എെഒസി ടാങ്കർ ലോറി സമരം ഒത്തുതീർപ്പായി; ഇന്ധന നീക്കം ഉടൻ സാധാരണ നിലയിലാകും

Posted on: October 25, 2016 7:15 pm | Last updated: October 26, 2016 at 10:00 am

ioc

കൊച്ചി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ടാങ്കര്‍ തൊഴിലാളി സമരം ഒത്തുതീര്‍പ്പായി. ഗതാഗത മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ കരാര്‍ വ്യവസ്ഥയിലെ അപാകതകള്‍ പരിഹരിക്കാന്‍ ധാരണയായി. ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ മൂന്ന് വരെ നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ഇന്ധന വിതരണം എത്രയും വേഗം സാധാരണ നിലയിലെത്തിക്കുമെന്ന് ഐഒസി അധികൃതര്‍ അറിയിച്ചു.

സമരം നാല് ദിവസം പൂർത്തിയായതോടെ മധ്യകേരളത്തില്‍ ഇന്ധനത്തിനു ക്ഷാമം നേരിട്ടു തുടങ്ങിയിരുന്നു. ഞായറാഴ്ച കോഴിക്കോട് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.

പ്ലാന്റിലെ ഇന്ധനവിതരണത്തിനുള്ള പുതിയ ടെന്‍ഡറിലെ അപാകതകള്‍ പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെയും ലോറിയുടമകളുടെയും ആവശ്യം. നിലവില്‍ 612 ലോറികളാണ് പ്ലാന്റില്‍ നിന്ന് ഇന്ധനവുമായി പോകുന്നത്. എന്നാല്‍, പുതിയ ടെന്‍ഡര്‍ 550 ലോറികളെ മാത്രമേ വിളിച്ചിട്ടുള്ളു. 60ഓളം ലോറികളിലെ 120ഓളം തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുന്നതാണ് ഈ നടപടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്നു മൂന്ന് തവണ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരമായിരുന്നില്ല.