അറബ് റീഡിംഗ് ചലഞ്ച്; അള്‍ജീരിയന്‍ ബാലന്‍ ജേതാവ് ആദ്യ പത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയും

>>അറബ് വായനാ മത്സരത്തില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. >>ഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ഥിയായ മുഹമ്മദ് സ്വാലിഹ് മോളൂര്‍ ആദ്യ പത്തില്‍ ഇടം നേടി.
Posted on: October 24, 2016 8:09 pm | Last updated: October 28, 2016 at 7:42 pm

unnamedദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കം കുറിച്ച അറബ് റീഡിംഗ് ചലഞ്ചിന്റെ വിജയിയെ ദുബൈ ഒപേറഹ ഹൗസില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ പ്രഖ്യാപിച്ചു. ഏഴു വയസുകാരനായ അള്‍ജീരിയന്‍ ബാലന്‍ മുഹമ്മദ് ഫറഹ് ജേതാവായി.

aaaഇന്ത്യയില്‍ നിന്നുള്ള മത്സരാര്‍ഥിയായ മുഹമ്മദ് സ്വാലിഹ് മോളൂര്‍ ആദ്യ പത്തില്‍ ഇടം നേടി. ശൈഖ് മുഹമ്മദില്‍ നിന്ന് സ്വാലിഹ് പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങി.
മലപ്പുറം മഅ്ദിന്‍ മോഡല്‍ അക്കാഡമി വിദ്യാര്‍ഥിയാണ് മുഹമ്മദ് സ്വാലിഹ്. പാലക്കാട് മോളൂര്‍ അബ്ദുറശീദിന്റെയും ഫാത്തിമ സൗദയുടെയും മകനാണ്. പരിപിടിയില്‍ ഇന്ത്യയില്‍ നിന്നുള്ള അതിഥിയായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇഹ്‌റാഹീം ഖലീലുല്‍ ബുഖാരി പങ്കെടുത്തു.

വായനാ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനായി നടത്തിയ അറബ് വായനാ മത്സരത്തില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. യു എ ഇ, സഊദി അറേബ്യ, ഈജിപ്ത്, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്വര്‍, ലബനോന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, ടുണീഷ്യ, സുഡാന്‍, മൊറോക്കോ, അള്‍ജീരിയ, മൗറിത്താനിയ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായിരുന്നു വിദ്യാര്‍ഥി പങ്കാളിത്തം.

ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ക്യാബിനറ്റ് അഫയേഴ്‌സ് ആന്‍ഡ് ദ ഫ്യൂചര്‍ മന്ത്രിയും അറബ് റീഡിംഗ് ചലഞ്ച് സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, വൈജ്ഞാനികസാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ദുബൈ ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങി അറബ് ലോകത്ത് നിന്നുള്ള വിശിഷ്ട വ്യക്തിത്വങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംബന്ധിച്ചു.