Connect with us

National

മുത്ത്വലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

Published

|

Last Updated

മഹോബ (ഉത്തര്‍പ്രദേശ്): മുത്ത്വലാഖിനെ ഹിന്ദു-മുസ്ലിം പ്രശ്‌നമായോ രാഷ്ട്രീയ പ്രശ്‌നമായോ മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹിന്ദുക്കള്‍ക്കിടയിലെ പെണ്‍ഭ്രൂണഹത്യയും മുസ്ലിംകള്‍ക്കിടയിലെ മുത്ത്വലാഖും ഒരു പോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മഹാപരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മകളും മാതാവും സഹോദരിമാരും സംരക്ഷിക്കപ്പെടണം. പെണ്‍ഭ്രൂണഹത്യ പാപമാണ്. അത് ഹിന്ദുക്കള്‍ ചെയ്താലും ശരി. പെണ്‍ഭ്രൂണഹത്യക്ക് എതിരെ തന്റെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് മുത്ത്വലാഖ് വിഷയവും. ഫോണിലൂടെയും മറ്റും ത്വലാഖ് ചൊല്ലി മുസ്ലിം സ്ത്രീകളുടെ ജീവിതം നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്നും മോഡി പറഞ്ഞു.

മുത്ത്വലാഖിനെ ഹിന്ദുമുസ്ലിം പ്രശ്‌നമായോ ബിജെപിയും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നമായോ മാറ്റുവാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. ഇതിനെ വോട്ടുബാങ്ക് രാഷ്ട്രീയമായി ഉപയോഗിക്കാനും ശ്രമം നടക്കുന്നുണ്ട്. ചില പാര്‍ട്ടികള്‍ മുസ്ലിം സ്ത്രീകള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ അടുത്ത ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മോഡി സംസ്ഥാനത്ത് എത്തുന്നത്.

Latest