: എ ടി എം തട്ടിപ്പിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് 7.5 ലക്ഷം രൂപ നഷ്ടമായി. പാലക്കാട് വടക്കുംതറ ദേവിനഗര്‍ രഘുപതിയുടെയും ഭാര്യ ശാന്തകുമാരിയുടെയും നിലമ്പൂര്‍ ഇന്‍ഡ്യന്‍ ബേങ്കിലുള്ള അക്കൗുകളില്‍ നിന്നാണ് പണം നഷ്ടമായത്. കോയമ്പത്തൂരില്‍ ജോലിക്കാരനായ രഘുപതിയുടെ ഭാര്യ ശാന്തകുമാരി വൈലാശ്ശേരി ക്ഷേത്രം ജീവനക്കാരിയാണ്. കഴിഞ്ഞ 16 ന് ബേങ്ക് ഹെഡ് ഓഫീസില്‍ നിന്നെന്നും പറഞ്ഞ് ഇവര്‍ക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. എ ടി എം കാലാവധി കഴിഞ്ഞെന്നും അക്കൗണ്ട് നമ്പര്‍ പറഞ്ഞു തരണമെന്നും ആവശ്യപ്പെട്ടായിരുന്നു കോള്‍. ഇവരോട് 500 രൂപ എ ടി എം വഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കോയമ്പത്തൂരിലെ എ ടി എമ്മില്‍ നിന്നും 500 രൂപ പിന്‍വലിച്ചു. എ ടി എം കാര്‍ഡ് മാറ്റുന്നതിനെന്ന് പറഞ്ഞ് പിന്നീട് ഭര്‍ത്താവിന്റെ ഫോണില്‍ വിളിച്ചും എസ് എം എസ് അയച്ചും പിന്‍ നമ്പര്‍ അടക്കം തട്ടിപ്പുകാര്‍ കരസ്ഥമാക്കുകയായിരുന്നു. പുതിയ കാര്‍ഡ് ഉടന്‍ ആക്ടിവേറ്റാകും എന്നും മറ്റുമായി കഴിഞ്ഞ 22 വരെ ഇവര്‍ക്ക് ഫോണ്‍കാളുകള്‍ വന്നിരുന്നു. ഇതിനിടെ വേറെ ബേങ്ക് അക്കൗണ്ട് ഉണ്ടോ എന്നറിയുന്നതിനായി വീണ്ടും ഫോണ്‍ കാള്‍ വന്നതോടെ ഇവര്‍ക്ക് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പലപ്പോഴായി രണ്ട് പേരുടെ അക്കൗണ്ടുകളില്‍ നിന്നായി 7.50 ലക്ഷത്തോളം രൂപ നഷ്ടമായതായി അറിഞ്ഞത്. പോലീസ് കേസെടുത്തു.