പുതിയ മദ്യനയം ഫെബ്രുവരിയില്‍

Posted on: October 25, 2016 9:15 am | Last updated: October 25, 2016 at 12:32 am

തിരുവനന്തപുരം: മദ്യവ്യവസായം നിയമാനുസൃതമാക്കുന്നവിധത്തില്‍ ഇടതുമുന്നണി സര്‍ക്കാറിന്റെ സമഗ്ര മദ്യനയം ഫെബ്രുവരിയില്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. മദ്യനിരോധനമായിരിക്കില്ല, മദ്യവര്‍ജനമായിരിക്കും പുതിയ നയത്തിന്റെ കാതല്‍ എന്നും ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയില്‍ മന്ത്രി പറഞ്ഞു. ഇടതുമുന്നണിയെ ജനങ്ങള്‍ ജയിപ്പിച്ചത് യു ഡി എഫിന്റെ മദ്യനയം നടപ്പാക്കാനല്ല. യു ഡി എഫ് നയം കാരണം ടൂറിസം മേഖല പിന്നോട്ടുപോയി. വലിയ കമ്പനികളുടെ കോണ്‍ഫറന്‍സുകളും സമ്മേളനങ്ങളുമെല്ലാം കേരളത്തിന് പുറത്തേക്ക് മാറ്റപ്പെടുകയാണ്. ഇതു സംബന്ധിച്ചെല്ലാം സൂക്ഷ്മതലത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം, യു ഡി എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. ലൈസന്‍സുള്ള സ്ഥാനപങ്ങളിലെ നിയമവിരുദ്ധ നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളില്‍ ശുദ്ധമായ കള്ള് ഉറപ്പാക്കും അനധികൃത നടപടി കണ്ടെത്തിയാല്‍ ശക്തമായ നടപടി ഉണ്ടാകും. മദ്യത്തിനും മയക്കുമരുന്നിനും മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ക്കുമെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തും.
വിമുക്തി എന്ന പേരില്‍ ഈ മാസം ആരംഭിക്കുന്ന ലഹരിമുക്ത പ്രചരണ പരിപാടിക്ക് എല്ലാവരില്‍നിന്ന് സഹായ സഹകരണമുണ്ടാകണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ലഹരി വിരുദ്ധ പരാതിപ്പെട്ടി വ്യാപിപ്പിക്കും. എല്ലാ ആദിവാസി കേന്ദ്രങ്ങളിലും ജനമൈത്രി എക്‌സൈസ് ഓഫീസുകള്‍ ആരംഭിക്കും. മദ്യ വര്‍ജനത്തിന് സഹായകമായ എല്ലാ പ്രവര്‍ത്തനവും നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തോട്ടം മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വീട് നല്‍കാനുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വിവിധ ജില്ലകളില്‍ പാര്‍പ്പിട സൗകര്യം ഒരുക്കും. സംസ്ഥാനത്ത് സ്വന്തമായി ഭൂമിയും വീടുമില്ലാത്ത 22,679 കുടുംബങ്ങളാണുള്ളത്. ഇവര്‍ക്കു വീടു നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇടുക്കിയിലാണ് നടക്കുന്നത്. തോട്ടം മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് എന്‍ കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിശോധിച്ച് പരിഹാരം കാണാന്‍ തൊഴില്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുക്കും. അവര്‍ക്കെല്ലാം മിനിമം കൂലി ഉറപ്പാക്കും. ഇ എസ് ഐ ആസ്പത്രികള്‍ നവീകരിക്കുമെന്നും മന്ത്രി അറിയിച്ചു.